കമ്പ്യൂട്ടർ വന്നാൽ ജനങ്ങൾക്ക് ജോലി നഷ്ടപ്പെടുമെന്നും പറഞ്ഞു പ്രതിഷേധം ഒരുക്കിയ ഇടതു പക്ഷം ഇന്ന് വികസനത്തിന്റെ പേരിൽ കീഴാറ്റൂരിൽ ചെയ്യുന്നത് എന്ത് ? പാവങ്ങളുടെ പാർട്ടി എന്നും അദ്ധ്വാനിക്കുന്ന വർഗ്ഗത്തിനൊപ്പം എന്നും പറയുന്ന ഇടത് ഭരണാധികാരികൾ വയൽ നികത്തി റോഡ് നിർമ്മിച്ച പറ്റൂ എന്ന് നിൽക്കുന്നതിന്റെ പിന്നിൽ എന്താണ് ? ഇത് വെറുമൊരു സംശയമോ ആരോപണമോ അല്ല. കീഴാറ്റൂരിലെ സിപിഎം നിലപാടിന് പിന്നിലെ ഹിഡൻ അജണ്ടകളെക്കുറിച്ചു കേരളീയർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു
വയൽ നികത്തി റോഡ് നിർമിക്കുന്നതിനെതിരെ കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിൽ കർഷകർ നടത്തുന്ന സമരം ദേശീയശ്രദ്ധയിൽ വന്നുകഴിഞ്ഞു. ദേശീയപാത വികസനമെന്ന വലിയ ലക്ഷ്യത്തിനുവേണ്ടി കർഷകർ ചെറിയ ത്യാഗങ്ങൾ സഹിക്കണമെന്ന സിപിഎമ്മിന്റെ നിലപാടു പ്രത്യക്ഷത്തിൽ സദുദ്ദേശ്യപരമാണോ ? സമീപകാലത്തുണ്ടായ ചില കാര്യങ്ങളിൽ ഇതേ ഭരണകൂടം സ്വീകരിച്ച നിലപാടു കണക്കിലെടുക്കുമ്പോൾ ഇങ്ങനെ ഒരു സംശയം സ്വാഭാവികം. ദേശീയപാത വികസനത്തിന് എതിരു നിൽക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാണു സിപിഎം നിലപാട്. ഹൈവേ വികസനം എത്രയും വേഗം പൂർത്തിയാകേണ്ടത് അത്യാവശ്യമെന്നതിൽ തർക്കമില്ല. പക്ഷേ, കീഴാറ്റൂർ ബൈപാസ് പ്രശ്നത്തിൽ സിപിഎം നിലപാടിലെ ഉദ്ദേശ്യശുദ്ധി സംശയിക്കാൻ ഒന്നിലേറെ കാരണങ്ങളുണ്ട്. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ, പരിസ്ഥിതിക്കും മനുഷ്യനും ഏറ്റവും കുറവ് ആഘാതമുണ്ടാക്കുന്ന സാധ്യതകൾക്കു മുൻഗണന നൽകുക എന്നതാണു പൊതുവെ അനുവർത്തിക്കപ്പെടുന്ന രീതി. മറ്റു ബദലുകൾ പ്രായോഗികമല്ലാത്ത സാഹചര്യങ്ങളിൽ മാത്രമാണു കിടപ്പാടങ്ങളും നെൽവയലുകളും വികസന പദ്ധതികൾക്കുവേണ്ടി ഏറ്റെടുക്കാറുള്ളത്. എന്നാൽ ഇവിടെ ഇതൊരു നിര്ബന്ധ ബുദ്ധിയായി പ്രവർത്തിയ്ക്കുന്നത് എന്താണ്?
ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു കീഴാറ്റൂരിൽ ബൈപാസ് വരുന്നത്. തളിപ്പറമ്പിൽ സ്ഥലമെടുപ്പ് എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടിയാണു പട്ടണത്തിൽനിന്നു മാറി കീഴാറ്റൂർ വയലിലൂടെ ബൈപാസ് നിർദേശിക്കപ്പെട്ടത്. നഗരത്തോടു ചേർന്ന് മറ്റൊരു ഭാഗത്താണു ബൈപാസ് ആദ്യം ഉദ്ദേശിച്ചതെങ്കിലും അവിടെ നൂറ്റിഇരുപതോളം വീടുകളും മറ്റു കെട്ടിടങ്ങളും കുറച്ചുഭാഗത്തു വയലുകളും നശിക്കുമെന്നതിനാൽ ജനവികാരവും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പും കണക്കിലെടുത്തു കീഴാറ്റൂർ വയലിലേക്കു മാറ്റുകയായിരുന്നു. എന്നാൽ പാടം നികത്തി റോഡ് പണിയുന്നതു ജൈവവ്യവസ്ഥയെ തകിടം മറിക്കുമെന്നും കടുത്ത വരൾച്ചയ്ക്ക് ഇടയാക്കുമെന്നും ആരോപിച്ചു സിപിഎം പ്രവർത്തകരുടെ തന്നെ മുൻകയ്യിലാണു വയൽക്കിളി കർഷക കൂട്ടായ്മ സമരം തുടങ്ങിയത്. ആദ്യഘട്ടത്തിൽ സമരത്തോടൊപ്പമുണ്ടായിരുന്ന സിപിഎം പ്രവർത്തകരിൽ ഒരുവിഭാഗം പിന്നീടു പിന്മാറി. ഈ സന്ദർഭത്തിൽ സെന്റിനു നാലു ലക്ഷം രൂപ വരെ കിട്ടുമെന്നായതോടെ, ഭൂഉടമകളിൽ വലിയൊരു വിഭാഗം സമ്മതപത്രം നൽകി. ഉടമകളുടെ സമ്മതം എന്ന സാങ്കേതികതയ്ക്കപ്പുറത്ത്, നെൽവയൽ–നീർത്തട സംരക്ഷണമെന്ന സാമൂഹികബാധ്യതയ്ക്കു വേണ്ടിയാണു സമരം എന്നാണു വയൽക്കിളികളുടെ നിലപാട്. ഉടമകളുടെ സമ്മതപത്രം ചൂണ്ടിക്കാട്ടിയാണു സമരത്തിനെതിരെ സിപിഎം രംഗത്തുള്ളതും.അതുകൊണ്ടു തന്നെ സമരത്തിൽ ഉറച്ചുനിന്നവരിൽ പാർട്ടി അംഗത്വമുള്ളവരെ സിപിഎം പുറത്താക്കുകയും ചെയ്തു. കൂടാതെ ജോലിയിൽ നിന്നും മാറ്റി നിർത്തുകതുടങ്ങിയ കലാപരിപാടികളിലൂടെ സമ്മര്‍ദ്ദത്തിൽ ആക്കുകയും ചെയ്തു.
കീഴാറ്റൂരിൽ നെൽവയൽ നികത്തുന്നതിനെ അനുകൂലിക്കുന്ന സിപിഎം, ആറന്മുളയിലും കുട്ടനാട്ടിലും എന്തിനേറെ കീഴാറ്റൂരിൽനിന്ന് ഏറെ അകലെയല്ലാത്ത കല്യാശ്ശേരിയിലുമെല്ലാം വയൽനികത്തലിനെതിരെ കൊടികുത്തിയതും വെട്ടിനിരത്തിയതും ണ് അമ്മാൾ കണ്ടതാണ്. മഹാരാഷ്ട്രയിൽ കർഷകർ നടത്തിയ ലോങ് മാർച്ചിനെ ഐതിഹാസികമായ കമ്യൂണിസ്റ്റ് വിജയമായി വാഴ്ത്തുന്ന സിപിഎം നേതാക്കൾ, പാർട്ടി ശക്തികേന്ദ്രമായ കീഴാറ്റൂരിലെ കർഷകരെ സമ്മർദ്ധത്തിൽ ആക്കാൻ സമരപ്പന്തലിനു തീയിട്ട് കൃഷിയിടങ്ങളിൽ നിന്ന് ആട്ടിയോടിക്കുന്നു. ഇത് രണ്ടും ചേർത്തു വായിക്കുമ്പോൾ അതിലെ വൈരുധ്യം മുഴച്ചു നിൽക്കുന്നതായി തോന്നുന്നത് തെറ്റാണോ? അപ്പോൾ പിന്നെ വയൽ നികത്തലിനു വാശി പിടിയ്ക്കുന്ന സിപിഎം നിലപാട് എങ്ങനെ സദുദ്ദ്യേശ പരമാവും?
തളിപ്പറമ്പിൽ വയൽകയ്യേറ്റം പൂർണമായി ഒഴിവാക്കുന്നതും മറ്റു നശീകരണങ്ങളുടെ വ്യാപ്തി കഴിയുന്നത്ര കുറയ്ക്കുന്നതുമായ ബദൽ നിർദേശം ശാസ്ത്ര സാങ്കേതിക പരിഷത്ത് മുന്നോട്ടു വച്ചിട്ടിട്ടുണ്ട്. പട്ടണത്തിൽ നിലവിൽ സ്ഥലം ലഭ്യമായിടങ്ങളിൽ റോഡിനു വീതി കൂട്ടുകയും മറ്റിടങ്ങളിൽ മേൽപ്പാലം (എലിവേറ്റഡ് ഹൈവേ) സ്ഥാപിക്കുകയും ചെയ്യുക എന്നതാണു ശാസ്ത്ര സാങ്കേതിക പരിഷത്തിന്റെ നിർദ്ദേശം . കൂടാതെ റോഡ് പണിയാൻ ഒരുലക്ഷത്തിമുപ്പതിനായിരത്തോളം ലോഡ് മണ്ണെങ്കിലും ആവശ്യമാണ്. ഇതിനായി സമീപത്തെ കുന്നുകൾ ഇടിക്കേണ്ടി വരുമെന്ന ആശങ്കയും പരിഷത്ത് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും ഇഭരണകൂടം കണക്കിലെടുക്കാത്തത് എന്തുകൊണ്ട് ? ബൈപാസിനു പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളുമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ചിന്തിക്കുക യാണെങ്കിൽ അവിടെയും പിണറായി സർക്കാരിന്റെ നിലപാട് വീണ്ടും ചർച്ച ചെയ്യേണ്ടി വരും. എല്ലാം ശരിയാക്കാൻ വരുന്നുവെന്ന് പറഞ്ഞെത്തിയവർ ആർക്കുവേണ്ടി എന്തൊക്കെ ശരിയാക്കി! ഭരണത്തിൽ എത്തിയതിന്റെ രണ്ടാം വാർഷികം ആഘോഷിക്കപ്പെടുന്ന ഈ വേളയിൽ അണികൾ എല്ലാം ശരിയായോ എന്ന് ഒന്ന് മാറി ചിന്തിക്കേണ്ടി ഇരിക്കുന്നു.
Post Your Comments