ഇന്ദോര്‍: മധ്യപ്രദേശിലെ 2.5 ലക്ഷത്തോളം കന്നുകാലികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ രേഖയായി. ആധാറിന് സമാനമായ 12 അക്ക നമ്പറാണ് കന്നുകാലികള്‍ക്കും നല്‍കിയിട്ടുള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കന്നുകാലികളുടെ വയസ്, വര്‍ഗം, സ്വഭാവ സവിശേഷതകള്‍ തുടങ്ങിയവ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താം.
കന്നുകാലികളുടെ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കും. അനധികൃത വില്‍പ്പന, കള്ളക്കടത്ത്, ഉപേക്ഷിക്കല്‍ എന്നിവ തടയുകയാണ് ഇതിന്റെ ലക്ഷ്യം. ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ പദ്ധതി പ്രകാരമാണ് കന്നുകാലികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിട്ടുള്ളത്. കന്നുകാലികളുടെ സുരക്ഷയും ക്ഷീരോത്പാദനവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ദേശവ്യാപകമായ പദ്ധതിയുടെ ഭാഗമായാണ് കന്നുകാലികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ 2.5 ലക്ഷം കന്നുകാലികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കി. രണ്ടാം ഘട്ടത്തില്‍ പദ്ധതി വ്യാപകമാക്കും. മധ്യപ്രദേശിലെ 90 ലക്ഷത്തോളം കന്നുകാലികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയാണ് ലക്ഷ്യം. കന്നുകാലികളുടെ ഉത്പാദന ക്ഷമതയും ഉടമയുടെ വരുമാനവും വര്‍ധിപ്പിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്.
Post Your Comments