KeralaLatest NewsNews

80 കിലോയിലധികം ഭാരമുള്ളയാളുടെ കത്തിക്കരിഞ്ഞ മൃതദ്ദേഹം : കൊലപാതകം : തിരിച്ചറിയാന്‍ ആധാര്‍ വിവരങ്ങള്‍ തേടി പൊലീസ്

കോഴിക്കോട്: ആറുമാസം മുമ്പ് കോഴിക്കോട് പറമ്പില്‍ ബസാര്‍ പോലൂരില്‍ കാടുമൂടിയ പ്രദേശത്ത് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഉത്തരം തേടി ക്രൈംബ്രാഞ്ചും അലയുന്നു . ലോക്കല്‍ പോലീസ് മൂന്നുമാസം രാപ്പകല്‍ അന്വേഷിച്ചിട്ടും ഉത്തരം കിട്ടാതിരുന്ന കേസാണിപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

168 സെന്റീ മിറ്റര്‍ പൊക്കവും എണ്‍പത് കിലോയിലധികം ഭാരവുമുണ്ടായിരുന്ന മൃതദേഹം ആരുടേതാണെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ കണ്ടെത്താനാണിതുവരേയും കഴിയാത്തത്. മരിച്ചയാളുടെ കൈവിരലിലെ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ വഴി തിരിച്ചറിയാനാവുമെന്ന് കേസന്വേഷിച്ച ചേവായൂര്‍ പോലീസ് കരുതി. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ ആധാര്‍ ഡാറ്റാബാങ്ക് തയാറായില്ല.

തുടര്‍ന്നാണ് കേസ് ഒന്നരമാസം മുമ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആധാര്‍ വിവരങ്ങള്‍ ലഭിക്കാനുള്ള മറ്റു മാര്‍ഗങ്ങളാണ് ക്രൈംബ്രാഞ്ചും തേടുന്നത്. ജീവിച്ചിരിക്കുന്ന ഒരാളുടെ വിവരങ്ങളല്ല പകരം മരിച്ചയാളെ തിരിച്ചറിയാനുള്ള വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കി ഇനിയും ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചും ആലോചിക്കുന്ന
ത്.

ആധാര്‍ വിവരങ്ങള്‍ വഴി മരിച്ചയാളെ തിരിച്ചറിയുന്നതിനായി മൃതദേഹത്തിലെ കൈവിരലിലെ രേഖ പോലീസ് ശേഖരിച്ചിരുന്നു. ഈ രേഖ ആധാര്‍ ഡാറ്റാ ബാങ്കില്‍ എത്തിച്ചു അവിടുത്തെ സര്‍വറില്‍ ഉപയോഗിച്ചാല്‍ മരിച്ചയാളിന്റെ വിവരങ്ങള്‍ അറിയാനാവുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. ഇന്ത്യയില്‍ എവിടെ നിന്നായായാലും ആധാര്‍ കാര്‍ഡ് എടുത്ത ആളാണെങ്കില്‍ അദ്ദേഹത്തിന്റെ വിവരങ്ങള്‍ കൈവിരലിലെ രേഖകള്‍ ഉപയോഗിച്ച് കണ്ടെത്താമെന്ന് കരുതിയ പോലീസിനു പക്ഷേ ആധാര്‍ വിവരങ്ങള്‍ ലഭിച്ചില്ല. ആറുമാസമായി ലോക്കല്‍ പോലീസ് -ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മൃതദേഹം മലയാളിയുടേത് തന്നെയാണോയെന്നു പോലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം, കൊല്ലപ്പെട്ടത് മലയാളിയാണെന്ന നിഗമനം മാത്രമാണുള്ളത്. ഇതരസംസ്ഥാനത്തൊഴിലാളികളുടെ രൂപസാദൃശ്യത്തിലേയ്‌ക്കെത്തുന്ന തെളിവുകളൊന്നും ലഭിക്കാത്തതിനാലാണ് മലയാളിയാണെന്ന സംശയത്തില്‍ പോലീസ് നില്‍ക്കുന്നത്. കൊല്ലപ്പെട്ട് ആറു മാസം കഴിഞ്ഞിട്ടും കാണാതായ ആളെ തേടി ഇതുവരേയും ബന്ധുക്കളെത്താത്തതും അന്വേഷണത്തെ ബാധിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ പറമ്പില്‍ ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടത്തുള്ള കാടുമൂടിയ പ്രദേശത്താണ് പുരുഷന്റെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. സൂപ്പര്‍ ഇംപോസിംഗ് സംവിധാനത്തിലൂടെ കൂടുതല്‍ വ്യക്തതയുള്ള രേഖാ ചിത്രം തയാറാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. സങ്കീര്‍ണമായ വഴികളിലൂടെയായിരുന്നു ലോക്കല്‍ പോലീസ് ഈ കേസ് അന്വേഷിച്ചത്. സംഭവം നടന്നതിനു തൊട്ടുമുമ്പും ശേഷവും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരുടെ വിവരങ്ങള്‍ വരെ ശേഖരിച്ച് അന്വേഷിച്ചിരുന്നു.

വിമാനത്താവളത്തില്‍ വരികയും പോവുകയും ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരില്‍നിന്ന് 400 പേരുടെ പട്ടിക തയാറാക്കിയായിരുന്നു പോലീസ് അന്വേഷിച്ചത്. എന്നിട്ടും മരിച്ചയാളെകുറിച്ച് പോലീസിനു യാതൊരു വിവരവും ലഭിച്ചിട്ടില്ല. കേസ് ക്രൈംബ്രാഞ്ചിന് രേഖാമൂലം കൈമാറിയിട്ടുണ്ടെങ്കിലും ലോക്കല്‍ പോലീസ് ഇപ്പോഴും ഇതിനു പിറകിലുണ്ടെന്ന് ചേവായൂര്‍ സിഐ കെ.കെ. ബിജു പറഞ്ഞു. നിലവില്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം സിഐ ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button