ജിദ്ദ : സൗദിയില്‍ പ്രവാസികള്‍ കയ്യടക്കിയ ഈ മേഖലയും തൊഴിലും ഇന്ന് മുതല്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമായി. പ്രവാസികള്‍ കൂടുതല്‍ പേരും ജോലി ചെയ്തിരുന്നത് വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന റെന്റ്-എ- കാര്‍ കടകളിലാണ് . ഈ മേഖലയിലാണ് ഇന്ന് മുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൊതുഗതാഗത അതോറിറ്റിയുടെ കൂടി സഹകരണത്തോടെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്ന തീരുമാനപ്രകാരം ഈ മേഖലയിലെ അക്കൗണ്ടിങ്, സൂപ്പര്‍വൈസിങ്, സെയില്‍സ്, റെസിപ്റ്റ് ആന്റ് ഡെലിവറി തുടങ്ങിയ ജോലികള്‍ ഇനി മുതല്‍ സൗദി യുവതി യുവാക്കള്‍ക്കു മാത്രം. രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്.നിലവില്‍ റെന്റ് എ കാര്‍ ജോലികളില്‍ സ്വദേശികളുടെ അനുപാതം വളരെ കുറവാണ്.
അതേസമയം റെന്റ് എ കാര്‍ കടകളിലെ ജോലി സ്വദേശി തൊഴിലന്വേഷകര്‍ക്ക് ആകര്‍ഷകമാകുമോ എന്ന ആശങ്ക വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. ഇത്തരം കടകള്‍ പൊതുവെ രണ്ടു ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആകര്‍ഷകമായ വേതന വ്യവസ്ഥകളും ഭൂരിഭാഗം കടകളിലും ഉണ്ടായെന്നു വരില്ല. അവധി ദിവസങ്ങളും കുറവാണ്. പെരുന്നാള്‍ അവധികള്‍ ഇത്തരം കടകളുടെകൂടി സീസണ്‍ ആയതിനാല്‍ ആ സമയങ്ങളില്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കാനും ബുദ്ധിമുട്ടാണ്. ഇത്തരം കാരണങ്ങളാല്‍ പ്രാപ്തരായവരെ ജോലിയ്ക്കു ലഭിക്കാന്‍ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം സാഹചര്യങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം റെന്റ് എ കാര്‍ ബിസിനസിനെ എത്രത്തോളം ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
റെന്റ് എ കാര്‍ കടകളിലെ തൊഴില്‍ പരിശീലനാര്‍ഥം അപേക്ഷകര്‍ക്ക് വേണ്ടി മാനവ ശേഷി വികസന ഫണ്ട് നടത്തുന്ന ദറൂബ് വഴി സൗജന്യ ഇലക്ട്രോണിക് കോഴ്സുകള്‍ ഏര്‍പ്പെടുത്തി. ഈ രംഗത്തെ തൊഴിലുടമകള്‍ക്ക് വേണ്ടി ഉത്തേജന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, സൗദിവല്‍ക്കരണം ഫലപ്രദമാകുന്നതിനായി നിരവധിനടപടികളാണ് തൊഴില്‍ മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുള്ളത്. തൊഴിലന്വേഷകരെ വിവിധ തൊഴിലുകള്‍ക്കു യോഗ്യരാക്കുന്നതിനുള്ള സാങ്കേതികവും മറ്റുമായ പരിശീലനങ്ങള്‍, ഇലക്ട്രോണിക് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരിശീലനം, സ്വന്തമായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സാമ്പത്തികമായ പിന്തുണ, ദേശീയ തൊഴിലുറപ്പ് പദ്ധതി, തൊഴില്‍ അപേക്ഷകരെയും തൊഴിലുടമകളെയും പരിചയപ്പെടുത്തുന്നതിനുള്ള സംഗമങ്ങള്‍, സ്വയം തൊഴില്‍ സപ്പോര്‍ട് പദ്ധതി, വിദൂര തൊഴില്‍ പദ്ധതി തൊഴില്‍ തദ്ദേശവല്‍ക്കരണ തീരുമാനങ്ങള്‍ നടപ്പിലാവുന്നുണ്ടെന്നു ഉറപ്പുവരുത്താനുള്ള നടപടികള്‍ എന്നിവ സ്വദേശിവല്‍കരണം ഫലപ്രദമാക്കുന്നതിനായി ഏര്‍പ്പെടുത്തിയ നീക്കങ്ങളാണ്.
Post Your Comments