Latest NewsArticle

പിണറായി സര്‍ക്കാരിന്റെ മദ്യനയം ആര്‍ക്കു വേണ്ടി?

മദ്യ നിരോധനം അല്ല മദ്യ വര്‍ജ്ജനമാണ് നടപ്പിലാക്കേണ്ടതെന്നു പറഞ്ഞിട്ട് ഗ്രാമങ്ങളില്‍ പോലും മദ്യ ശാലകള്‍ തുറക്കാനുള്ള അനുമതി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തു പതിനായിരത്തിനു മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതെന്നു കണക്കാക്കി അവിടെയെല്ലാം മദ്യശാലകൾ തുറക്കാൻ അനുമതിയായി. പുതിയ ഉത്തരവ് പ്രകാരം നിശ്ചിത ജനസംഖ്യയ്ക്കു താഴെയുള്ള പഞ്ചായത്താണെങ്കിലും വിനോദസഞ്ചാര മേഖലകളുണ്ടെങ്കിൽ അവിടെയും മദ്യശാല തുറക്കാം. ടൂറിസം വകുപ്പോ നികുതി വകുപ്പോ വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിച്ചിരിക്കണമെന്നാണു വ്യവസ്ഥ. ജനസംഖ്യയുടെ കാര്യത്തിൽ നിലവിലുള്ള സെൻസസോ പഞ്ചായത്തു വകുപ്പിന്റെ രേഖകളോ ആണ് അടിസ്ഥാനം.

ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാല പാടില്ലെന്നു 2015 ഡിസംബർ 15നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ദൂരപരിധിയിൽ നിന്നു നഗരപ്രദേശങ്ങളെ ഒഴിവാക്കി പിന്നീടു 2017 മാർച്ച് 31നും മുനിസിപ്പൽ മേഖലകളെ ഒഴിവാക്കി ജൂലൈ 11നും കോടതി വിധി വന്നു. അതോടെ പഞ്ചായത്തുകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേരളം, അസം, തമിഴ്നാട് എന്നിവ കോടതിയെ സമീപിച്ചു. തുടർന്നാണു പട്ടണസ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യവിൽപനശാലകൾ തുടങ്ങാമെന്നും ഇത്തരം പട്ടണങ്ങൾ ഏതൊക്കെയെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നും ഫെബ്രുവരി 24ന് ഉത്തരവിട്ടത്.

ഉമ്മന്‍ചാണ്ടി സർക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യമില്ലാത്ത 418 ബാറുകൾ ആദ്യം പൂട്ടുകയും ടു പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രമായി ബാർ ലൈസൻസ് പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി സർക്കാരാണു ത്രീ സ്റ്റാറിനു മുകളിലുള്ളവയ്ക്കു ബാർ ലൈസൻസ് എന്ന പരിധി നിശ്ചയിച്ചത്. നിലവിൽ 286 ബാറുകളാണു 3സംസ്ഥാനത്തു പ്രവർത്തിക്കുന്നത്. പാതയോരത്തെ മദ്യ ശാല പ്രശ്നത്തില്‍ നിലപാട് അറിയിച്ച കേരളത്തിനു 500 മീറ്റർ ദൂരപരിധി പ്രകാരം പഞ്ചായത്തുകളിലെ 520 കള്ളുഷാപ്പുകളും 171 ബീയർ–വൈൻ പാർലറുകളും 12 മദ്യവിൽപനശാലകളും മൂന്നു ബാറുകളുമാണു അടച്ചിടേണ്ടി വന്നത്. ഇതിനിടെ വിൽപനശാലകളിൽ ആറെണ്ണം മാറ്റിസ്ഥാപിക്കുകയും ചെയ്തു. കൂടാതെ അറുപതോളം ബീയർ–വൈൻ പാർലറുകള്‍ ത്രീസ്റ്റാർ യോഗ്യത നേടുന്നതിനായി നവീകരിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവു പുതിയത് വന്നതിനാൽ യോഗ്യതയ്ക്കു വേണ്ടി കേന്ദ്ര ടൂറിസം വകുപ്പിനെ ഇവര്‍ക്ക് സമീപിക്കാം.

മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനാണ് പാതയോര മദ്യശാലകള്‍ക്കു സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയത്. ദേശീയ സംസ്ഥാന പാതയോരത്ത് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച് 2016 ഡിസംബറില്‍ വിധി പുറപ്പെടുവിച്ചു. എന്നാല്‍ ഈ കേസിലെ നാല്‍ വഴികളില്‍ നഗര സ്വഭാവമുള്ള പഞ്ചായത്തുകള്‍ക്ക് ഇളവ് അനുവദിക്കാമെന്ന് സുപ്രീംകോടതി അഭിപ്രായ പ്പെട്ടതോടെ ഫലത്തില്‍ പാതയോര മദ്യനിയന്ത്രണം ഇല്ലാതെയായി. ത്രീ സ്റ്റാറിനും അതിനു മുകളിലുമുള്ളവയ്ക്കും ബാർ ലൈസൻസ് നൽകുന്നതാണു സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ മദ്യനയം. എന്നാല്‍ ഇത് എന്തിനു വേണ്ടിയാണ്? കുടിയന്മാരെ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണോ സര്‍ക്കാരിന്റെ ഈ തീരുമാനം! യുഡിഎഫ് ഭരണകാലത്തു ബാർ ഇടപാടിൽ കോടികളുടെ അഴിമതി ആരോപിച്ച എൽഡിഎഫ് ഇപ്പോൾ, ഭരണം മുഴുവനായി മദ്യ രാജാക്കന്മാര്‍ക്ക് അടിയറവ് വച്ചതിനു തുല്യമാണ് ഇപ്പോഴത്തെ നിലപാടിന് പിന്നിലെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നുണ്ട്.

പഞ്ചായത്തിലെ ജനസംഖ്യയും വിനോദസഞ്ചാര മേഖലയുമെന്ന നിബന്ധനയ്ക്കു പുറമേ സർക്കാർ നിശ്ചയിച്ച ദൂരപരിധിയാണ് ഇനി മദ്യശാലകൾ തുറക്കാനുള്ള മാനദണ്ഡമായി ശേഷിക്കുന്നത്. ത്രീ സ്റ്റാർ വരെയുള്ള ഹോട്ടലുകൾ, മദ്യവിൽപന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പട്ടികജാതി–വർഗ കോളനികൾ, ശ്മശാനങ്ങൾ എന്നിവയിൽ നിന്ന് 200 മീറ്റർ ദൂരപരിധി പാലിക്കണം. ഫോർ സ്റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകളുടെ ദൂരപരിധി 50 മീറ്ററാണ്. കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും പതിനായിരത്തിനു മേലാണു ജനസംഖ്യ. അതുകൊണ്ട് തന്നെ സർക്കാർ ഉത്തരവ് പ്രാബല്യത്തി ലാവുമ്പോൾ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലെയും മദ്യശാലകള്‍ തുറക്കും. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇത് മാത്രമല്ലേ സര്‍ക്കാരിന് അറിയൂ…

 

അനില്‍ കുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button