ദമ്മാം•കഠിനമായ ജോലിയും കഷ്ടപ്പാടും കാരണം ജോലിസ്ഥലത്തിൽ നിന്നും അഭയകേന്ദ്രത്തിൽ എത്തപ്പെട്ട വീട്ടുജോലിക്കാരി നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിനിയായ നാജേശ്വരിയാണ് ദുരിതപ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസങ്ങൾക്ക് മുൻപ് സൗദി അറേബ്യയിലെ റിയാദിൽ ഒരു സൗദിയുടെ വീട്ടിലാണ് നാജേശ്വരിയെ ജോലിയ്ക്കായി കൊണ്ട് വന്നത്. മൂന്നു നിലയുള്ള ആ വലിയ വീട്ടിലെ പാചകവും, ക്ളീനിങ്ങും ഉൾപ്പെടെ എല്ലാ ജോലിയും അവർ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. രാപകൽ വിശ്രമമില്ലാതെ ജോലി ചെയ്ത തളർന്ന അവർ സ്പോൺസറോട് പരാതി പറഞ്ഞു. പരാതി സ്ഥിരമായപ്പോൾ, ശല്യം സഹിയ്ക്കാനാകാതെ സ്പോൺസർ അവരെ ദമ്മാമിലെ അയാളുടെ ഒരു ബന്ധുവിന്റെ വീട്ടിൽ ജോലിയ്ക്ക് കൊണ്ടാക്കി.
റിയാദിലെ വീടിനേക്കാൾ മോശമായിരുന്നു പുതിയ സ്ഥലത്തെ ജോലി സാഹചര്യങ്ങൾ. ആ വലിയ വീട്ടിലും രാപകൽ ഒറ്റയ്ക്ക് പണി ചെയ്യേണ്ടി വന്നു എന്ന് മാത്രമല്ല, അവിടത്തെ വീട്ടുകാരിയുടെ നിരന്തരമായ ശകാരവും, ദേഹോപദ്രവവും സഹിയ്ക്കേണ്ടി വന്നതായി നാജേശ്വരി പറഞ്ഞു. സഹികെട്ടപ്പോൾ ആരുമറിയാതെ ആ വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.
വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് നാജേശ്വരി വിവരങ്ങളൊക്കെ പറഞ്ഞു സഹായം അഭ്യർത്ഥിച്ചു. മഞ്ജു മണിക്കുട്ടൻ നാജേശ്വരിയുടെ സ്പോൺസറെ ഫോണിൽ ബന്ധപ്പെട്ടു ഒത്തുതീർപ്പ് ചർച്ചകൾ നടത്തി നോക്കിയെങ്കിലും അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. തുടർന്ന് മഞ്ജു, ഇന്ത്യൻ എംബസ്സി വഴി നാജേശ്വരിയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികാരികൾ വഴി ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു. നാജേശ്വരിയുടെ ബന്ധുക്കൾ വിമാനടിക്കറ്റ് അയച്ചു കൊടുത്തു.
സഹായിച്ചവർക്ക് നന്ദി പറഞ്ഞു നാജേശ്വരി വീട്ടിലേയ്ക്കു മടങ്ങി.
Post Your Comments