മനാമ: ബഹറിനിലേക്ക് മയക്കു മരുന്ന് കടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 5 വര്‍ഷം തടവും 3000 ദിനാര്‍ പിഴയുമാണ് 22 കാരനായ പാക്കിസ്ഥാനി സ്വദേശിക്ക് ബഹറിന്‍ ഹൈ ക്രിമിനല്‍ കോടതി വിധിച്ചത്. മയക്കുമരുന്നു കടത്തല്‍, മയക്കു മരുന്ന് കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയത്.
2017 മാര്‍ച്ച് 28ന് ബഹറിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അധികൃതര്‍ പ്രതിയെ പിടികൂടിയത്. അച്ചാറില്‍ ഒളിപ്പിച്ച നിലയില്‍ പാക്കിസ്ഥാനില്‍ നിന്നും ബഹറിനിലേക്ക് മയക്കു മരുന്നു കടത്താനായിരുന്നു ഇയാളുടെ ശ്രമം. പരിശോധനക്കിടെ പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബഹ്റൈന്‍ എയര്‍ പോര്‍ട്ടിലെ ഉദ്യോഗസ്ഥന്‍ വീണ്ടും ലഗേജ് സ്‌കാന്‍ ചെയ്ത് സൂക്ഷമമായി പരിശോധിച്ചപ്പോഴാണ് അച്ചാര്‍ പാത്രത്തില്‍ മയക്കുമരുന്നുള്ളതായി കണ്ടെത്തിയത്.
ഷാബു എന്നറിയപ്പെടുന്ന 180 ഗ്രാം മെതാംഫെറ്റമിനാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. പാക്കിസ്ഥാനില്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഈ മയക്കു മരുന്ന് ഒരു പാക്കറ്റിന് 400 ദിനാര്‍ (ഏകദേശം 70,000 രൂപ) എന്ന നിരക്കിലാണ് ബഹറിനില്‍ ആവശ്യക്കാര്‍ക്ക് താന്‍ വിതരണം ചെയ്തിരുന്നതെന്നും 4 വര്‍ഷത്തോളമായി താനിത് തുടരുകയായിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
Post Your Comments