കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ വിദ്യാർഥിയുടെ ആഹാരം കഴിക്കാനുള്ള ട്യൂബ് മൂക്കിലുണ്ടെന്ന് പറഞ്ഞ് വിദ്യാർഥിയെ വിമാനത്തിൽ കയറ്റാതെ ക്രൂരത. ക്രൂരത കാണിച്ച വിമാനകമ്പനിയായ സ്‌പൈസ് ജെറ്റിനെതിരെ എയർപോർട്ട് അതോറിറ്റിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. 18ന് രാവിലെയായിരുന്നു സംഭവം ഉണ്ടായത്. അന്നേദിവസം രാവിലെ ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലാണ് വിദ്യാർത്ഥിക്ക് യാത്ര നിഷേധിച്ചത്.
ഒരു വാഹനപകടത്തെ തുടർന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് പോയതായിരുന്നു ഇഷാന്റെ കുടുംബം. ഉമ്മയും ജ്യേഷ്ഠനുമൊപ്പമാണ് മടങ്ങിയത്. എന്നാൽ ഇഷാന്റെ യാത്ര വിമാന കമ്പനി അധികൃതർ നിഷേധിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും യാത്ര ചെയ്യാൻ തടസ്സമില്ലെന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും പറഞ്ഞിട്ടും അധികൃതർ കേൾക്കാൻ തയ്യാറായില്ല. ഡോക്ടറെ വിളിച്ച് പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനും അവർ തയ്യാറല്ലായിരുന്നു. ഒടുവിൽ ഇവരെ കയറ്റാതെ വിമാനം പോയി. പിന്നീട് ഇവർ മറ്റൊരു വിമാനത്തിൽ കൊച്ചിയിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.
Post Your Comments