Latest NewsKeralaNews

യാത്രക്കാരന് നെഞ്ചുവേദന: വിമാനം അടിയന്തിരമായി കരിപ്പൂരിൽ ഇറക്കി

കരിപ്പൂര്‍: യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. തിരുവനന്തപുരത്തുനിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എകസ്​പ്രസ്സിന്റെ ഐ.എക്‌സ് 355 തിരുവനന്തപുരം-ഷാര്‍ജ വിമാനമാണ് കോഴിക്കോട്ട് നിലത്തിറക്കിയത്. വ്യാഴാഴ്ച രാവിലെ 8.20നായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ഷാര്‍ജയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനത്തിലെ യാത്രക്കാരനായ തിരുവനന്തപുരം കൊച്ചുവേളി സാജന്‍ ക്വാര്‍ട്ടേഴ്‌സില്‍ സജിത്തി(38)ന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഇയാള്‍ക്ക് ബോധം നഷ്ടമായതോടെ അടുത്ത വിമാനത്താവളമായ കോഴിക്കോട് വിമാനമിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. വിവരം ലഭിച്ച വിമാനത്താവള സുരക്ഷാസേനയും എയര്‍ ട്രാഫിക്ക് കണ്‍ട്രോളും അടിയന്തര ലാന്റിങ്ങിനുള്ള സൗകര്യമൊരുക്കി. നിലത്തിറങ്ങിയ വിമാനത്തില്‍നിന്ന് എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുറഞ്ഞസമയത്തിനകം ഇയാളെ പുറത്തെത്തിച്ചു. വിമാനത്താവള ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ പ്രശ്ങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.

എന്നാല്‍ ബോധമില്ലാത്തതിനാല്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.തിരുവനന്തപുരത്തെ ബന്ധുക്കളെ വിവരമറിയിച്ചു. 10 മണിയോടെയാണ് ഇയാള്‍ക്ക് ബോധം തിരിച്ചുകിട്ടിയത്. നേരത്തെ ലഭിച്ച റൂട്ട് ഷെഢ്യൂള്‍ റദ്ദായതിനാല്‍ വിമാനത്തിന് 10 മണിക്കാണ് കോഴിക്കോട് വിടാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button