കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ സേനയുടെ വിമാന റാഞ്ചല്‍ നാടകം.( മോക് ഡ്രിൽ). ഒരു അപകട ഘട്ടം ഉണ്ടായാല്‍ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ ‘ഭീകരരുടെ വിമാന റാഞ്ചലില്‍’ കണ്ടത്. മോക് ഡ്രില്ലിന്റെ പരിശീലനത്തിന് നേതൃത്വംനല്‍കാന്‍ ഡല്‍ഹിയില്‍ നിന്ന് പ്രത്യേക എന്‍.എസ്.ജി. വിഭാഗം കോഴിക്കോട്ടെത്തിയിരുന്നു. പരിശീലനം വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെ ഉത്തമ ഉദാഹരണമായി മാറി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.55-നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം, നൂറിലധികം യാത്രക്കാരുമായി ഗള്‍ഫിലേക്ക് പറക്കാനൊരുങ്ങിയ വിമാനം റാഞ്ചിയതായി വിമാനത്താവള സുരക്ഷാചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാസേനയ്ക്ക് വിവരം കൈമാറിയത്. തുടര്‍ന്ന് വളരെ വേഗത്തില്‍ തന്നെ തുടര്‍ന്ന് വിമാനത്താവളത്തിലെ ദുരന്തനിവാരണ ഗ്രൂപ്പ് അടിയന്തര യോഗം ചേരുകയും സംസ്ഥാന പൊലീസ്, ആന്റി ടെററിസ്റ്റ് ഗ്രൂപ്പ്, എന്‍.എസ്.ജി, ജില്ലാ ഭരണകൂടം എന്നിവയ്ക്ക് വിവരം കൈമാറുകയും ചെയ്തു.റാഞ്ചപ്പെട്ട വിമാനത്തെ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയും റണ്‍വേ അടയ്ക്കുകയുംചെയ്തു.
ജില്ലാ മെഡിക്കല്‍ വിഭാഗം വിമാനത്താവളത്തില്‍ അടിയന്തര മെഡിക്കല്‍ യൂണിറ്റ് സ്ഥാപിക്കുകയും വിമാനക്കമ്പനി യാത്രക്കാരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി പ്രത്യേക കൗണ്ടര്‍ ആരംഭിക്കുകയുംചെയ്തു.പിന്നീടായിരുന്നു സിനിമകളില്‍ മാത്രം കണ്ട് വരുന്ന രീതിയിലുള്ള ആക്രമണവും മറ്റും നടന്നത്. ഇതിനായി വിമാനത്താവള ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ, സിഐഎസ്.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് ഡാനിയല്‍ ഡിസൂസ, ഡെപ്യൂട്ടി കളക്ടര്‍ അബ്ദുള്‍റാഷിദ്, ഡിവൈ.എസ്പി ജലീല്‍ തോട്ടത്തില്‍ എന്നിവര്‍ തീവ്രവാദികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.
എന്നാല്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്ന തീവ്രവാദികളുമായി സന്ധിസംഭാഷണങ്ങള്‍ക്ക് മറ്റൊരു സഹായം വേണ്ടതിനാല്‍ കോഴിക്കോട് സര്‍വകലാശാലയില്‍നിന്നുള്ള വിദഗ്ധരുടെ സഹായവും തേടിയായിരുന്നു സന്ധി സംഭാഷണം. തുടര്‍ന്ന് എത്തിയ ദേശീയ സുരക്ഷാഗാര്‍ഡ് സൈനികര്‍ സംസ്ഥാന പൊലീസിന്റെയും സിഐഎസ്.എഫിന്റെയും സഹായത്തോടെ തീവ്രവാദികളെ വധിക്കുകയും ചെയ്തു. ആക്രമണത്തിന് തയ്യാറായ സുരക്ഷ സേന സമീപത്തെ ഹോസ്പിറ്റലുകളിലേക്കും മറ്റു ഏജന്‍സികളിലേക്കും വിവരം കൈമാറിയ ശേഷമായിരുന്നു ആക്രമണം. ഒറിജിനലിനെ വെല്ലുന്ന തരത്തിലായിരുന്നു മോക് ഡ്രിൽ.
Post Your Comments