മുംബൈ•പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ആഭരണ വ്യാപാരി നീരവ് മോദി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ തിരിച്ചുപിടിച്ചു.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ നീരവ് മോദിയുടെ കമ്പനി ഏറ്റെടുത്ത സ്ഥലമാണ് കാളവണ്ടികളില്‍ എത്തിയ 200 ഓളം കര്‍ഷകര്‍ പിടിച്ചെടുത്ത്. കര്‍ജാത് താലൂക്കിലെ ഖണ്ടലയിലുള്ള ഭൂമിയില്‍ പ്രതീകാത്മകമായി ട്രാക്ടര്‍ ഉപയോഗിച്ച് നിലംഉഴുകുകയും ചെയ്തു.
നീരവ് മോദി തങ്ങള്‍ക്കു മതിപ്പുവിലയെക്കാള്‍ കുറഞ്ഞ തുക നല്‍കി പറ്റിച്ചാണു സ്ഥലം വാങ്ങിയതെന്നാരോപിച്ചായിരുന്നു കൈയേറ്റം. സ്ഥലത്തു വൈകാതെ കൃഷിയിറക്കുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നീരവ് മോദിയുടെ ഫയര്‍ സ്റ്റാര്‍ എന്ന കമ്പനി കര്‍ഷകരില്‍ നിന്നും ഭൂമി വാങ്ങിയത്. ഏക്കറിന് 15,000 രൂപ എന്ന നിരക്കിലാണു നീരവ് മോഡി ഭൂമി വാങ്ങിയതെന്നു കര്‍ഷകരുടെ അഭിഭാഷകനായ കര്‍ഭാരി ഗാവ്ലി പറഞ്ഞു.
ഈ പ്രദേശത്തെ ഭൂമിയുടെ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നഷ്ടപരിഹാര നിരക്ക് ഏക്കറിന് 20 ലക്ഷം രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
നീരവ് ഒളിവിലായതോടെ ഈ ഭൂമി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തിരുന്നു. കാലി ആയി മുക്തി സംഗ്രാം എന്ന കര്‍ഷക സംഘടനയാണു ഭൂമി ഏറ്റെടുക്കലിനു നേതൃത്വം നല്‍കിയത്. ദേശീയ പതാകയുമേന്തി വന്ന കര്‍ഷകര്‍ ഛത്രപതി ശിവജിയുടെയും ഡോക്ടര്‍ ബി.ആര്‍. അംബേദ്കറിന്റെയും ഛായാചിത്രങ്ങളും കൊണ്ടുവന്നിരുന്നു.
Post Your Comments