KeralaLatest NewsNews

തൊഴിൽ മേള തട്ടിപ്പാണെന്ന് ആരോപിച്ച് രംഗത്തെത്തിയവർക്ക് മറുപടിയുമായി സന്ദീപ് ആർ വചസ്പതി

ചെങ്ങന്നൂരിൽ നടന്ന തൊഴിൽ മേളയുടെ വൻ വിജയം സിപിഎം നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കി സന്ദീപ് ആർ വചസ്പതി. ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ തന്നെ അതിനെതിരെ അപവാദപ്രചരണവുമായി രംഗത്തെത്തിയതിന് കാരണം മേളയുടെ സ്വീകാര്യതയാണെന്നും തൊഴിൽ മേളകൾ രാഷ്ട്രീയ തട്ടിപ്പാണെന്നാണ് സജി ചെറിയാന്‍റെ പക്ഷമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: മാറ് തുറക്കല്‍ സമരത്തിന് പരിഹാസവുമായി മാധ്യമപ്രവര്‍ത്തക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

തൊഴിൽ മേള രാഷ്ട്രീയം തന്നെയാണ്….
………………………
ചെങ്ങന്നൂരിൽ നടന്ന തൊഴിൽ മേളയുടെ വൻ വിജയം സിപിഎം നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ Saji Cherian തന്നെ അതിനെതിരെ അപവാദപ്രചരണവുമായി രംഗത്തെത്തിയതിന് കാരണം മേളയുടെ സ്വീകാര്യതയാണ്. കേന്ദ്രതൊഴിൽ മന്ത്രാലയം കൊച്ചി ആസ്ഥാനമായുള്ള സൈനുമായി(SIGN) ചേർന്ന് സംഘടിപ്പിച്ച 16-ാമത് മേളയായിരുന്നു ചെങ്ങന്നൂരിലേത്. തൊഴിൽ മേളകൾ രാഷ്ട്രീയ തട്ടിപ്പാണെന്നാണ് സജി ചെറിയാന്‍റെ പക്ഷം. അങ്ങനെയെങ്കിൽ ഇടതുമുന്നണി മന്ത്രിസഭയിലെ അംഗം രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ എംപി പി കെ ശ്രീമതി, എ കെ ശശീന്ദ്രൻ എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎഎൽഎ കാഞ്ഞിരപ്പള്ളി ബിഷപ്പ് എന്നിവരെല്ലാം തട്ടിപ്പുകാരാണ്. കാരണം ഇവരൊക്കെയാണ് മുൻ മേളകൾ ഉദ്ഘാടനം ചെയ്തത്.

നാളിതുവരെ 35,000 യുവതി-യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ ജോലി നൽകാൻ ഈ മേള കൊണ്ട് സാധിച്ചിട്ടുണ്ട്. തൊഴിൽ സ്ഥാപനങ്ങൾ പൂട്ടിച്ച് മാത്രം പരിചയം ഉള്ള സജിചെറിയാനും സിപിഎമ്മിനും തൊഴിൽ നൽകുന്ന സംരംഭങ്ങൾ തട്ടിപ്പാണെന്ന് തോന്നുന്നത് സ്വാഭാവികമാണ്. സ്വകാര്യ മേഖലയിലാണ് അവസരമെന്ന് പരസ്യം ചെയ്ത് തന്നെയാണ് മേളകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു എന്ന ആരോപണം നിലനിൽക്കില്ല. ആരുടെ കയ്യിൽ നിന്നും ഒരു രൂപ പോലും ഈടാക്കിയിട്ടുമില്ല. പിന്നെങ്ങെനെയാണ് സർ ഇത് തട്ടിപ്പാകുന്നത്?.

4,000-5,000 തൊഴിലവസരം മാത്രമേ ഉണ്ടാകൂ എന്ന് പരസ്യം ചെയ്തിട്ടും മുപ്പതിനായിരം ചെറുപ്പക്കാർ ഒഴുകിയെത്തിയെങ്കിൽ കേരളത്തെ മാറിമാറി ഭരിച്ച് മുടിച്ച നിങ്ങളാണ് അതിന് ഉത്തരവാദികൾ. 5 വർഷം കൊണ്ട് 25 ലക്ഷം തൊഴിൽ എന്ന് വീമ്പിളക്കി നിങ്ങൾ അധികാരത്തിലെത്തിയിട്ട് രണ്ടു വർഷമായി സർ. മുഖ്യമന്ത്രിയുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടാനുള്ള ഉപദേശികൾക്കും എകെജി സെന്‍ററിലെ സൈബർ സഖാക്കൾക്കുമല്ലാതെ ആർക്കെങ്കിലും തൊഴിൽ നൽകിയതായി സജി ചെറിയാനെങ്കിലും അറിയുമോ? പിഎസ് സി ഓഫീസിൽ പൂച്ച പെറ്റു കിടക്കാൻ തുടങ്ങിയിട്ട് വർഷം 3 ആയി. KSEB യിലെ 800 തസ്തികയാണ് ഒറ്റയടിക്ക് പിണറായി സർക്കാർ ഇല്ലാതാക്കിയത്. KSRTC യിൽ അഡ്വൈസ് മെമ്മോ കിട്ടിയ ആയിരക്കണക്കിന് ആൾക്കാര്‍ ഇപ്പോഴും നിയമനം കിട്ടാതെ കാത്തിരിക്കുന്നു. വിവിധ വകുപ്പുകളിലായി 2394 ഒഴിവുകളാണ് PSCക്ക് റിപ്പോർട്ട് ചെയ്യാതെ നിങ്ങളുടെ സർക്കാർ രഹസ്യമാക്കി വെച്ചിരിക്കുന്നത്.

എംടെക്കും, എംബിഎയും, എംസിഎയും ഒക്കെ കഴിഞ്ഞ യുവാക്കൾ കൺസൾട്ടൻസി കമ്പനികളുടേയും മാർക്കറ്റിംഗ് കമ്പനികളുടേയുമൊക്കെ പടിവാതിലിൽ ക്യൂ നിൽക്കുന്ന കാഴ്ച സത്യത്തിൽ താങ്കൾ ഉൾപ്പടെയുള്ള ഇവിടുത്തെ ഭരണ വർഗ്ഗത്തിന്‍റെ പിടിപ്പുകേടിന്‍റെ നേർക്കാഴ്ചയായിരുന്നു. കഴിഞ്ഞ 70 വർഷം രാജ്യത്തെയും സംസ്ഥാനത്തേയും ഭരിച്ച് മുടിച്ചവരുടെ കെടുകാര്യസ്ഥതയുടെ ബാക്കി പത്രം. അതിൽ നിന്നൊരു മാറ്റമാണ് ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്നത്. 2016-17 വർഷം മാത്രം 1 കോടി പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടുകളാണ് രാജ്യത്ത് പുതിയതായി തുറന്നത്. അതായത് 1 കോടി ആൾക്കാർക്ക് തൊഴിൽ കിട്ടിയെന്നർത്ഥം. (http://www.financialexpress.com/…/job-creation-nare…/930721/)

യുവാക്കൾ തൊഴിൽ അന്വേഷകരാകരുത് തൊഴിൽ ദാതാക്കൾ ആകണമെന്നാണ് ബഹുമാന്യനായ പ്രധാനമന്ത്രിയുടെ സ്വപ്നം. അതിനായി അദ്ദേഹം ആവിഷ്കരിച്ച മുദ്രാ യോജന അനുസരിച്ച് 1.68 കോടി ചെറുപ്പക്കാർക്കാണ് വായ്പ നൽകിയത്. അതായത് 1.68 കോടി പുതിയ തൊഴിൽ സംരംഭങ്ങൾ. ഒന്നിൽ കൂടുതൽ ആള്‍ക്കാര്‍ക്ക് തൊഴിൽ കിട്ടുന്ന പദ്ധതികളും ഇതിലുണ്ട്. (https://www.thehindubusinessline.com/…/r…/article9851526.ece)
SC/ST വിഭാഗങ്ങൾക്കും വനിതകൾക്കും സ്വയം തൊഴിൽ കണ്ടെത്താൻ 10 ലക്ഷം മുതൽ 1 കോടി രൂപ വരെ ധനസഹായം നൽകുന്ന സ്റ്റാൻഡ് അപ്പ് ഇന്ത്യാ പദ്ധതി പ്രകാരം നാളിതു വരെ 56,260 അപേക്ഷകളിലായി 12,194 കോടി രൂപയാണ് കേന്ദ്ര സർക്കാര്‍ അനുവദിച്ചത്. ഏറ്റവും ചുരുങ്ങിയത് 1 ലക്ഷം തൊഴിൽ എന്ന് സാരം. ഇതാണ് സർ ബിജെപി നടപ്പാക്കുന്ന വികസന രാഷ്ട്രീയം.

അല്ലാതെ കിടപ്പാടം വിറ്റ് വയറ്റിപ്പിഴപ്പിന് മാർഗ്ഗം തേടുന്നവനെ നോക്കു കൂലി ചോദിച്ച് ആത്മഹത്യക്ക് പേരിപ്പിക്കുന്നതല്ല സര്‍ രാഷ്ട്രീയം. എല്ലുമുറിയെ പണി ചെയ്തവൻ പെൻഷന് കൈനീട്ടുമ്പോൾ അവനെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതുമല്ല രാഷ്ട്രീയം. 35 വർഷം ഭരിച്ച് ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ ജോലി തെണ്ടികളാക്കി നാടുവിടാൻ നിർബന്ധിതമാക്കിയ രാഷ്ട്രീയമുണ്ടല്ലോ അതല്ല നാടിന് വേണ്ടത്…

അതുകൊണ്ട് സജിചെറിയാന് സംശയം വേണ്ട…..
ചിന്മയാ വിദ്യാലയത്തിൽ കഴിഞ്ഞ ദിവസം കണ്ടത് രാഷ്ട്രീയം തന്നെയാണ്………
നിങ്ങൾക്ക് പരിചയമില്ലാത്ത വികസന രാഷ്ട്രീയം..

shortlink

Related Articles

Post Your Comments

Related Articles


Back to top button