പത്തനംതിട്ട : ലഹരി മരുന്നു മാഫിയയുടെ കെണിയില്‍പ്പെട്ട് മലേഷ്യയില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടത് നാലു മലയാളികൾ. ഈ മലയാളി യുവാക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാര്‍ഥനയുമായി കഴിയുകയാണ് ബന്ധുക്കള്‍. സംഭവം പുറംലോകം അറിയുന്നത് ചിറ്റാര്‍ സ്വദേശി സജിത്ത് സദാനന്ദനെ (29) മോചിപ്പിക്കാന്‍ ഭാര്യ അഖില കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയതോടെയാണ്. ക്വലാലംപുരിലെ ജയിലഴിക്കുള്ളില്‍ സജിത്തിനുപുറമേ പത്തനാപുരം സ്വദേശി രഞ്‌ജിത്ത് രവീന്ദ്രന്‍ (28), കോട്ടയം എരുമേലി സ്വദേശി എബി അലക്‌സ് (37), കൊല്ലം വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍ (30) എന്നിവരാണ് കഴിയുന്നത്.
വെല്‍ഡിങ് പഠിച്ച സജിത്ത് സദാനന്ദന്‍ മലേഷ്യയിലേക്ക് ജോലിതേടി പോയത് മലേഷ്യയില്‍ ജോലി ചെയ്‌തിരുന്ന എബി അലക്‌സിന്റെ പ്രേരണയിലാണെന്ന് അഖില പറയുന്നു. ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും വിസയ്‌ക്കായി ഒരു ലക്ഷം മുന്‍കൂര്‍ നല്‍കണമെന്നുമാണ് എബി അറിയിച്ചിരുന്നത്. ചെന്നൈയില്‍ താമസിക്കുന്ന ഏജന്റ് വര്‍ക്കല സ്വദേശി ഇക്ക എന്നുവിളിക്കുന്ന അനൂബിനും സഹോദരന്‍ മാമ എന്നു വിളിക്കുന്ന ഷാജഹാനും ആദ്യ ഗഡുവായി അമ്പതിനായിരം രൂപ കൈമാറി.
ശമ്പളത്തില്‍നിന്നു ബാക്കി തുക പിടിക്കുമെന്നാണ് ഇവര്‍ അറിയിച്ചത്. തുടർന്ന് മലേഷ്യയിലെത്തി മെര്‍ക്കുറി എന്ന കമ്പനിയില്‍ 2013 ജൂലൈ ഒമ്പതിന് ജോലിയില്‍ പ്രവേശിച്ചു. ഇത് പ്ലാസ്‌റ്റിക് നിര്‍മാണ കമ്പനിയായിരുന്നു. സജിത്ത് ക്‌ളീനിങ് ജോലിയാണു തനിക്കെന്ന് അഖിലയെ അറിയിച്ചിരുന്നു. എന്നാൽ പിന്നീടാണ് സ്‌ഥിരംവിസ എന്ന പേരില്‍ ഏജന്റ് നല്‍കിയത് വിസിറ്റിങ് വിസ ആയിരുന്നെന്നു മനസിലായത്. കമ്പനി അധികൃതരുടെ പക്കലായിരുന്നു പാസ്‌പോര്‍ട്ട് അടക്കമുള്ള എല്ലാ രേഖകളും.’
read also: കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ മലയാളി യുവാവും യുവതിയും പിടിയില്‍
സജിത്തിന്റെ താമസസ്‌ഥലത്ത് 2013 ജൂലൈ 26ന് പുലര്‍ച്ചെ പോലീസ് റെയ്‌ഡ് നടന്നു. മലേഷ്യന്‍ സ്വദേശിയുടെ ബാഗില്‍നിന്നു മയക്കുമരുന്ന് കണ്ടെത്തിയതോടെ മുറിയിലുണ്ടായിരുന്ന ചിറ്റാര്‍ സ്വദേശി സിജോ തോമസ്, മാവേലിക്കര സ്വദേശി രതീഷ് രാജന്‍, വര്‍ക്കല സ്വദേശി മുഹമ്മദ് ഷബീര്‍ ഷാഫി തുടങ്ങിയവരെ കസ്‌റ്റഡിയിലെടുത്തു. കമ്പനിയിലും നിമിഷങ്ങള്‍ക്കുള്ളില്‍ റെയ്‌ഡ് നടന്നു. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത്ത് സദാനന്ദന്‍, എബി അലക്‌സ്, രഞ്‌ജിത്ത് രവീന്ദ്രന്‍, സുമേഷ് സുധാകരന്‍, മലേഷ്യക്കാരന്‍ സര്‍ഗുണന്‍ എന്നിവര്‍ പിടിയിലായി.
കമ്പനി അധികൃതര്‍ വക്കീലിനെ നിയമിച്ചിട്ടുണ്ടെന്നും വൈകാതെ ജയില്‍മോചിതനാകുമെന്നും വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്നും ഇടയ്‌ക്കു സജിത്ത് ഫോണില്‍ അഖിലയെ അറിയിച്ചിരുന്നു.
Post Your Comments