നെടുങ്കണ്ടം : പ്രിയ സുഹൃത്തിന്റെ വേർപാടറിയാതെ ഫെയ്സ് ബുക്കിൽ കൂട്ടുകാരുടെ ജന്മദിനാശംസകൾ. ബന്ധുവീട്ടിൽ അവധി ആഘോഷിക്കാനെത്തി തടയണയിൽ വീണു മരിച്ച ടിജിന്റെ 25–ാം ജന്മദിനം തിങ്കളാഴ്ചയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊട്ടാരക്കര കരിക്കം സ്വദേശി ടിജിൻഭവനിൽ തോമസിന്റെ മകൻ ടിജിൻ (25) തടയണയിൽ വീണു മരിച്ചത്. ആശംസകൾ നേരാൻ താമസിച്ചതിനാൽ ക്ഷമാപണത്തോടെയാണ് പലരും ജന്മദിനാശംസകൾ നേർന്നത്.
തേർഡ് ക്യാമ്പിന് സമീപം സഖാവുപാറയിൽ പഞ്ചായത്ത് നിർമിച്ച തടയണയിൽ കാൽവഴുതി വീണാണ് മരണം സംഭവിച്ചത്. മരണം നടന്നതറിയാതെയാണ് സുഹൃത്തുക്കൾ കൂട്ടുകാരനു ഫെയ്സ് ബുക്കിൽ ജന്മദിനാശംസകൾ നേർന്നുകൊണ്ടിരുന്നത്. മരിക്കുന്നതിനു നിമിഷങ്ങൾക്ക് മുൻപ് കൂട്ടുകാർക്കൊപ്പം സെൽഫിയും എടുത്തശേഷമാണ് നീന്തുന്നതിനായി ടിജിൻ തടയണയിലേക്ക് ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഡാമിൽ ജലനിരപ്പ് വർധിച്ചിരുന്നതിനാൽ ജലം ഒഴുക്കി കളഞ്ഞിരുന്നു.
ഇതിനുശേഷം കഴിഞ്ഞ ദിവസം മേഖലയിൽ മഴ പെയ്തതിനെ തുടർന്നാണ് വീണ്ടും ജലനിരപ്പ് ഉയർന്നത്. ഡാമിലെ ചെളിയിൽ കാൽ കുടുങ്ങിയതാണ് മരണത്തിനും കാരണമെന്നാണ് പ്രാഥമിക നിഗമനം. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്റെ ആഘാതത്തിലാണ് തേർഡ് ക്യാമ്പ് നിവാസികൾ. കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments