ന്യൂയോര്‍ക്ക് : ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ ഏതെങ്കിലും വിധത്തില്‍ ഫെയ്സ്ബുക്കിലെ ഡേറ്റ ചോര്‍ച്ച ബാധിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും ഞങ്ങള്‍ പരിശോധിക്കും.’ ഫെയ്സ്ബുക് സ്ഥാപന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ വാക്കുകള്‍. ഡേറ്റ ചോര്‍ന്നു ദിവസങ്ങള്‍ കഴിഞ്ഞാണു വിശദീകരണവുമായി സുക്കര്‍ബര്‍ഗ് രംഗത്തെത്തിയതെങ്കിലും അതിനു മുന്‍പേ ഇന്ത്യയില്‍ ‘അടി’ തുടങ്ങിയിരുന്നു. ഫെയ്സ്ബുക്കില്‍നിന്ന് അഞ്ചു കോടി അമേരിക്കക്കാരുടെ വിവരം ചോര്‍ത്തിയ കേംബ്രിജ് അനലിറ്റിക്ക(സിഎ) എന്ന ഡേറ്റ അനലിറ്റിക്സ് കമ്പനിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു ബന്ധമുണ്ടെന്നായിരുന്നു ബിജെപി ആരോപണം.
എന്നാല്‍ സിഎയുടെ ഇന്ത്യന്‍ ‘പാര്‍ട്ണര്‍’ ആയ, ഗാസിയാബാദ് ആസ്ഥാനമായുള്ള ഒവ്ലിനോ ബിസിനസ് ഇന്റലിജന്റ്സ് കമ്പനിയുടെ ഉപയോക്താക്കളില്‍ ഒന്നു ബിജെപിയാണെന്നു ചൂണ്ടിക്കാട്ടിയാണു കോണ്‍ഗ്രസിന്റെ തിരിച്ചടി. ഒരു കാര്യം ഉറപ്പ്, ട്രംപിനെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ സിഎ ഇടപെട്ടിട്ടുണ്ടെന്ന വാദം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും തിരിച്ചടിയാകും. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഉള്‍പ്പെടെ.
2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെയില്ലാത്ത വിധമാണു ബിജെപി സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയത്. അന്ന് ഇംഗ്ലിഷ് മാധ്യമങ്ങളിലുള്‍പ്പെടെ നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മികച്ചതാക്കാന്‍ വന്‍തോതിലാണു ഫെയ്സ്ബുക് ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയത്.
രാജ്യം ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ‘പൊളിറ്റിക്കല്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്നാ’യിരുന്നു 2014ല്‍ മോദിയുടെ നേതൃത്വത്തില്‍ നടന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രചാരണത്തിന്റെ പുതിയ യുദ്ധമുഖം തുറന്നതോടെ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ. ഖുറേഷിയും പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.
യുപി തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കു പിന്നാലെയാണു ഡേറ്റയുടെ സാധ്യത കോണ്‍ഗ്രസും അന്വേഷിക്കുന്നത്. ഒടുവില്‍ അടുത്തിടെ കോണ്‍ഗ്രസും ഡേറ്റ അനലിറ്റിക്സ് വിദഗ്ധന്‍ രാഹുല്‍ ചക്രവര്‍ത്തിയെ പാര്‍ട്ടിക്കു വേണ്ടി നിയോഗിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളില്‍ ഉള്‍പ്പെടെ ഡേറ്റ അനലിറ്റിക്സ് വഴിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി മൂര്‍ച്ചകൂട്ടാനുള്ള ശ്രമങ്ങള്‍ക്കും പാര്‍ട്ടി തുടക്കമിട്ടു കഴിഞ്ഞു. 2010ലും 2011ലും ജാര്‍ഖണ്ഡില്‍ യൂത്ത് കോണ്‍ഗ്രസിനെ സഹായിച്ചതായും ഒവ്ലിനോ ബിസിനസ് ഇന്റലിജന്റ്സ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഡേറ്റ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറിയിരുന്നോ എന്നാണ് ഇപ്പോള്‍ ഇന്ത്യ ഉറ്റുനോക്കുന്നത്.
Post Your Comments