
തിരുവനന്തപുരം•കൊല്ലം ജില്ലയിലെ കുന്നിക്കോട്ട് 2017 ഏപ്രില്‍ 18ന് ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശികളായ വിജയകുമാര്‍ – ബിന്ദു ദമ്പതികളുടെ മക്കളായ വര്‍ഷ, വൈഷ്ണവി എന്നീ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഒരു പ്രത്യേക കേസായി പരിഗണിച്ച് സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ‘സ്‌നേഹപൂര്‍വം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
വിവിധ സാഹചര്യങ്ങളാല്‍ ജീവിതം വഴിമുട്ടുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം. മാതാപിതാക്കള്‍ രണ്ടുപേരും അഥവാ ഇവരില്‍ ഒരാള്‍ മരണപ്പെടുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സ്വന്തം ഭവനങ്ങളില്‍ കുഞ്ഞുങ്ങളെ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന കുടുംബത്തിലെ കുട്ടികളെയാണ് ഈ പദ്ധതിയിലൂടെ സഹായിക്കുന്നത്. മറ്റു സ്‌കോളര്‍ഷിപ്പോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നവരെയും നിബന്ധനകള്‍ക്കു വിധേയമായി ഇതില്‍ പരിഗണിക്കുന്നു.
ഇവര്‍ക്ക് വീടുവച്ച് നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും കുട്ടികളുടെ ഉപരിപഠനത്തിനായി ഒരു ലക്ഷം രൂപ വീതവും നേരത്തെ അനുവദിച്ച് ഉത്തരവിട്ടിരുന്നു. കുട്ടികളുടെ അച്ഛന്റെ തിരുവനന്തപുരത്തുള്ള സ്ഥലത്ത് വീടുവച്ച് നല്‍കുന്നതിനും ഉപരിപഠനത്തിനായി അനുവദിച്ച തുക കുട്ടികളുടെ പേരില്‍ ദേശസാത്കൃത ബാങ്കില്‍ സ്ഥിരം നിക്ഷേപം ചെയ്യുന്നതിനും പലിശ കുട്ടികളുടെ പഠനാവശ്യത്തിന് ലഭിക്കത്തക്കവിധത്തിലും 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിക്ഷേപം പിന്‍വലിച്ച് തുക കുട്ടികള്‍ക്ക് നല്‍കുന്നതിന് വ്യവസ്ഥ ചെയ്യാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഈ കുട്ടികളെ സാമൂഹ്യ സുരക്ഷാ മിഷന്റെ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കണമെന്നും പറഞ്ഞിരുന്നു.
Post Your Comments