കഴിക്കുന്ന ഭക്ഷണത്തിലെ ഘടകങ്ങള്‍ തമ്മില്‍ യോജിക്കാതിരുന്നാല്‍ ആ ഭക്ഷണം വിരുദ്ധാഹാരമാണ്. വിരുദ്ധാഹാരം കഴിക്കുന്നതു കൊണ്ട് ശരീരത്തില്‍ മാലിന്യങ്ങള്‍ അടിയുകയും കാലക്രമേണ ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെയുളള പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. വിരുദ്ധാഹാരത്തെ സ്‌ളോപോയിസണ്‍ എന്നാണ് ആയുര്‍വേദം വിശഷിപ്പിക്കുന്നത്.
ആയൂര്‍വേദഗ്രന്ഥം ചരകസംഹിതപ്രകാരം, വിരുദ്ധാഹാരം കഴിക്കുന്നതുകൊണ്ട് പാണ്ട്, അന്ധത, വിളര്‍ച്ച, കുഷ്ഠം,ഫിസ്റ്റുല, അജീണ്ണം, ബുദ്ധിഭ്രമം,നീര്, ഭ്രൂണത്തിനുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍, ഇടക്കിടെയുണ്ടാകുന്ന തൊണ്ട സംബന്ധമായ അസുഖങ്ങള്‍, ചെവിക്കുത്ത്, തലകറക്കം, വന്ധ്യത തുടങ്ങി ചില ഘട്ടങ്ങളില്‍ മരണകാരണം വരെ ഉണ്ടായേക്കാം.
മോരും മീനും- തൈരും മോരുമൊക്കെ ചോറിനോടൊപ്പം ആസ്വദിച്ചു കഴിക്കുവര്‍ ഏറെയുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണെന്നാണ് ആയുര്‍വേദം പറയുന്നത്. രക്തചംക്രമണം നേരായരീതിയില്‍ നടക്കാത്തതു കാരണം രക്തക്കുഴലുകളില്‍ തടസമുണ്ടാകാന്‍ ഇടയാകുകയും ഫലത്തില്‍ രക്തദൂഷ്യവും ത്വക്ക് രോഗങ്ങളും ഉണ്ടാകുന്നു.
തേന്‍ചൂടാക്കി കഴിക്കുന്നത്- ചൂട് ഭക്ഷണത്തോടൊപ്പം തേന്‍ കഴിക്കുന്നത് നല്ലതല്ല. ഉദാഹരണത്തിന് തടി കുറക്കാന്‍ ചൂടുവെളളത്തില്‍ വെറും വയറ്റില്‍ തേന്‍ കഴിക്കുന്നത് ആരോഗ്യപരമായി തെറ്റായ പ്രവണതയാണ്. തേന്‍ ചൂടാകുമ്പോള്‍ വിഷമയമാകുന്നു. ദഹനം പ്രയാസകരമാകും. ചൂടാക്കുന്ന തേനിലെ കണികകള്‍ പശിമ ഗുണമുളളതായി മാറുന്നു. ഇതിന്‍റെ ഒട്ടിപ്പിടിക്കുന്ന സ്വഭാവം കാരണം രക്തക്കുഴലുകളില്‍ തടസങ്ങള്‍ തീര്‍ക്കും. ഫലത്തില്‍ രക്തദൂഷ്യം ഉണ്ടാകുന്നു.
രാത്രിയില്‍ തൈരുകഴിക്കുന്നത്- സങ്കിര്‍ണ്ണമാണ് തൈരിന്‍റെ ദഹനപ്രക്രിയ. അസിഡിക്ക് സ്വഭാവമുളളതാണ് തൈര്, കഫപിത്തങ്ങള്‍ ഉണര്‍ത്തി ചൂടുകൂടുന്നു. രാത്രിയില്‍ ദഹനം പതിയെ ആകുന്ന അവസ്ഥയില്‍ തൈര് നന്നല്ല. രാത്രിയില്‍ തൈരു കഴിച്ചാല്‍ മലബന്ധം ഉണ്ടാകും. ഉച്ചക്ക് കഴിക്കുന്നതാണ് ദഹനത്തിന് എളുപ്പം. രാത്രിയില്‍ തൈരു കഴിക്കുന്നതും ശ്മശാനത്തിലെ പുക ഏല്‍ക്കുന്നതും ഒന്നു പോലെ എന്നു പറയാറുണ്ട്.
നെയ്യും തേനും ചേര്‍ത്തു കഴിക്കുന്നത്- വിരുദ്ധ സ്വഭാവമുളള ആഹാര പദാര്‍ത്ഥങ്ങളാണ് ഇവ. നെയ്യ് തണുപ്പുളളതും ഈര്‍പ്പമുളളതും ആണെങ്കില്‍ തേന്‍ ഉഷ്ണഗുണമുളളതും വരണ്ടതുമാണ്. വ്യത്യസ്ഥ സ്വഭാവം കാരണം ശരീരത്തില്‍ ചെന്നാല്‍ ഇവ പ്രതിപ്രവര്‍ത്തിക്കും.
ചിക്കനും, മീനും പാലിനൊപ്പം- ഒഴിവാക്കേണ്ട ഭക്ഷണമാണ് കോഴിയിറച്ചിയും, മീനും പാലിനൊപ്പം ചേര്‍ത്തു കഴിക്കുന്നത്. ദഹനം താറുമാറാക്കും.പാല്‍ സമ്പൂര്‍ണ്ണ ഭക്ഷണം ആയതിനാല്‍ മറ്റേതൊരു ഭക്ഷണത്തോടു ചേര്‍ത്തു കഴിച്ചാലും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും. പാലിന്‍റെ ദഹന പ്രക്രിയ വ്യത്യസ്ഥമാണ്. മറ്റു പ്രോട്ടിനുകളായ മീറ്റ്, മുട്ട, നട്ട്‌സ് എന്നിവയുടെ ദഹനപ്രക്രിയപോലെയല്ല പാലിന്‍റെത്. പാല്‍ ദഹിക്കുന്നത് ചെറുകുടലിന്‍റെ ആദ്യഭാഗത്താണ്. പാലിന്‍റെ സാന്നിധ്യത്തില്‍ ദഹനരസങ്ങള്‍ക്ക് പ്രവര്‍ത്തനശേഷി കുറവായിരിക്കും.
ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കുന്നത്- പഴങ്ങള്‍ മറ്റു ഭക്ഷണങ്ങളോടൊപ്പം ചേരില്ല. പഴങ്ങളിലെ സിംപിള്‍ ഷുഗര്‍ വേഗം ദഹിക്കും. കൊഴുപ്പ്, പ്രോട്ടിന്‍, അന്നജം എന്നിവ വയറ്റില്‍ കൂടുതല്‍ നേരം കിടക്കുന്നവയാണ്. പഴങ്ങള്‍ക്കൊപ്പം പ്രധാന ഭക്ഷണം കഴിച്ചാല്‍ വയറ്റില്‍ അധികനേരം കിടക്കേണ്ടി വരുന്ന അവസ്ഥയില്‍ ഫ്രൂട്ട് ഷുഗര്‍ പുളിക്കും. ഇത് ഉദരരോഗങ്ങള്‍ക്ക് കാരണമാകും.
ഏത്തപ്പഴവും പാലും- ആയുര്‍വേദപ്രകാരം ഇവ ഒരുമിച്ചു കഴിക്കുന്നത് ഏറ്റവും അധികം ടോക്‌സിന്‍ ഉണ്ടാക്കും. ശരീരക്ഷീണം കൂട്ടും, ദഹനം താറുമാറാക്കും. അലര്‍ജി, കഫം എന്നിവ ഉണ്ടാകും. ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍ നല്ലതുപോലെ പഴുത്ത ഏത്തക്ക മാത്രം പാലിനോടു ചേര്‍ത്തു കഴിക്കുക. ഒഴിവാക്കുന്നതാണ് ഉത്തമം.
തുളസിയും പാലും- തുളസിയും പാലും ചേര്‍ത്തുകഴിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. നല്ലതാണെന്ന വിശ്വാസവും നിലനില്‍ക്കുന്നു. എന്നാല്‍ ഇവ കഴിക്കുമ്പോള്‍ ഒരുകാര്യം ശ്രദ്ധിക്കണം. ബേസില്‍ ക്യാപ്‌സ്യൂളും ടാബ്ലറ്റും ശ്വാസകോശസംബന്ധമായതോ, വൈറല്‍ അസുഖങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ അതിനുശേഷം അരമണിക്കുര്‍ കഴിഞ്ഞേ പാലു കുടിക്കാന്‍ പാടുളളു.
ഇറച്ചിയും ഉരുളക്കിഴങ്ങും- അനിമല്‍ പ്രോട്ടിനുകള്‍ കാര്‍ബോഹൈഡ്രേറ്റുകളുമായി ചേരില്ല. രണ്ടു ഭക്ഷണങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന വ്യത്യസ്ഥങ്ങളായ ദഹനരസങ്ങള്‍ പരസ്പരം നിര്‍വ്വിര്യമാക്കപ്പെടും. ദഹനം പ്രയാസമേറിയതാകും.
തൈരു ചൂടാക്കുന്നത്-ആമ എന്ന പശിമയുളള വിഷപദാര്‍ത്ഥം ഉണ്ടാകും. ഇതാണ് വാതസംബന്ധമായ അസുഖങ്ങള്‍ക്കുളള പ്രധാനകാരണം. അതേപോലെ തൈര് ഓട് പാത്രങ്ങളില്‍ പത്തു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്.
മഞ്ഞളും കടുകെണ്ണയും- തമ്മില്‍ ചേര്‍ത്തു കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് മഞ്ഞളും കടുകെണ്ണയും.
നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ പാകംചെയ്യുന്ന പാത്രത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം പാകപ്പെടുത്തുന്നത് നന്നല്ല.
പോര്‍ക്കും ചിക്കനും- ഒരേ ദിവസംതന്നെ പോര്‍ക്കും ചിക്കനും കഴിക്കുന്നതും, ചേര്‍ത്തു കഴിക്കുന്നതും ആരോഗ്യപരമായി നല്ലതല്ല.
പഴകിയ ഭക്ഷണം- ഭക്ഷണം പാകം ചെയ്ത ഉടനെ കഴിക്കണം എങ്കിലേ ഗുണം കിട്ടുകയുളളു എന്നാണ് ആയുര്‍വേദം പറയുന്നത്. പഴകിയ ഭക്ഷണത്തില്‍ പ്രാണന്‍ കുറവായിരിക്കും. പോഷകഗുണം നശിച്ചു പോകുകയും ചെയ്യും.
പാലും പഴങ്ങളും- പാല്‍ ഒരു പഴങ്ങളോടും ഒപ്പം ചേര്‍ത്തു കഴിക്കുന്നത് നന്നല്ല, പ്രത്യേകിച്ച് പുളിപ്പുളള പഴങ്ങളോടൊപ്പം. മൂത്രവിസര്‍ജ്ജനം കൂട്ടുന്ന ഭക്ഷണമായ പഴങ്ങളും മലവിസര്‍ജ്ജനം കൂട്ടുന്ന ഭക്ഷണമായ പാലും ഒരുമിച്ചു കഴിക്കുന്നതിലൂടെ അസിഡിറ്റിയും ഉദരരോഗങ്ങളും ഉണ്ടാകും. പച്ചിലകള്‍ ഉപയോഗിച്ച ശേഷം പാല്‍ ഉപയോഗിക്കരുത്. പാലും മുതിരയും തമ്മില്‍ ചേരാത്ത ഭക്ഷണമാണ്.
ഒലിവ് ഓയിലും നട്ട്‌സും- കൊഴുപ്പും മാംസ്യവും കൂടിച്ചേരുമ്പോള്‍ റോ ഫാറ്റ്, പ്രോട്ടീന്‍റെ ദഹനത്തെ തടയുന്നു.
നാരങ്ങയും പാല്‍, വെളളരി, തക്കാളി, തൈര്- നാരങ്ങ ഇൗ ഭക്ഷണങ്ങളോടൊന്നും ചേര്‍ത്തു കഴിക്കുന്നത് നന്നല്ല.
മുട്ടയും മത്തങ്ങ, ചീസ്, ഏത്തപ്പഴം, മീന്‍,പാല്‍, ഇറച്ചി- മുട്ട ഇത്തരം ഭക്ഷണങ്ങളോട് ചേരില്ല.
പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍- പാകപ്പെടുത്തിയതും അല്ലാത്തതുമായ ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കുന്നത് നന്നല്ല. രണ്ടുതരം ദഹനപ്രകിയയാണ് പാചകം ചെയ്തഭക്ഷണത്തിനും അല്ലാത്തവക്കും ഉളളത്.
ദ്രവരൂപത്തിലും ഖരരൂപത്തിലും ഉളള ഭക്ഷണങ്ങള്‍- ദ്രവരൂപത്തിലുളള ഭക്ഷണം കുടലില്‍ ആദ്യമെത്തുന്നതിനാല്‍ ദഹനരസങ്ങളെ അതിനോടൊപ്പം എടുത്തുകൊണ്ടു പോകുന്നതിനാല്‍ കട്ടിയുളള ഭക്ഷണങ്ങള്‍ എത്തുമ്പോഴേക്കും മതിയായ ദഹനരസങ്ങളുടെ കുറവ് ഉണ്ടാകും. ഇത് ദഹനം മന്ദിഭവിക്കാന്‍ കാരണമാകും. വെളളമോ പാനിയങ്ങളോ കുടിക്കുന്നത് ഭക്ഷണത്തിന് ഇരുപത് മിനിട്ട് മുമ്പോ അരമണിക്കൂര്‍ ശേഷമോ ആകണം.
Post Your Comments