ബംഗളൂരു: ഹോം ഗ്രൗണ്ടില്‍ ബംഗളൂരു എഫ്‌സിയെയും അവരുടെ ആയിരക്കണക്കിന് ആരാധകരെയും കാഴ്ചക്കാരാക്കി ചെന്നൈയിന്‍ എഫ്‌സി നാലാം സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെന്നൈയുടെ ജയം. ചെന്നൈയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.
ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബംഗളൂരു പിന്നോട്ട് പോയത്. കളിയുടെ ഒമ്പതാം മിനിട്ടില്‍ ഗോള്‍ നേടി നായകന്‍ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ചെന്നൈക്കായി പ്രതിരോധ താരം മെയ്ല്‍സന്‍ ആല്‍വസ് ഇരട്ട ഗോള്‍ നേടി. 17, 45 മിനിറ്റുകളിലായിരുന്നു ആല്‍വസിന്റെ ഗോള്‍. മൂന്നാം ഗോള്‍ 67-ാം മിനിറ്റില്‍ അഗസ്റ്റോ നേടി.
അപരാജിത കുതിപ്പിന്റെ ആത്മവിശ്വാസവുമായായിരുന്നു ബംഗളൂരു കലാശപ്പോരിന് ഇറങ്ങിയത്. ഒമ്പതാം മിനിറ്റില്‍ തന്നെ അവര്‍ അത് വ്യക്തമാക്കുകയും ചെയ്തു. ഉദാന്തയുടെ ക്രോസില്‍ നിന്ന് സുനില്‍ ഛേത്രിയുടെ ഡൈവിംഗ് ഹെഡറിലൂടെ ആയിരുന്നു ബംഗളൂരുവിന്റെ ആദ്യ ഗോള്‍. ഇതോടെ വാശിയോടെ കളിച്ച ചെന്നൈയിന്‍ എഫ്‌സി 17-ാം മിനിറ്റില്‍ ഗോള്‍ മടക്കി. ആല്‍വസിന്റെ വകയായിരുന്നു ഗോള്‍. 47-ാം മിനിറ്റില്‍ ആല്‍വസ് തന്നെ ചെന്നൈയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയില്‍ കളിയിലേക്ക് തിരിച്ചുവരാന്‍ ഛേത്രിയും സംഘവും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരുട്ടടി എന്നപോലെ 67-ാം മിനിറ്റില്‍ ചെന്നൈ വീണ്ടും ബംഗളൂരു വല കുലുക്കി. ജെജെയുടെ പാസില്‍ നിന്ന് ഒരു മികച്ച ഫിനിഷിലൂടെ റാഫേല്‍ അഗസ്റ്റോ ആണ് ചെന്നൈയിന്റെ മൂന്നാം ഗോള്‍ നേടിയത്.
കളിയുടെ അവസാന നിമിഷങ്ങളില്‍ ഛേത്രി ഒരു സുവര്‍ണ്ണാവസരം നഷ്ടമാക്കിയതോടെ ബംഗളൂരു ആരാധാകര്‍ നിരാശയിലായി. ഇഞ്ച്വറി ടൈമില്‍ മികു ഒരു ഗോള്‍ മടക്കി കളി 3-2 എന്നാക്കിയത് ചെന്നൈക്ക് സമ്മര്‍ദ്ദ നിമിഷങ്ങള്‍ നല്‍കി. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഐഎസ്എല്ലിന്റെ കിരീടത്തില്‍ ചൈന്നൈന്‍ രണ്ടാമതും മുത്തമിട്ടിരുന്നു. രണ്ട് വര്‍ഷം മുമ്പ് എഫ്‌സി ഗോവയെ 3-2 എന്ന സ്‌കോറിന് തന്നെ പരാജയപ്പെടുത്തിയാണ് ചെന്നൈന്‍ ആദ്യ കിരീടം നേടിയത്.
Post Your Comments