ദുബായ് : മരുന്നുകള്‍ക്കു മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഏതെങ്കിലും ഫാര്‍മസി ഈ പേരില്‍ നിരക്ക് ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം. വാറ്റ് ഇനത്തില്‍ പൊതുജനങ്ങളില്‍നിന്നു പണം ഈടാക്കുന്നുണ്ടോ എന്നറിയാന്‍ ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്ടിഎ) യുമായി സഹകരിച്ചു ഫാര്‍മസികളില്‍ ഊര്‍ജിത പരിശോധന നടത്തുമെന്നു പൊതു ആരോഗ്യ, ലൈസന്‍സ് വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന് ഹുസൈന് അല്‍ അമീരി പറഞ്ഞു. ന്യായവില നിശ്ചയിച്ചാണു മന്ത്രാലയം മരുന്നുകള്‍ വിപണിയിലെത്തിക്കുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഏതെങ്കിലും ഫാര്‍മസി അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ മന്ത്രാലയത്തെ അറിയിക്കണം. മരുന്നുകള്‍ക്കു മാത്രമല്ല മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുമ്പോഴും വാറ്റ് നല്‍കേണ്ടതില്ല. വാറ്റ് സംബന്ധിച്ചു 2017 ലെ 56-ാം നമ്പര്‍ മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഔഷധങ്ങളെ നികുതിയില്നിന്നൊഴിവാക്കിയത്.
ലൈസന്‍സ് ഇല്ലാത്ത ഫാര്‍മസിസ്റ്റുകളെയും പിടികൂടും
മരുന്നുകള്‍ക്കു നികുതി ഈടാക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യമന്ത്രാലയത്തിലോ എഫ്ടിഎയിലോ പരാതി നല്‍കാം. ലൈസന്‍സ് ഇല്ലാതെ ഫാര്‍മസിസ്റ്റ് ആയി ജോലിചെയ്യുന്നവരെയും പിടികൂടും.
Post Your Comments