പഴയങ്ങാടി: പഴയങ്ങാടിയില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തെ തുടർന്ന് ഓഫീസുകൾ തകർത്തു. ഫുട്ബോള്‍ കളിക്കിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടർന്നാണ് സംഭവം. ഇതേ തുടര്‍ന്ന് ഡിവൈഎഫ്ഐ-ലീഗ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും സിപിഎം-ലീഗ് ഓഫീസുകള്‍ക്ക് നേരെ അക്രമവുമുണ്ടായി. ബുധനാഴ്ച രാത്രി 8.15 ഓടെയാണ് അക്രമത്തിന് തുടക്കം. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന എം.എ റിഷാദ് (21) ന് ഒരു സംഘം ലീഗ് പ്രവത്തകരുടെ മര്‍ദ്ദനമേറ്റു. പരിക്കേറ്റ റിഷാദിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ ചൊല്ലി ലീഗ് പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു.
ഇതേ തുടര്‍ന്ന് സംഘടിച്ചെത്തിയ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പഴയങ്ങാടി പ്രതിഭാ തിയേറ്ററിന് സമീപത്തെ സിപിഎം ഓഫീസ് അടിച്ച് തകര്‍ത്തു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ഓഫീസ് യുവധാര ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നത് ഇതേ കെട്ടിടത്തിലാണ്. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ബീവി റോഡിലെ ലീഗ് ഓഫീസിന് നേരെയും അക്രമം നടത്തി. ഇതോടെ പഴയങ്ങാടിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പഴയങ്ങാടി പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Post Your Comments