ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാണെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഭരണഘടനാ ബഞ്ചിന് മുമ്പാകെ നടന്ന പവര്‍പോയിന്റ് പ്രസന്റേഷനിലൂടെയാണ് അതോറിറ്റിയുടെ സിഇഒ ഡോ അജയ് ഭൂഷണ്‍ ഇക്കാര്യം അവതരിപ്പിച്ചത്.
പ്രപഞ്ചം നിലനില്‍ക്കുവോളം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് യുഐഡിഎഐ വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ക്ക് പോലും ആധാര്‍ വിവരങ്ങള്‍ കൈമാറിയിട്ടില്ല. 2048 എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ചാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ആധാര്‍ വിവരങ്ങള്‍ ചോദിച്ചിട്ടില്ലെന്നും യുഐഡിഎഐ ചൂണ്ടിക്കാട്ടി.
അതേസമയം ബയോമെട്രിക് വെരിഫൈ ചെയ്യാന്‍ ആകാത്തതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നവരില്ലേ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണം സംവിധാനത്തിന്റെ മനോഭാവമാണെന്ന് യുഐഡിഎഐ പറഞ്ഞു. 49,000 സ്വകാര്യ എന്റോള്‍മെന്റ് ഏജന്‍സികളുടെ അംഗീകാരം എന്തുകൊണ്ട് റദ്ദാക്കിയെന്ന് കോടതി ചോദിച്ചപ്പോള്‍ അഴിമതിയും കെടുകാര്യസ്ഥതതയുമാണ് കാരണമെന്നായിരുന്നു അതോറിറ്റിയുടെ മറുപടി. സമൂഹത്തിലെ എല്ലാ പ്രശങ്ങള്‍ക്കും ആധാര്‍ പരിഹാരമല്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.
Post Your Comments