ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പ്രതിക്കൂട്ടിലാക്കാന്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസിന് തന്നെ പണികിട്ടി. ഇറാഖില്‍ 39 ഇന്ത്യക്കാരെ ഐസിസ് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കോണ്‍ഗ്‌സ് ട്വീറ്റ്. കോണ്‍ഗ്രസ് ട്വിറ്ററില്‍ നടത്തിയ അഭിപ്രായ സര്‍വെയാണ് അവര്‍ക്ക് തന്നെ പാരയായി മാറിയത്. സുഷമ സ്വരാജ് റീട്വീറ്റ് ചെയ്തു. സംഭവം തിരിച്ചടിച്ചതോടെ കോണ്‍ഗ്രസ് ട്വീറ്റ് പിന്‍വലിച്ചു.
ഇറാഖില്‍ 39 പേര്‍ കൊല്ലപ്പെട്ടത് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഏറ്റവും വലിയ പരാജയമായി നിങ്ങള്‍ കരുതുന്നുണ്ടോ എന്ന ചോദ്യമായിരുന്നു കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ഉയര്‍ത്തിയത്. കോണ്‍ഗ്രസിന്റെ ഐ.ടി സെല്ലായിരുന്നു സര്‍വേയ്ക്ക് പിന്നില്‍. ഇന്ത്യ സ്പീക്ക്‌സ് എന്ന ഹാഷ് ടാഗും ഇതോടൊപ്പം നല്‍കി. ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം പാര്‍ലമെന്റില്‍ സുഷമ പ്രഖ്യാപിച്ചതു മുതല്‍ അവര്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ഇന്ത്യക്കാര്‍ മരിച്ച വിവരം സുഷമ മറച്ചുവച്ചു എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
Do you think the death of 39 Indians in Iraq is Sushma Swaraj’s biggest failure as Foreign Minister? #IndiaSpeaks
— Congress (@INCIndia) March 26, 2018
എന്നാല്‍ കോണ്‍ഗ്രസിനെ ഞെട്ടിപ്പിക്കുന്ന ഫലമാണ് സര്‍വെയില്‍ ലഭിച്ചത്. സര്‍വെയില്‍ പങ്കെടുത്ത 76 ശതമാനം ആളുകളും സുഷമയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. 24 ശതമാനം ആളുകള്‍ മാത്രമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. 33879 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്.
ഈ ട്വീറ്റ് ശ്രദ്ധയില്‍പെട്ട സുഷമ സ്വരാജ് അത് റീട്വീറ്റ് ചെയ്തു. ഇതോടെ വെട്ടിലായ കോണ്‍ഗ്രസ് പിന്നീട് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
Post Your Comments