കാബൂള്‍: ട്രംപിനോടുള്ള ആരാധന മൂത്ത് സ്വന്തം മകന് അദ്ദേഹത്തിന്റെ പേര് നല്‍കിയത് ഇത്ര വലിയ പുലിവാലു പിടിക്കുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല അഫ്ഗാന്‍ സ്വദേശിയായ ഈ പിതാവ്. തന്റെ വീടും കുടുംബവും പോലും ഈ പിതാവിന് നഷ്ടപ്പെട്ടു.ട്രംപ് എഴുതിയ ‘ഹൗ ടു ഗെറ്റ് റിച്ച്’ എന്ന പുസ്തകം വായിച്ചതോടെയാണ് തനിക്ക് മകന്‍ പിറന്നാല്‍ അവന് ട്രംപിന്റെ പേരിടണമെന്ന് സയ്ദ് ഉറപ്പിച്ചത്.ആഗ്രഹം പോലെ പിറന്ന ആണ്‍കുഞ്ഞിനെ ട്രംപ് എന്ന് ഓമന പേര് വിളിച്ചു.
സയ്ദിന്റെയും ഭാര്യയുടെയും നടപടിയെ തമാശയായാണ് മാതാപിതാക്കള്‍ കണ്ടതെങ്കിലും കളി കാര്യമാണെന്ന് മനസ്സിലായതോടെ അവര്‍ അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞു. ഈ ഒറ്റക്കാരണത്താല്‍ ബന്ധുക്കളും സയ്ദിനെതിരായി. ഒടുവില്‍ അദ്ദേഹത്തിന് സ്വന്തം വീടുവിട്ട് ഇറങ്ങേണ്ടിയും വന്നു. ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പം വാടകവീട്ടിലാണ് സയ്ദിന്റെ താമസം. ഇപ്പോള്‍ ഈ കുടുംബത്തെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയുള്ള അക്രമണം അസഹ്യമായതോടെ തന്റെ പേരിലുള്ള അക്കൗണ്ടും സയ്ദ് നിര്‍ത്തി.
പുറത്തിറങ്ങുമ്പോഴൊക്കെ മറ്റുള്ളവരില്‍ നിന്ന് വിവേചനം കൂടി നേരിടുന്നുണ്ടെന്നാണ് സയദിന്റെ പരാതി.മുസ്ലീം നിയമപ്രകാരം സയ്ദ് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മതപണ്ഡിതര്‍ പറയുന്നുണ്ടെങ്കിലും അത് സമ്മതിക്കാന്‍ സമൂഹം തയ്യാറല്ല. അഫ്ഗാന്‍ ജനത ഒരു പേരിന്റെ കാര്യത്തില്‍ ഇത്രയധികം വികാരാധീനരാകുമെന്ന് തനിക്കറിയില്ലായിരുന്നെന്ന് സയദ് പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കുന്നതിനു മുമ്പേ ഡൊണാള്‍ഡ് ട്രംപ് എന്ന ബിസിനസുകാരന്റെ പ്രവര്‍ത്തനങ്ങളില്‍ സയദ് ആകൃഷ്ടനായിരുന്നു. അങ്ങനെയാണ് മകന് ആ പേരിട്ടത്. ഭാവിയിൽ കുഞ്ഞിന് ഈ പേര് കാരണം എന്തെങ്കിലും പ്രശ്നം നേരിടുമോയെന്നാണ് ഈ പിതാവിന്റെ ആശങ്ക.
Post Your Comments