പാലക്കാട്: അട്ടപ്പാടിയിൽ സ്തനാർബുദം വർധിച്ചു വരുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് മൊബൈൽ കാൻസർ നിർണയ കേന്ദ്രം ഉടൻ തന്നെ സ്ഥാപിക്കുമെന്ന് സുരേഷ്‌ഗോപി എംപി. അട്ടപ്പാടിയിലെ കൊല്ലംകടവ് വനവാസി ഊര് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിശുമരണങ്ങൾ തടയുന്നതിനായി വിദഗ്ദ്ധരുമായി ആലോചിച്ച് സാധ്യമായ സഹായങ്ങൾ ചെയ്യും. വനവാസികളുടെ ജീവിത പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും എം.പി ഉറപ്പ് നൽകി.
കൊല്ലംകടവ് ഊരിലെത്തിയ സുരേഷ്‌ഗോപി എംപിയെ വിവിധ ഊരു മൂപ്പന്മാർ ചേർന്ന് പരമ്പരാഗത രീതിയിലാണ് സ്വീകരിച്ചത്. ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സികെ ജാനു, ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ , ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് തുടങ്ങിയവരും എം.പിക്ക് ഒപ്പമുണ്ടായിരുന്നു.
Post Your Comments