തിരുനെല്‍വേലി : വിശ്വഹിന്ദു പരിഷത്തിന്റെ രാമരാജ്യ രഥയാത്രയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷവും. രഥം ചൊവ്വാഴ്ച തിരുനെല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തി. രഥം സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതു സമാധാന ലംഘനത്തിനിടയാക്കുമെന്ന് ആരോപിച്ച് ആക്ടിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ എംഎല്‍എമാര്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. നാലു സ്വതന്ത്ര എംഎല്‍എമാരും ഇവരോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്നു റോഡില്‍ കുത്തിയിരിപ്പു സമരം നടത്തിയ സ്റ്റാലിനെയും പാര്‍ട്ടി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണു രഥയാത്ര വരുന്നതെന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. അയോധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ രഥയാത്ര സംസ്ഥാനത്തേക്കെത്തുന്നതു കോടതിയലക്ഷ്യമാകും. വിഎച്ച്പിയുടെ സമ്മര്‍ദതന്ത്രമായി മാത്രമേ ഇതിനെ കാണാനാകൂ. അണ്ണാഡിഎംകെ സര്‍ക്കാരിനെതിരെയും സ്റ്റാലിന്‍ ആഞ്ഞടിച്ചു. സ്വന്തം സ്ഥാനവും സര്‍ക്കാരിനെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പളനിസാമി രഥയാത്രയ്ക്ക് അനുമതി നല്‍കിയതെന്നായിരുന്നു വിമര്‍ശനം.
അതിനിടെ, തിരുനെല്‍വേലിയില്‍ രഥയാത്രയ്‌ക്കെതിരെ സമരം ശക്തമായതിനെത്തുടര്‍ന്നു സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 23 വരെ ഇതു തുടരും. വിടുതലെ ചിരുതൈഗള്‍ കക്ഷി (വിസികെ) അംഗങ്ങളാണ് ഇവിടെ പ്രതിഷേധവുമായി എത്തിയത്. ആയിരത്തിലേറെ പൊലീസുകാരെയാണു തമിഴ്‌നാട്ടില്‍ രഥയാത്രയ്ക്കു സുരക്ഷയൊരുക്കാന്‍ വിന്യസിച്ചിരിക്കുന്നത്.
Post Your Comments