ലക്നൗ•ഉത്തര്‍പ്രദേശില്‍ യോഗി മന്ത്രിസഭയിലെ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മരുമകന്‍ ഡോ.നവല്‍ കിഷോര്‍ ശാക്യ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്.പി മേധാവി അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ശാക്യയുടെ പാര്‍ട്ടി പ്രവേശനം.
ക്യാന്‍സര്‍ സര്‍ജറി വിദഗ്ധനായ ശാക്യ ഫറുഖാബാദ് നഗരത്തില്‍ ഒരു ആശുപത്രി നടത്തി വരികയാണ്.
ബുദ്ധിസത്തില്‍ തനിക്ക് അതീവ താല്‍പര്യമുണ്ടെന്നും സങ്കാസ എന്നറിയപ്പെടുന്ന പ്രധാന ബുദ്ധിസ്റ്റ് കേന്ദ്രമായ ഫറുഖാബാദിന്റെ വികസനം ആഗ്രഹിക്കുന്നതായും ശാക്യ പറഞ്ഞു.
ബി.എസ്.പി എപ്പോഴും ബുദ്ധമതക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മായാവതി ഈ പ്രദേശത്തിന്റെ വികസനത്തിനു വേണ്ടി അധികമൊന്നും ചെയ്തില്ല. സമാജ് വാദി പാർട്ടിയിൽ അതിനുള്ള സാധ്യത കണ്ടെത്തിയതിനാലാണ് അതില്‍ ചേരുന്നതെന്നും ശാക്യ പറഞ്ഞു.
ശാക്യയുടെ രാഷ്ട്രീയ പ്രവേശനം ഏറെക്കുറെ വിരോധാഭാസമാണ്. 2012 ല്‍ ശാക്യയുടെ ഭാര്യ ബി.എസ്.പി ടിക്കറ്റില്‍ ഇറ്റയിലെ അലിഗഞ്ച് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ശാക്യ ഇതിന് എതിരായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ സംഘമിത്ര തോല്‍ക്കുകയും ചെയ്തു. 2017 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍, സിര്‍പുര നഗര്‍ പഞ്ചായത്ത് ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്ക് സ്വതന്ത്രയായി മത്സരിച്ച് പരാജയപ്പെട്ട അമ്മായിയമ്മ രാംകലിയ്ക്കെതിരെ സംഘമിത്ര പ്രചാരണം നടത്തിയിരുന്നു.
അമ്മയിയച്ചന്‍ സ്വാമി പ്രസാദുമായി തനിക്ക് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ശാക്യ പറഞ്ഞു. സംഘമിത്രയുമായി പ്രശ്നങ്ങളുണ്ട്. ലക്നൗ കിംഗ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റി (കെ.ജി.എം.യു) യില്‍ തന്റെ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു സംഘമിത്ര. പ്രണയത്തിലായ തങ്ങള്‍ 2010 ല്‍ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഏഴ് വയസുള്ള ഒരു മകനുണ്ട്. അവന്‍ ഇപ്പോള്‍ അവള്‍ക്കൊപ്പമാണെന്നും ശാക്യ പറഞ്ഞു.
“2012 ല്‍ അവള്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. രാഷ്ട്രീയം കുടുംബങ്ങളെ എങ്ങനെ തകര്‍ത്തുവെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. അന്ന് മുതല്‍ വേര്‍പിരിഞ്ഞാണ് താമസം. ഇപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് അത്തരത്തില്‍ ഒരു ഉത്തരവാദിത്തങ്ങളും ഇല്ലാത്തത് കൊണ്ടും സങ്കാസയുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമാണ്”-ശാക്യ പറയുന്നു.
കെ.ജി.എം.യുവില്‍ രണ്ട് വര്‍ഷത്തോളം റെസിഡന്റ് ഡോക്ടറായി പ്രവര്‍ത്തിച്ച ശാക്യ ഇപ്പോള്‍ ഫറുഖാബാദില്‍ ഒരു ആശുപത്രിയും ലക്നൗവില്‍ ഒരു ക്യാന്‍സര്‍ ആശുപത്രിയും നടത്തി വരുകയാണ്.
Post Your Comments