Latest NewsNewsIndia

വിദ്യാനികേതന്‍ സ്‌കൂളുകള്‍ക്കെതിരായ നീക്കം : സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: വിദ്യാനികേതന്‍ സ്‌കൂളുകള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. എന്‍ഐഒഎസ് പദ്ധതിക്ക് കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരം സ്ഥാപനങ്ങളെ വിദ്യാലയങ്ങളായി തന്നെ പരിഗണിക്കണമെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

എന്‍ഐഒഎസ് വിദ്യാഭ്യാസ പദ്ധതി പ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അടച്ച് പൂട്ടല്‍ നോട്ടീസ് നല്‍കിയിരുന്നു. ഭാരതീയ വിദ്യാനികേതന് കീഴില്‍ വനവാസി മേഖലയിലടക്കം പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ ഇത് ബാധിക്കുമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം എന്‍ഐഒഎസ് പദ്ധതിക്ക് കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ഇനി മുതല്‍ നിര്‍ബന്ധമില്ല.

ഇത്തരം സ്‌കൂളുകളെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലെ തന്നെ പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്തവര്‍ക്ക് പ്രാഥമിക തലം മുതല്‍ എട്ടാം തരം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കുകയും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയുമാണ് എന്‍ഐഒഎസ് വിദ്യാഭ്യാസ പദ്ധതി. ഇത് പ്രകാരം രാജ്യത്തെ പിന്നോക്ക മേഖലയില്‍ പതിനായിരക്കണക്കിന് സ്‌കൂളുകളാണ് ഭാരതീയ വിദ്യാനികേതന്‍ നടത്തി പോരുന്നതും.

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയും ഇത്തരം ഒരു നീക്കം നടത്തിയിരുന്നു. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസ്ഥാനത്തെ ഒരു സ്‌കൂളില്‍ റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിവാദ ഉത്തരവ് ഇറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button