മുംബൈ : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ ചൂടുകാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ പ്രവചനം. മുംബൈ, പുണെ, നാസിക് എന്നിവിടങ്ങളില്‍ കടുത്ത ഉഷ്ണം അനുഭവപ്പെട്ടേക്കാമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. മുംബൈയിലും സമീപപ്രദേശങ്ങളിലും അന്തരീക്ഷ ഊഷ്മാവ് ഇപ്പോഴത്തെ നിലയില്‍നിന്ന് ആറു ഡിഗ്രി മുതല്‍ എട്ടു ഡിഗ്രി വരെ ഉയര്‍ന്നേക്കാം. പുണെയിലും നാസിക്കിലും നാലു ഡിഗ്രി മുതല്‍ ആറു ഡിഗ്രി വരെ ഉയരാനിടയുണ്ട്. അന്തരീക്ഷ ഊഷ്മാവ് 37 മുതല്‍ 39 വരെ എത്താം. വിദര്‍ഭ മേഖലയില്‍ ഇപ്പോള്‍ തന്നെ 40 ഡിഗ്രി ചൂടുണ്ട്.
രത്നഗിരി, താനെ എന്നീ തീരദേശ ജില്ലകളിലും കടുത്ത ചൂട് അനുഭവപ്പെട്ടേക്കാം. ചൂടിനു പുറമെ, അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതും കൂടുതല്‍ അസ്വസ്ഥതയ്ക്കു കാരണമാകാം.
സൂര്യാതപം: വേണം ജാഗ്രത
സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ സൂക്ഷിക്കണമെന്നു മുന്നറിയിപ്പുണ്ട്. പകല്‍ പരമാവധി നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യാവുന്നത്. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. പ്രത്യക്ഷമായി ദാഹം അനുഭവപ്പെട്ടില്ലെങ്കിലും വെള്ളം കുടിച്ചുകൊണ്ടിരിക്കാം. ശരീരത്തിലെ ലവണാംശം കുറയാതെ സൂക്ഷിക്കണം. അതേസമയം, സോഡ പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം.
മുന്‍വാരങ്ങളെ അപേക്ഷിച്ച് ഉഷ്ണം കുറഞ്ഞ ദിവസങ്ങളായിരുന്നു ഈ ആഴ്ച ഇതുവരെ. ഇന്നലെ കൂടിയ താപനില 32 ഡിഗ്രിയും കുറഞ്ഞ താപനില 26 ഡിഗ്രിയുമാണ് മുംബൈ നഗരത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഇത് യഥാക്രമം 38, 28 എന്നീ നിലകളില്‍ ആയിരുന്നു. ഫെബ്രുവരിയിലേക്കും നീണ്ട തണുപ്പിനു ശേഷമാണ് ആ മാസം രണ്ടാം വാരത്തോടെ നഗരവാസികള്‍ ഉഷ്ണത്തിന്റെ വരവറിഞ്ഞത്.
Post Your Comments