ആരോഗ്യ ഇൻഷുറൻസ് പദ്ധതികള്‍ എക്കാലത്തും ഗുണപ്രദമാണ്. ഗുരുതര രോഗങ്ങൾക്കും അവയവം മാറ്റിവയ്ക്കൽ പോലുള്ളവയ്ക്കും ഉണ്ടാകുന്ന ചിലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസരത്തില്‍ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബ ആരോഗ്യ ഇൻഷുറൻസ് ഒരുങ്ങുന്നു. ആറുലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള പദ്ധതിയാണ് തയ്യാറാകുന്നത്. പുതിയ പദ്ധതിയ്ക്ക് ധനവകുപ്പ് അന്തിമ രൂപം നൽകി. ഗുരുതര രോഗങ്ങൾക്കും അവയവം മാറ്റിവയ്ക്കൽ പോലുള്ളവയ്ക്കും മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ പരിരക്ഷ 12 ലക്ഷം രൂപ വരെയാക്കും. ഈ തുകയ്ക്കു മുകളിൽ ചെലവു വരുന്നുവെങ്കിൽ സർക്കാരിൽ നിന്നു മൂന്നുലക്ഷം കൂടി നൽകാനും പദ്ധതിയില്‍ തീരുമാനമുണ്ട്. ഇതിനായി 25 കോടി രൂപ മാറ്റിവയ്ക്കും. മൂന്നുവർഷം കൂടുമ്പോൾ പദ്ധതി പരിഷ്കരിക്കും.
കിടത്തി ചികിൽസയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിയ്ക്കുക. സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുടെ സമ്മർദത്തെ തുടർന്നു സർവകലാശാലകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരെയും ഈ പദ്ധതിയില്‍ ഉൾപ്പെടുത്തും. ഇതോടെ പരിരക്ഷ ലഭിക്കുന്നവർ 11 ലക്ഷത്തോളമാകും. എല്ലാ വിഭാഗങ്ങൾക്കും 300 രൂപയാണു പ്രതിമാസ പ്രീമിയം തുക. പെൻഷൻകാരുടെ നിലവിലെ മെഡിക്കൽ അലവൻസായ 300 രൂപയാണു പ്രീമിയത്തിലേക്കു മാറ്റുന്നത്. പദ്ധതിയിൽ അംഗമാകുന്നവരുടെ പിതാവ്, മാതാവ്, ഭാര്യ/ ഭർത്താവ്, മക്കൾ എന്നിവർക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ട്. എന്നാല്‍ മക്കളുടെ കാര്യത്തില്‍ വിവാഹം അല്ലെങ്കില്‍ 25വയസ്സ് ഇതാണ് പരിധിയായി നല്‍കിയിരിക്കുന്നത്. അതേസമയം 60 ശതമാനത്തിനു മുകളിൽ വൈകല്യമോ ഭിന്നശേഷിയോ ഉണ്ടെങ്കിൽ പ്രായപരിധിയില്ല.
ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിൽസ നടത്തണം. എങ്കില്‍ മാത്രമേ ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകൂ. കൂടാതെ ഈ പദ്ധതി ലഭിക്കുന്ന ആശുപത്രികളിൽ കുറഞ്ഞത് 50 കിടക്കകളും മൂന്നു ഡോക്ടർമാരും വേണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്. ഡോക്ടറുടെ മുഴുവൻസമയ സേവനം ഉണ്ടായിരിക്കണം. ചികിൽസാരേഖകൾ ഹാജരാക്കി 15 ദിവസത്തിനകം ആശുപത്രിക്കു കമ്പനി പണം നൽകണമെന്നാണു വ്യവസ്ഥ. ഒപിയിൽ പോകുന്നവർക്കു സർക്കാർ നേരിട്ടു പണം മടക്കിനൽകും. സർക്കാർ ആശുപത്രികളിലെ ഒപി ചികിൽസയ്ക്കു മാത്രമാണിത്. ഇൻഷുറൻസ് പ്രീമിയ ത്തിലൂടെ വർഷം 350 കോടിയോളമാണു ലഭിക്കുന്നത്. ഇപ്പോൾ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള വൈദ്യസഹായത്തുക വഴി സർക്കാരിനു വർഷം 270 കോടി രൂപ ചെലവാകുന്നുണ്ട്. ഈ ബാധ്യത ഒഴിവാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
ധനവകുപ്പു തയാറാക്കിയ പദ്ധതിയുടെ കരടു രൂപത്തില്‍ 22നു ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തും. ചർച്ചയിൽ കൂടുതൽ ആവശ്യങ്ങൾ ഉയർന്നാൽ പ്രായോഗികവശം കൂടി പരിഗണിച്ചു തീരുമാനിക്കുമെന്നു ധനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Post Your Comments