Latest NewsArticleCinema KaryangalWriters' Corner

അടിയന്തരാവസ്ഥയുടെ ക്രൂരതകൾക്കു ചലച്ചിത്രഭാഷ്യം നല്‍കി പ്രദര്‍ശനത്തിനൊരുങ്ങുന്നു

കേരളത്തിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കുന്ന സൃഷ്ടിയെ കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് വിലയിരുത്തുന്നു

അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ച് ഒരു ചലച്ചിത്രം. അതും മലയാളത്തിൽ. തീർച്ചയായും ഒരു പ്രതീക്ഷ നൽകുന്ന സംരംഭം……. അത് ഇതാദ്യമായി എറണാകുളത്ത് ഇന്നലെ ( ശനിയാഴ്ച) പ്രദർശിപ്പിച്ചു. ’21 Months of Hell’. 21 മാസത്തെ പീഡനങ്ങളുടെ ആവിഷ്കാരം എന്ന് അതിനെ മലയാളത്തിൽ വിളിക്കാം. അറെയ്‌സ് മീഡിയ നെറ്റ്‌വർക്ക് ആണ് അത് അവതരിപ്പിച്ചത്. യദു വിജയകൃഷ്ണൻ സംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രൗഢ ഗംഭീരമായ ഒരു സദസാണ് ആദ്യ ഷോ ക്ക് എത്തിയിരുന്നത്. ആ ചിത്രത്തെ കുറിച്ച് എനിക്ക് ചില വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്, അത് പിന്നീട് പറയാം. എന്നാൽ ഈ ഉദ്യമത്തെ വാനോളം പുകഴ്ത്താതെ വയ്യതാനും. ഇതുപോലൊന്ന് ഉണ്ടായല്ലോ എന്നതാണ് ഏറെ പ്രധാനം……..

അടിയന്തരാവസ്ഥക്കാലത്ത് സംഘടനാ പ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്ന ഒരാളാണ് ഞാൻ; നിരോധിക്കപ്പെട്ട സംഘ പ്രസ്ഥാനത്തിന്റെ ഒരു എളിയ പ്രവർത്തകൻ എന്ന നിലക്ക്. കുറെയേറെ അനുഭവങ്ങൾ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. എന്നാൽ പോലീസിന്റെ ക്രൂരമായ ആക്രമണത്തിന് പൈശാചികമായ മർദ്ദനങ്ങൾക്ക് വിധേയരായ എത്രയോ പേർ. ഏഴായിരത്തോളം എന്നതാണ് ഒരു ഏകദേശ കണക്ക്. അതിൽ ഏതാണ്ട് ആയിരത്തോളം പേര് മരണമടഞ്ഞു. കുറേപ്പേർ ഇന്നും ജീവിക്കുന്നു……….. ജീവിതത്തോട് മല്ലിട്ടുകൊണ്ട്; ആരോഗ്യ പ്രശ്നങ്ങൾ, രോഗങ്ങൾ, ജീവിതം എവിടേക്ക് എന്നതറിയാത്തവർ……. എന്നാൽ അവരാരും ഒരിക്കലും എന്തെങ്കിലും ആനുകൂല്യം തേടി പ്രസ്ഥാനത്തിന്റെ പിന്നാലെ പോയിട്ടില്ല; ഈ പ്രസ്ഥാനത്തിന്റെ തണലിൽ നിന്ന് മാറാൻ തയ്യാറായതുമില്ല ; ആ കൊടിയും ചിന്തയും മറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. അത്തരക്കാരെ ഒന്നിച്ചുകൊണ്ടുവരാൻ കഴിഞ്ഞ കുറേമാസങ്ങളായി കേരളത്തിൽ ചില ശ്രമങ്ങൾ നടന്നിരുന്നു. അടിയന്തരാവസ്ഥയിൽ പ്രവർത്തിച്ചവരുടെ ഒരു കൂട്ടായ്മ. അന്ന് ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ കൊടുക്കണം എന്ന വാദഗതി അവർ ഉന്നയിച്ചിരുന്നു. ഉത്തരേന്ത്യയിൽ കുറെ സംസ്ഥാനങ്ങൾ അത് നൽകുന്നുണ്ട്; മധ്യപ്രദേശും മറ്റും. കേന്ദ്ര സർക്കാർ പക്ഷെ അത് പരിഗണിക്കാൻ തയ്യാറായിട്ടില്ല. കേരളത്തിലെ ഭരണകൂടമാവട്ടെ, ഇടതായാലും വലതായാലും, അതിന് അനുകൂലമല്ല. കോൺഗ്രസ് മുന്നണിക്ക് അത് ചിന്തിക്കാൻ കഴിയില്ല. കാരണം അവർ ജയിലിൽ അടച്ചവരും അവർ പീഡിപ്പിച്ചവരുമാണല്ലോ ഇവരൊക്കെത്തന്നെയും. ഇടതുപക്ഷത്തിന് പ്രശ്നം, അങ്ങിനെ ഒരു പെൻഷൻ അനുവദിച്ചാൽ അതിന്റെ ഗുണഭോക്താക്കൾ ആർഎസ്എസുകാരവും എന്നതാണ് ; സിപിഎം- കാർ അക്കാലത്തു വളരെക്കുറച്ചേ ജയിലിൽ ഉണ്ടായിരുന്നുള്ളൂ എന്നതാണ് പ്രശ്നം. അതുകൊണ്ടാണ് കേരളത്തിൽ അത് നടപ്പിലാവാത്തത് . സിപിഎം സർക്കാർ അതിന് തയ്യാറാവും എന്ന് കരുതാൻ കഴിയുകയുമില്ല.

ഇതൊക്കെയാണെങ്കിലും അടിയന്തരാവസ്ഥയിൽ ജയിലിലടക്കപ്പെട്ടവറം പ്രവർത്തിച്ചവരുമൊക്കെ ചേർന്ന് ഒരു സംഘടനയും മറ്റുമുണ്ടാക്കി മുന്നോട്ട് പോകുന്നു. വൈക്കം ഗോപകുമാർ, എം രാജശേഖരൻ, ആർ മോഹനൻ തുടങ്ങിയവർ അതിന്റെ മുന്നണിയിലുണ്ട്; കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ളവർ അവർക്കൊപ്പവും. ഈ വരുന്ന ആഗസ്റ്റ് പതിനഞ്ചിന് അടിയന്തരാവസ്ഥയിൽ സമരരംഗത്തുണ്ടായിരുന്നവരുടെ ഒരു സംഗമവും അവർ ആലോചിക്കുന്നു; അതിനുള്ള നീക്കങ്ങൾ നടക്കുന്നു. അത്തരമൊരു സാഹചര്യം കേരളത്തിൽ നിലവിൽ വന്നത് തന്നെയാവണം ഇത്തരമൊരു ചിത്രത്തിൻറെ നിർമ്മാണത്തെക്കുറിച്ചു ചിന്തിക്കാൻ പ്രേരകമായത് എന്ന് കരുതുന്നയാളാണ് ഞാൻ.

emergncy film

ഇനി സിനിമയിലേക്ക് വരാം. 1975 ജൂൺ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് മുതലാണ് നമ്മുടെ ഫിലിം, ’21 Months of Hell’, ആരംഭിക്കുന്നത്. പിന്നീടങ്ങോട് അക്കാലത്തെ അനുഭവങ്ങൾ പലരും പങ്കുവെക്കുന്നു. കെ രാമൻ പിള്ള, എം രാജശേഖരൻ, അനിയൻ കുഞ് , വൈക്കം ഗോപകുമാർ എന്നിവർ അതിൽ പ്രധാനികളാണ്. അവരുടെ ഓർമ്മകളിലൂടെയാണ് ആ ചിത്രം മുന്നോട്ട് നീങ്ങുന്നത്. അതിനൊപ്പം ആ കാലഘട്ടത്തിലെ പോലീസ് അതിക്രമങ്ങളും. അക്കാലത്ത് പോലീസ് നടത്തിയത് ക്രൂരമായ അതിക്രമങ്ങൾ ആയിരുന്നു എന്നത് സൂചിപ്പിച്ചുവല്ലോ. ജയറാം പടിക്കൽ, ലക്ഷ്മണ, പുലിക്കോടൻ നാരായണൻ തുടങ്ങിയ ചില പോലീസ് ഓഫീസർമാർ അക്കാലത്തു കുപ്രസിദ്ധിയാർജിച്ചതാണ്‌ . അതുപോലെ അനവധിപേർ. ആർഎസ്എസുകാർക്കെതിരെ ആർക്കും എന്തും ചെയ്യാം എന്നതായിരുന്നു പ്രതീതി. അവരുടെയൊക്കെ മുഖഭാവമുള്ളവർ ആർഎസ്എസ് -ജനസംഘം പ്രവർത്തകർക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ അതിന്റെ ഗൗരവം ചോരാതെ അവതരിപ്പിച്ചിട്ടുണ്ട്. ‘ഇങ്ങനെയൊക്കെ നടക്കുമോ’ എന്നത് ഇന്നത്തെ തലമുറ ആലോചിക്കുന്നുണ്ടാവണം, ചോദിക്കുന്നുണ്ടാവണം. തീർച്ചയായും ഇത് ഒരു മുതൽക്കൂട്ടാണ്………….. അതൊന്നും കേൾക്കാത്തവർക്ക്, കാണാത്തവർക്ക് ഇത് ആ കാലഘട്ടത്തിന്റെ യഥാർത്ഥ ചിത്രം കാണിച്ചുകൊടുക്കുന്നു.

ഇത് കുറേക്കൂടി നന്നാക്കാമായിരുന്നില്ലേ, മികവുറ്റതാക്കാമായിരുന്നില്ലേ എന്നതാണ് എന്റെ മനസ്സിൽ തോന്നിയ സംശയം. ഇന്നത്തെ ഇന്ത്യൻ ജനതയിൽ ഏതാണ്ട് 30 ശതമാനം 15 വയസിൽ താഴെയുള്ളവരാണ്. 40 വയസ്സിൽ താഴെയുള്ളവർ ഏതാണ്ട് 50 ശതമാനം വരും. അതായത് അവരാരും അടിയന്തരാവസ്ഥ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല; കേട്ടിട്ടേയുള്ളൂ. കേൾക്കാത്തവരും ഇന്നത്തെ പുതുതലമുറയിൽ ഉണ്ടാവും. അവർക്കായി എന്താണ് അടിയന്തരാവസ്ഥ, അത് എന്തുകൊണ്ട് നിലവിൽ വന്നു, അതിലേക്ക് ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ച രാഷ്ട്രീയ ഘടകങ്ങൾ എന്തൊക്കെ….. റായ് ബറേലി തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയത്, രാജ്യമെമ്പാടും ജെപിയുടെയും മറ്റും അനുഗ്രഹാശിസുകളോടെ ജനസംഘവും എബിവിപിയും മറ്റും ചേർന്ന് നടത്തിവന്നിരുന്ന അഴിമതി വിരുദ്ധ സമരങ്ങൾ, അത് ഗുജറാത്തിലും ബീഹാറിലുമുണ്ടാക്കിയ അലയടികൾ……….. അതൊക്കെയാണ് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ദിരാഗാന്ധിയെ കൊണ്ടുചെന്നെത്തിച്ചത്. ഇന്നത്തെ അനവധിപ്രമുഖ രാഷ്ട്രീയനേതാക്കൾ ആ പ്രക്ഷോഭത്തിലൂടെ പൊതുമണ്ഡലത്തിൽ എത്തിയവരാണ് എന്നതോർക്കുക. ഈ വസ്തുതകൾ ആമുഖമായി കൂടുതൽ വ്യക്തതയോടെ ചിത്രത്തിൽ പറയാമായിരുന്നു. 1977- ലെ ലോകസഭാ തിരഞ്ഞെടുപ്പോടെ ആ ചലച്ചിത്രം അവസാനിക്കുകയാണ്. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തറപറ്റി…… ഇന്ദിര ഗാന്ധി അടക്കം പരാജയപ്പെട്ടു. ജനത പാർട്ടി സർക്കാർ അധികാരത്തിലേറി. ജനസംഘക്കാർ ഇതാദ്യമായി ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാഗമായി. ഇന്ത്യയൊട്ടാകെ വലിയരാഷ്ട്രീയ മാറ്റമാണുണ്ടായത്. എന്താണ് യഥാർഥത്തിൽ അതിന് കാരണമായത്?. ഒരു സംശയവും വേണ്ട, അതിന് വഴിവെച്ചത് രാജ്യവ്യാപകമായി ആയിരക്കണക്കായ ആർഎസ്എസ്- ജനസംഘം പ്രവർത്തകർ അറസ്റ്റ് വരിച്ചതും മർദ്ദനങ്ങൾ ഏറ്റുവാങ്ങിയതും ജനാധിപത്യം സ്ഥാപിക്കാനായി ഒളിവിലും മറ്റും പ്രവർത്തിച്ചതുമാണ്. രാജ്യത്ത് എന്തൊക്കെയാണ് നടന്നിരുന്നതെന്ന് ജനഹൃദയത്തിലേക്ക് എത്തിക്കാൻ അന്ന്, അടിയന്തരാവസ്ഥയിൽ, സംഘ പ്രസ്ഥാനങ്ങൾക്കായിരുന്നു……….. ലഘുലേഖകളിലൂടെയും ജന സമ്പർക്കത്തിലൂടെയും മറ്റും. അതാണ് യഥാർഥത്തിൽ ജനങ്ങളെ ചിന്തിപ്പിച്ചത്. അതുതന്നെയാണ് ജനതാപാർട്ടിയെ അധികാരത്തിലേറ്റിയതിലെ പ്രധാനഘടകം. ആ കാളരാത്രികളിൽ നിഷ്ടൂരമായ മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ വ്യക്തികൾക്ക് എത്രമാത്രം ആശ്വസിക്കാൻ വകനൽകിയതാണ് ആ 1977 ലെ ആ ജനവിധി എന്നത് ആലോചിച്ചു നോക്കൂ. തങ്ങളുടെ ജീവിതം രാഷ്ട്രത്തിനുവേണ്ടി ഹോമിച്ചിട്ടാണ് ആ നേട്ടമുണ്ടായത്, ഇന്ത്യയിൽ ജനാധിപത്യം തിരിച്ചുവന്നത് എന്നത് അവർക്കൊക്കെ അഭിമാനിക്കാൻ വക നൽകിയിട്ടുണ്ട്. അത് ഈ ചിത്രത്തിൻറെ ഭാഗമാവേണ്ടതായിരുന്നില്ലേ. അതുപോലെതന്നെ പ്രധാനമാണ്, “മറക്കുക പൊറുക്കുക” എന്നതാണ് നമ്മുടെ മാർഗം എന്ന് അടിയന്തരാവസ്ഥക്ക് ശേഷം അന്നത്തെ സർസംഘചാലക് ബാലാസാഹെബ് ദേവറസ് പറഞ്ഞപ്പോൾ എല്ലാവരും ഒരേ മനസോടെ ശരിവെച്ചത്. ആലോചിച്ചുനോക്കൂ, ഈ ക്രൂരതയൊക്കെ സംഘ പ്രവർത്തകരോട് ചെയ്ത പോലീസുകാർ അന്നും ജീവിക്കുന്നുണ്ട്. അവരിൽ പലരുടെയും തലയിൽ അന്ന് തൊപ്പിയുമില്ല; സർവീസിൽ നിന്ന് റിട്ടയർ ചെയ്തിട്ടുണ്ട്. അവർക്ക് നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ രാജ്യമെന്പാടുമുണ്ടാക്കാൻ അക്കാലത്ത് സംഘപരിവാറിന് കഴിയുമായിരുന്നില്ലേ ?. പക്ഷ സംഘ നിർദ്ദേശപ്രകാരം മറക്കാനും പൊറുക്കാനുമാണ് അവർ തയ്യാറായത്. അതും ചിത്രത്തിന്റെ ഭാഗമാവേണ്ടതായിരുന്നില്ലേ?.

emergncy film

ആർഎസ്എസ് പ്രജ്ഞ പ്രവാഹ്‌ ദേശീയ സംയോജകൻ ജെ നന്ദകുമാർ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണത്തിന് പ്രേരകശക്തിയായത് എന്ന് സൂചിപ്പിച്ചുകണ്ടു. ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിജയകൃഷ്ണൻ ആണ്. അനവധി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. കെ രാമൻ പിള്ളയുടെ ജ്യേഷ്ഠന്റെ മകൻ. അദ്ദേഹത്തിന്റെ മകനാണ് സംവിധായകനായ യദു. അവരൊക്കെ അനുഭവസമ്പത്തിന്റെ കാര്യത്തിൽ കുറവ് ഉള്ളവർ എന്ന് കരുതാൻ പാടില്ല. ഒരു പക്ഷെ, ആ കാലഘട്ടത്തിലെ ക്രൂര മർദ്ദനങ്ങൾ ജനമധ്യത്തിൽ എത്തിക്കാൻ വേണ്ടിയാവാം ഈ ചിത്രം നിർമ്മിച്ചത്. അത്രമാത്രമേ അതുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ എന്നതാവാം കാരണം. ഇത്രയൊക്കെയാവുമ്പോൾ കുറച്ചുകൂടി നന്നാവമായിരുന്നു എന്ന് തോന്നിപ്പോകുന്നത് സ്വാഭാവികമാണ് താനും.

മാധ്യമ പ്രവർത്തകർക്കായുള്ള ഷോ ആയിരുന്നു അതെങ്കിലും പ്രമുഖരായ പലരുമെത്തിയിരുന്നു……..ഇന്നത്തെ നേതാക്കൾ, പഴയകാല പ്രവർത്തകർ, അങ്ങിനെ കുറേയേറെപ്പേർ. കെ രാമൻ പിള്ള, മുതിർന്ന മാധ്യമ പ്രവർത്തകൻ പി രാജൻ, കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെഎസ് രാധാകൃഷ്ണൻ, വൈക്കം ഗോപകുമാർ, എം രാജശേഖരൻ, അനിയൻ കുഞ് , ആർഎസ്എസ് പ്രാന്തീയ ശാരീരിക് പ്രമുഖായിരുന്ന അരവിന്ദാക്ഷൻ, ആർ മോഹനൻ, ഇ എൻ നന്ദകുമാർ, ജന്മഭൂമി മാനേജിങ് എഡിറ്റർ കെആർ ഉമാകാന്തൻ, പി സുന്ദരം, എ എൻ രാധാകൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർവി ബാബു, അമൃതഭാരതി സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ, ടി സതീശൻ, സിഎടിയിലെസെൻട്രൽ ഗവണ്മെന്റ് കോൺസൽ അഡ്വ എൻ അനിൽകുമാർ, അഡ്വ സി രാജേന്ദ്രൻ, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്‌ജെആർ കുമാർ, എംസി വത്സൻ, ഗ്രന്ഥകർത്താവ് ഷാബു പ്രസാദ്, നോവലിസ്റ്റ് വെണ്ണല മോഹനൻ, ശില്പ നായർ (ദുബായ്). അങ്ങിനെ പരിചയമുഖങ്ങൾ അനവധി; എല്ലാവരുടെയും പേരുകൾ പരാമര്ശിക്കുക പ്രയാസം, ഓർമ്മയിൽ വരാത്തത് പലതുമുണ്ടുതാനും, ക്ഷമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button