രണ്ടായിരത്തോളം സ്കൂളുകള്‍ പൂട്ടാന്‍ നീക്കം : പെരുവഴിയിലാകുന്നത് ഒരു ലക്ഷത്തോളം അധ്യാപകർ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടുമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പെരുവഴിയിലാകുന്നത് ഒരു ലക്ഷത്തോളം അധ്യാപകരും നാല്‍പ്പതിനായിരത്തോളം അനധ്യാപകരും. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും. ഇത്തരം 1,800 വിദ്യാലയങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വിവര ശേഖരണം പൂര്‍ത്തിയാകുമ്ബോള്‍ എണ്ണം ഇരട്ടിയിലധികമാകും.

5,000 വിദ്യാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മാനേജ്മെന്റുകളുടെ സംഘടനകള്‍ പറയുന്നു. എഇഒമാരാണ് സ്കൂളുകളുടെ പട്ടിക തയ്യാറാക്കുന്നത്. ഡിപിഐയുടെ അനുമതിയോടെ സ്കൂളുകള്‍ നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്ന പ്രക്രിയയാണ് നടന്നുവരുന്നത്. നോട്ടീസ് ലഭിച്ചതോടെ ചില മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങിയിട്ടുണ്ട്.ടിടിസിയും ബിഎഡുമുള്ളവരാണ് ഇവിടങ്ങളിലെ അധ്യാപകര്‍. സര്‍ക്കാര്‍ സിലബസും സിബിഎസ്സിയും പഠിപ്പിക്കുന്ന യുപി മുതല്‍ ഹൈസ്ക്കൂള്‍ വരെ ഇവയിലുണ്ട്. ഇതില്‍ 35 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളുമുണ്ട്.

250 കുട്ടികള്‍ വേണമെന്നാണ് നിയമം. 249 കുട്ടികള്‍ ഉള്ള സ്കൂളകള്‍ പോലും പൂട്ടാനുള്ള പട്ടികയിലുണ്ട്. അധ്യാപകരെപ്പോലെ ആശങ്കയിലാണ് അനധ്യാപക ജീവനക്കാരും. ക്ലറിക്കല്‍ ജീവനക്കാര്‍, ആയമാര്‍, ഡ്രൈവര്‍മാര്‍ വരെ ഇതില്‍പ്പെടുന്നു. ശമ്പളം കുറവാണെങ്കിലും വിദ്യാലയങ്ങള്‍ നിര്‍ത്തിയാല്‍ കിട്ടുന്ന വേതനം കൂടി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഇവര്‍.ഇവ നിര്‍ത്തലാക്കുന്നതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂടും എന്നാണ് വിലയിരുത്തല്‍.

എന്നാല്‍ മൂന്നു മുതല്‍ നാലു ശതമാനം വരെ വിദ്യാര്‍ത്ഥികള്‍ മാത്രമേ വര്‍ധിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികളും അഡ്മിഷന്‍ നേടുന്നത് എയ്ഡഡ്-അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.

Share
Leave a Comment