തൃശൂര്‍: ”ദാ നില്‍ക്കുന്നു, നമ്മുടെ ആള്’….അനഘയെ കണ്ടപ്പോഴുള്ള സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം തന്നെ ഇങ്ങനെയായിരുന്നു. എന്നാല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനഘയ്ക്ക് അത് ഒരു ജന്മത്തിന്റെ മുഴുവന്‍ ആഗ്രഹസഫലീകരണമായിരുന്നു. കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്തു നടന്ന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ താരമാണ് അനഘ. ഇഷ്ടതാരമായ സുരേഷ് ഗോപി വരുന്നുണ്ടെന്നു പറഞ്ഞാണ് അനഘയെ വീട്ടുകാരും സംഘാടകരും മത്സരവേദിയിലെത്തിച്ചത്. മത്സരം കഴിഞ്ഞതോടെ സദസിലെത്തിയ അനഘ, സൂപ്പര്‍താരം എവിടെയെന്നു ചോദിച്ചു. അന്ന് അദ്ദേഹം എത്തിയിരുന്നില്ല. അത് അനഘയെ ഒരുപാട് നിരാശയാക്കിയിരുന്നു.
Also Read : അന്ധനായ വാസുവിന്റെ കുടുംബത്തെ ജപ്‌തിയിൽ നിന്ന് രക്ഷിച്ച് സുരേഷ് ഗോപി എം.പി
ഇക്കാര്യം അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വാര്‍ത്തയായി വരികയും ചെയ്തിരുന്നു. വാര്‍ത്ത വായിച്ച സുരേഷ് ഗോപി, തൃശൂരിലോ ഗുരുവായൂരിലോ എത്തുമ്പോള്‍ അനഘയെ കാണാമെന്ന് ദീപികയുടെ തിരുവനന്തപുരം ലേഖകനെ അറിയിച്ചിരുന്നു. ഇന്നലെ ജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെ ക്രിസ്റ്റല്‍ ജൂബിലി സമ്മേളനത്തിനായി ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വരുന്നുണ്ടെന്ന് അറിയിച്ചതനുസരിച്ചാണ് അനഘയും വീട്ടുകാരും എത്തിയത്.
ഇന്നലെ അരികിലെത്തിയ സൂപ്പര്‍താരം കൈനീട്ടിയപ്പോള്‍ അനഘ ഹസ്തദാനം നല്‍കി. ”മിടുക്കീ’ എന്നു വിളിച്ച് സുരേഷ് ഗോപി അനഘയെ ചേര്‍ത്തുപിടിച്ചു. അനഘയോടും കൂടെയുണ്ടായിരുന്ന അമ്മ ഉഷയോടും സഹോദരന്‍ അക്ഷയ്‌നോടുമെല്ലാം കുശലാന്വേഷണങ്ങള്‍. പിന്നെ അനഘയെയും കുടുംബാംഗങ്ങളെയും അദ്ദേഹം ചായക്കു ക്ഷണിച്ചു. ചായയും പഴംപൊരിയും ഇഷ്ടതാരത്തോടൊപ്പം കഴിച്ചു. ഒടുവില്‍ അനഘയ്ക്ക് സ്‌നേഹാശംസകളും നേര്‍ന്നാണ് സുപരേഷ്‌ഗോപി മടങ്ങിയത്.
ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കടാംപുള്ളി വീട്ടില്‍ ഷണ്‍മുഖന്റെ മകളാണ് അനഘ. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിക്കുന്നത്. ജ്യേഷ്ഠന്‍ അക്ഷയ് ബിടെക്കും എംബിഎയും കഴിഞ്ഞ് അബുദാബിയില്‍ ജോലി ചെയ്യുകയാണ്. അനഘയെ മോഹിനിയാട്ടത്തിനു പുറമേ, ഭരതനാട്യവും കുച്ചുപ്പുടിയും അഭ്യസിപ്പിച്ചത് കലാമണ്ഡലം രമടീച്ചറാണ്.
Post Your Comments