Latest NewsKeralaNews

പെയിന്റിങ് രംഗത്തും സജീവമായി കുടുംബശ്രീ വനിതകള്‍

എറണാകുളം: മാറ്റത്തിന്റെ മാറ്റൊലി കൂട്ടി വീണ്ടും കുടുംബശ്രീ പ്രവര്‍ത്തകര്‍. കുടുംബം നോക്കാന്‍ മാത്രമല്ല പെയിന്റിങ്ങും ന്നനായി അറിയാമെന്ന് കാട്ടിത്തരികയാണ് നിറക്കൂട്ട് പെയിന്റിങ് എന്ന പേരില്‍ എറണാകുളം ജില്ലയില്‍ രൂപീകരിച്ച പുതിയ യൂണിറ്റ്. രണ്ടു വര്‍ഷം മുമ്പാണ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ ഇരുപതോളം ഫ്ളാറ്റുകളില്‍ പെയിന്റിങ് ജോലി ഏറ്റെടുത്തതോടെ 25 ലക്ഷം രൂപയോളം വരുമാനമാണ് അവര്‍ നേടിയത്. എല്ലാ ജില്ലകളിലും പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള അയല്‍ക്കൂട്ട വനിതകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇതു പ്രകാരം കോട്ടയം ജില്ലയില്‍ പുതിയ യൂണിറ്റുകള്‍ തുടങ്ങുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്കു പരിശീലനവും നല്‍കി.

സംരംഭം തുടങ്ങുന്നതിനാവശ്യമായ വായ്പയും സബ്സഡിയും നല്‍കുന്നതോടൊപ്പം നൂതനമായ പദ്ധതികള്‍ക്കുള്ള ഇന്നവേഷന്‍ ഫണ്ടും നല്‍കും. പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണു കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതാണു പുതിയ പദ്ധതി. തുടര്‍ന്നാണ് എല്ലാ ജില്ലകളിലും ഇത്തരം യൂണിറ്റുകള്‍ തുടങ്ങാനുള്ള തീരുമാനമായത്. ജില്ലയിലെ അയല്‍ക്കൂട്ട വനിതകളില്‍നിന്നും അഭിമുഖത്തിലൂടെ അഭിരുചിയും താല്‍പര്യവുമുള്ളവരെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതു പ്രകാരം വാഴക്കുളം, വെങ്ങോല എന്നിവിടങ്ങളില്‍നിന്നു തിരഞ്ഞെടുത്ത പത്തു വനിതകള്‍ക്ക് പെയിന്റിങ്ങിലും അനുബന്ധകാര്യങ്ങളിലും രണ്ടു മാസത്തെ തീവ്ര പരിശീലനം നല്‍കി.

Also Read : പി.സി ജോര്‍ജ് മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ എം.എല്‍.എ ഹോസ്റ്റല്‍ ക്യാന്റീന്‍ ജീവനക്കാരന് കുടുംബശ്രീക്കാര്‍ നല്‍കിയത് എട്ടിന്റെ പണി

ഇതിനുശേഷം ഇവരില്‍നിന്നും സംരംഭം ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച അഞ്ചു പേരെ ഉള്‍പ്പെടുത്തി നിറക്കൂട്ട് എന്ന പേരില്‍ സംരംഭം ആരംഭിക്കുകയായിരുന്നു. പുരുഷന്‍മാര്‍ ചെയ്യുന്നതു പോലെ ഉയരമുള്ള കെട്ടിടങ്ങളില്‍ വടം കെട്ടി അതില്‍ നിന്നുകൊണ്ടു പെയിന്റ് ചെയ്യാനും ഇവര്‍ക്കു കഴിയും. പ്രതിദിനം ആയിരം രൂപയ്ക്കടുത്താണ് ഓരോ യൂണിറ്റ് അംഗത്തിന്റെയും വരുമാനം. പുതിയ വര്‍ക്കുകള്‍ ഏറ്റെടുക്കുന്നതിനായി സൈറ്റുകള്‍ നേരില്‍ കണ്ട് അളവെടുക്കുന്നതും ക്വട്ടേഷന്‍ നല്‍കുന്നതുമെല്ലാം യൂണിറ്റ് അംഗങ്ങള്‍ നേരിട്ടാണ്. ബഹുനില കെട്ടിടങ്ങളുടെ വര്‍ക്ക് ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് ഇവര്‍ പുറത്തുനിന്നു വിദഗ്ധരുടെ സഹായം തേടുന്നത്.

സംസ്ഥാനത്തു കുടുംബശ്രീയുടെ കീഴില്‍ രൂപീകരിക്കുന്ന പെയിന്റിങ് യൂണിറ്റുകള്‍ക്കു പുറത്തെ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു ലഭിക്കുന്ന വര്‍ക്കുകള്‍ക്കു പുറമേ, സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പെയിന്റിങ് ജോലിയും ലഭിക്കും. സംസ്ഥാനത്ത് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലുമായി രണ്ടര ലക്ഷത്തോളം ഭവനങ്ങളാണു നിര്‍മിക്കുക. ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന അവസരത്തില്‍ ഈ മേഖലയില്‍ പെയിന്റിങ്ങുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബൃഹത്തായ തൊഴില്‍ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്താന്‍ കുടുംബശ്രീ ലക്ഷ്യമിടുന്നു. ഇതോടൊപ്പം പെയിന്റിങ് യൂണിറ്റുകള്‍ക്കു കൂടുതല്‍ തൊഴില്‍ അവസരങ്ങളും വരുമാനവും ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായുള്ള സംയോജനവും കുടുംബശ്രീ ഉറപ്പു വരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button