Latest NewsKerala

മകനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഗോമതി

മൂന്നാര്‍: മകനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പൊമ്പിളൈ ഒരുമ നേതാവ് ഗോമതി. മകനെതിരായ പരാതി സിപിഎമ്മിന്‍റെ പകപോക്കലാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇവർ ആരോപിക്കുന്നു. തന്നെ വേശ്യയും ചാരപ്പണിക്കാരിയുമായി ചിത്രീകരിച്ച അതേ രീതിയില്‍ തന്നെയാണ് മകനെയും കുടുക്കിയത്. നേരത്തെ പ്രണയത്തിലായിരുന്നു മകനെയും പെണ്‍കുട്ടിയെയും പ്രായപൂര്‍ത്തിയായാല്‍ വിവാഹം ചെയ്യാമെന്ന് ധാരണയുണ്ടാക്കിയിരുന്നു എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം സിപിഎമ്മിന്‍റെ ചട്ടുകമാവുകയാണെന്നും ഗോമതി ഫേസ്ബുക്കിൽ കുറിക്കുന്നു.

16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് ഗോമതിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രാകാരം കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

ALSO READ ;ആക്രമണങ്ങൾ കുറയ്ക്കാന്‍ പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ട്‌സിനെ ഒഴിവാക്കണമെന്ന് ബിജെപി എംഎൽഎ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ;

ഞാൻ ഗോമതി മൂന്നാറിലെ KDHP കമ്പനിയിലെ തൊഴിലാളി ആയിരുന്നു. നന്നായി കൊളുന്തെടുക്കുന്ന ( പണിയെടുക്കുന്ന) നല്ല തൊഴിലാളി ആയിരുന്നു കമ്പനിക്ക് എങ്കില്‍ , നന്നായി മുദ്രാവാക്യം വിളിക്കുന്ന നല്ല പ്രവര്‍ത്തക ആയിരുന്നു യൂണിയന്‍. മൂന്ന് ആണ്‍മക്കളുടെ അമ്മയായ ഉത്തമയായ വീട്ടമ്മയും ആയിരുന്നു.

യുണിയനെ എതിര്‍ത്തുകൊണ്ട് ബോണസിനും കൂലിക്കുമായി സമരം ചെയ്ത അന്നുമുതല്‍ ഗോമതി വേശ്യയായി , ബോണസ് വര്‍ദ്ധനവും കൂലി വര്‍ദ്ധനവും ആവശ്യപ്പെട്ട് നടന്ന പെണ്‍പിള ഒരുമെ സമരം വിജയിച്ചപ്പോള്‍ യൂണിയനുകളുടെ ശത്രുത കൂടി. ഗോമതി AIADMK യിൽ പണം വാങ്ങി കേരളത്തെ തമിള്‍ നാടിന് ഒറ്റുകൊടുക്കുന്ന ഒറ്റുകരിയും ആയി.

പിന്നീട് ഉണ്ടായ പഞ്ചായത്ത് ഇലക്ഷനില്‍ വേശ്യയും ദേശത്തെ ഒറ്റിയവളുമായ ഗോമതിയെ മക്കള്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി ജയിപ്പിച്ചു . എന്നാല്‍ മക്കള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് കരുതിയ എന്നെ ഒറ്റപെടുത്തി ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യം CPM സൃഷ്ടിച്ചപ്പോള്‍ ഒന്നു ചെയ്യാനാവാതെ ഒരു ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി ഇരിക്കാന്‍ വയ്യാതെ എന്റെ പേരില്‍ കൊടുത്ത കള്ളകേസുകള്‍ പിന്‍വലിക്കാം എന്ന ധാരണയില്‍ ഞാന്‍ CPM ല്‍ ചേര്‍ന്നു.

CPM ല്‍ ചേരുമ്പോള്‍ ഗോമതിക്ക് പ്രത്യേകം ഒരു ടേബിളും ഗോമതി മക്കള്‍ക്കായി ചെയ്യണമെന്ന് പറയുന്ന കാര്യങ്ങള്‍ക്ക് പ്രത്യേക പരിഗണനയും വാഗ്ദാനം ചെയ്യെപെട്ടെങ്കിലും CPM കാരിയായ ഗോമതിക്ക് നേരിടേണ്ടി വന്നത് പഴയ അതെ അവസ്ഥ തന്നെയാണ്. വോട്ട് ചെയ്ത മക്കള്‍ക്കായി ഒന്നും ചെയ്യാനാവാത്ത വേദനയില്‍ CPM ല്‍ ചേര്‍ന്ന എനിക്ക് കൂടെ സമരം ചെയ്ത പെണ്‍പിള ഒരുമൈ പ്രവര്‍ത്തകരോടും ഞാന്‍ ചെയ്യുന്നത് തെറ്റ് എന്ന് മനസിലാക്കി CPM വിട്ട് വീണ്ടും പെണ്‍പിള ഒരുമൈക്ക് ഒപ്പം ചേര്‍ന്നു.

ഓരൊ തൊഴിലാളി കുടുംബത്തിനും ഒരേക്കര്‍ ഭൂമിക്കായി അഞ്ചു തലമുറയായി ജീവിക്കുന്ന ഭൂമിയില്‍ സമരം ചെയ്യാന്‍ പെണ്‍പിള ഒരുമൈ തീരുമാനിക്കുന്ന സമയത്ത് CPM മന്ത്രി MM മണി പെണ്‍പിള ഒരുമൈ പ്രവര്‍ത്തകരെ ഒന്നാകെ അപമാനിക്കുന്നു. എംഎം മണി രാജിവെക്കണം എന്നാവശ്യപ്പെട്ട് മൂന്നാറില്‍ സമരം തുടങ്ങി . ഞങ്ങള്‍ നിരാഹാര സമരം നടത്തി പട്ടിണി കിടന്ന് ചത്താലും MM മണി മാപ്പുപറയുകയൊ രാജിവെക്കുകയൊ ചെയ്യില്ലെന്നും CPM എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അതിന്റെ മന്ത്രിക്ക് ദലിതരായ തമിളരായ തൊഴിലാളികള്‍ ഇല്ലാതാവുന്നത് സന്തോഷകരം ആവും എന്ന തിരിച്ചറിവില്‍ ഞങ്ങള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.

സമരപന്തലില്‍ കയറി ഞങ്ങളെ അക്രമിച്ച സിപിഎമ്മുകാര്‍ സമരം അവസാനിച്ചിട്ടും പ്രതികാര നടപടി തുടര്‍ന്നു. ഞാന്‍ താമസിക്കുന്ന മൂന്നാര്‍ കോളനിയിലെ വീട്ടില്‍ വിജിലന്‍സ് അന്വേഷിച്ചു വന്നു സ്വത്തു വിവരങ്ങള്‍ അന്വേഷിക്കാന്‍ , അന്വേഷണത്തില്‍ വിജിലന്‍സ് കിട്ടിയ കണക്കുകള്‍ പരസ്യപെടുത്തിയിരുന്നെങ്കില്‍ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സ്വത്തുവിവരങ്ങളെ കുറിച്ച് പൊതു സമൂഹത്തിന് ഒരു ധാരണ കിട്ടിയേനെ. മണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തെ തുടര്‍ന്ന് ഞങ്ങളെ മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ച് ടാറ്റാ നല്‍കിയ പരാതി ഹൈക്കോടതി തള്ളിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. TATA ക്ക്‌ വേണ്ടി CPM കേസുകൊടുക്കും TATA CPM നുവേണ്ടി കേസ് കൊടുക്കും.

തമിള് സംസാരിക്കുന്ന തമിള് പഠിക്കുന്ന മുന്നാറിലെ തോട്ടം തൊഴിലാളികള്‍ ജീവിക്കുന്ന, തോട്ടം തൊഴിലാളികള്‍ ജനപ്രതിനിധികള്‍ ആവുന്ന മൂന്നാറില്‍ ഭരണഭാഷ മലയാളമായി നിലനില്‍ക്കുന്നത് ഭരണവും ആയി അധികാരവും ആയി തമിള് അറിയുന്നവര്‍ ഇടപെടാന്‍ പാടില്ല എന്ന നിര്‍ബന്ധമാണല്ലൊ. അങ്ങനെ നിര്‍ബന്ധങ്ങള്‍ ഉള്ളവര്‍ക്കിടയില്‍ കുറച്ച് തമിള്‍ തോട്ടം തൊഴിലാളി സ്ത്രീകള്‍ ചത്താല്‍ എന്ത്. കേരളം മലയാളികളുടെ മാത്രം മാതൃഭൂമി എന്ന് നിങ്ങള്‍ വാശിപിടിക്കുമ്പോള്‍ അഞ്ച് തലമുറകളായി മൂന്നാറില്‍ ജീവിക്കുന്ന തമിളരുടെ മാതൃഭൂമി എതാണ് എന്ന പറയാനുള്ള ബാധ്യത ഭരണഭാഷ മലയാളം ആക്കല്‍ അജണ്ഡയാക്കിയവര്‍ക്ക് ഉണ്ട്.

ചുറ്റും നിന്ന് കൂട്ടത്തോടെ അക്രമിച്ചിട്ടും ഗോമതി ഇല്ലാതായില്ല കൂടുതല്‍ ശക്തമായി മക്കളുടെ വിഷയത്തില്‍ ഇടപെട്ടു വടയമ്പാടിയില്‍ ജാതി മതിലിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തു, ഹാദിയ എന്ന മുസ്ലീം സ്ത്രീയുടെ അവകാശത്തിന് ഒപ്പം നിന്ന് സംസാരിച്ചു , മൂന്നാറില്‍ തോട്ടി പണി ചെയ്യാന്‍ നിര്‍ബന്ധിക്കപെടുന്ന ചക്ലിയ വിഭാഗത്തില്‍ പെടുന്നവര്‍ നേരിടുന്ന ജാതിവിവേചനത്തെ കുറിച്ച് പറഞ്ഞു . അട്ടപ്പാടിയില്‍ ആദിവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനത്തെ കുറിച്ച്. നിര്‍ഭാഗ്യവശാല്‍ ഇടപെട്ടതൊക്കെയും ദലിതരുടേയും ആദിവാസികളുടെയും മുസ്ലീമിന്റെയും വിഷയത്തില്‍ ആയിരുന്നു. കേരളത്തിലെ RSS കാരായ CPM കാര്‍ക്ക് പക കൂടാന്‍ പ്രത്യേകം കാരണങ്ങള്‍ ഒന്നും ഇനി വേണ്ടല്ലൊ.

ഇന്നലെ എന്റെ 23 വയസുള്ള മൂത്ത മകനെ പോസ്കൊ നിയമം ചാര്‍ത്തി മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയുതു. 17 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ CPM കാരയത് സ്വഭാവികം. എനിക്ക് ഇക്കാര്യത്തില്‍ CPM കാരോടല്ല സംസാരിക്കാനുള്ളത്. സ്വന്തം മകളെ CPM ന്റെ പകപോക്കലിനായി ഉപയോഗിക്കുന്ന അച്ഛനമ്മമാരോടാണ്. നിങ്ങള്‍ മുന്നെ പ്രായപൂര്‍ത്തി ആവാത്ത മകളെ പ്രേമിച്ച് ശല്യം ചെയ്യുന്നു എന്നാരോപിച്ച് ചയില്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു .

അന്ന് നിങ്ങളോട് എന്റെ മകന്റെയും നിങ്ങളുടെ മകളുടേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരുടേയും മുന്നില്‍ വെച്ച് ഞാന്‍ പറഞ്ഞത് 18 വയസാകുമ്പോള്‍ ഇവക്ക് ഇവനെ ഇഷടമാണെങ്കില്‍ തിരിച്ചും, ഒന്നിച്ച് ജീവിക്കാന്‍ ഇഷ്ടമാണെങ്കില്‍ ഞാന്‍ വന്ന് പെണ്ണിനെ വിളിച്ചോണ്ട് പോകും എന്നാണ്. അതിന് ശേഷവും നിങ്ങളുടെ മകള്‍ പല തവണ എന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ അവള്‍ നല്‍കിയ പരാതി ആണിതെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങളുടെ മകള്‍ എന്റെ മകനോട് അച്ചനും അമ്മയും എന്നെ തല്ലികൊല്ലും എന്നെ വിളിച്ചോണ്ട് എങ്ങോട്ടേലും പോകുവോ എന്ന് കരഞ്ഞു കൊണ്ട് പറയുന്ന ഓഡിയൊ എന്റെ കയ്യിലുണ്ട് എന്നെ വ്യക്തിഹത്യ നടത്താനുള്ള CPM കാര്‍ക്കുള്ള ആയുദ്ധമായി നിങ്ങള്‍ നിങ്ങളുടെ മകളെ കാണുമ്പോള്‍ , ഞാനവളെ കാണുന്നത് സ്വന്തം ഇഷ്ടങ്ങളുള്ള ഒരു പെണ്‍കുട്ടി ആയാണ്. ഞാനെന്റെ മകനൊപ്പം നില്‍ക്കുമ്പോള്‍ നിങ്ങളുടെ മകള്‍ക്കൊപ്പവും അവര്‍ തമ്മിലുള്ള ഇഷ്ടത്തിനും ഒപ്പമാണ് നില്‍ക്കുന്നത്.

പോസ്കൊ നിയമം പ്രയോഗിക്കപ്പെട്ട മകന്റെ അമ്മ എന്ന് ഗോമതി നാളെ അപഹസിക്കപെടുമ്പോള്‍ ബിനീഷ് കോടിയേരിക്ക് പ്രായപൂര്‍ത്തി ആയതുകൊണ്ട് അയാള്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം കോടിയേരിക്ക് ഇല്ല എന്ന് പറഞ്ഞവര്‍ ആ പരിഗണന ഗോമതിക്ക് നല്‍കില്ലെന്ന് അറിയാവുന്നത് കൊണ്ട് ഒരു കാര്യം പറയാം. കോടിയേരിയുടെ മക്കള്‍ പാര്‍ട്ടി സെക്രട്ടറി എന്ന അച്ഛന്റെ അധികാരം ഉപയോഗിച്ച് നടത്തിയ തട്ടിപ്പുകള്‍ പോലെ ഗോമതിയുടെ മകന്‍ ഗോമതിയുടെ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് നിങ്ങളുടെ മകളെ പ്രണയിച്ചു അല്ലെങ്കില്‍ പീഡിപ്പിച്ചു എന്ന് നിങ്ങള്‍ക്ക് പറയാന്‍ അവില്ലല്ലൊ.
എനിക്ക് പതിനേഴ് വയസില്‍ ഉണ്ടായ മകനോട് പ്രായം പതിനെട്ട് ആയിട്ട് നീ പ്രണയിച്ചാല്‍ മതി എന്ന് പറയാനും എനിക്കാവില്ല .

ഏതെല്ലാം രീതിയില്‍ അപമാനപെടുത്തിയാലും ഒറ്റപെടുത്തിയാലും കേസില്‍ പ്രതിചേര്‍ത്താലും ഞാന്‍ വിളിച്ച് പറഞ്ഞുകൊണ്ടിരിക്കും ദലിതരും ആദിവാസികളും നേരിടുന്ന ജാതി വിവേചനത്തെ കുറിച്ച് , തമിളര്‍ നേരിടുന്ന വിവേചനത്തെ കുറിച്ച്. ഞങ്ങളെ ജാതിയമായി ഭാഷാപരമായി ഇല്ലാതാക്കി നിങ്ങള്‍ മൂന്നാറിലെ ഭംഗിയെ കുറിച്ചും തണുപ്പിനെ കുറിച്ചും ചായയുടെ കടുപ്പത്തെ കുറിച്ചും പറയണ്ട.
അഞ്ചു തലമുറകളായി ഞങ്ങളുടെ ചോരയാണത്. ഞങ്ങളൂടെ ഭൂമി. ആ ഭൂമിക്ക് മേലുള്ള അവകാശത്തെ കുറിച്ച് മക്കള്‍ക്കൊപ്പം നിന്ന് പറഞ്ഞുകൊണ്ടിരിക്കും. ചാവുന്നന്നത് വരെ അല്ലെങ്കില്‍ CPMകാര്‍ കൊല്ലുന്നതുവരെ .

മലയാളം വായിക്കാനും പറയാനും മാത്രമറിയുന്ന ഞാന്‍ ഒരു കുറിപ്പെഴുതാന്‍ പറയുന്ന കാര്യങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് തരാന്‍ ഒത്തിരി പേരുണ്ട് എന്നാല്‍ പഞ്ചായത്തിലെ ഒരു ഫോം ഫില്ല് ചെയ്യാന്‍ മുന്നാറിലെ ഓരോ തോട്ടം തൊഴിലാളിയും 100 രൂപ ഓരോ ഫോമിനും കൊടുക്കേണ്ടി വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button