കൊച്ചി : കുമ്പളത്തു വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ കേസിലെ കൊലയാളി ജില്ലാ പഞ്ചായത്ത് എസ്പിസിഎ ഇന്‍സ്‌പെക്ടര്‍ എരൂര്‍ സ്വദേശി സജിത്താണെന്നു പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ശകുന്തളയുടെ മകളുടെ കാമുകനായിരുന്നു സജിത്ത്. കൊല നടത്തിയ സജിത്ത് ആത്മഹത്യ ചെയ്തതോടെ ശകുന്തളയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന നിര്‍ണായക വിവരം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണു പൊലീസ്. അമ്മയുടെ കൊലപാതകം സംബന്ധിച്ചു മകള്‍ പറയുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ പൊലീസ് നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ചേക്കും.
കൊലയാളിയെന്നു പൊലീസ് ഉറച്ചു വിശ്വസിക്കുന്ന സജിത്തിന്റെ നീക്കങ്ങള്‍ അറിയാവുന്ന ഏകവ്യക്തി മകളാണെന്നാണു നിഗമനം. കൊലപാതകത്തില്‍ ഇവര്‍ക്കു പങ്കുള്ളതായി സ്ഥിരീകരിക്കാവുന്ന വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടില്ല. കൊല നടത്തിയശേഷം ശകുന്തളയുടെ മൃതദേഹം ഒളിപ്പിക്കാനുള്ള പ്ലാസ്റ്റിക് വീപ്പ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വീട്ടിലെ ആവശ്യത്തിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കാനാണെന്നാണു സജിത്ത് പറഞ്ഞതെന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി.
വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത മൃതദേഹം കുമ്പളം ടോള്‍പ്ലാസയ്ക്കു സമീപം കായലില്‍ തള്ളാന്‍ സഹായിച്ച അഞ്ചു യുവാക്കളെയും പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. വീപ്പയ്ക്കുള്ളില്‍ മൃതദേഹമാണെന്നു സജിത്ത് പറഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ മൊഴികള്‍. കൊല്ലപ്പെട്ട ശകുന്തള ഉദയംപേരൂര്‍ മാവട ദാമോദരന്റെ ഭാര്യയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, ഡിസിപി ആര്‍. കറുപ്പസാമി, തൃക്കാക്കര അസി. കമ്മിഷണര്‍ ടി.പി. ഷംസ്, ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ സിബി ടോം എന്നിവരാണു കേസന്വേഷണത്തിനു നേതൃത്വം നല്‍കിയത്. എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഉന്മേഷാണു ശരീര അവശിഷ്ടങ്ങള്‍ പരിശോധിച്ചു കുറ്റം തെളിയിക്കാന്‍ സഹായകരമായ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചത്.
എസ്‌ഐ തിലക് രാജ്, എഎസ്‌ഐമാരായ വിനായകന്‍, ശിവന്‍കുട്ടി, സീനിയര്‍ സിപിഒ അനില്‍കുമാര്‍, സിപിഒ അനില്‍കുമാര്‍ എന്നിവരുടെ സംഘം നടത്തിയ അന്വേഷണമാണു കൊലപാതകം മറനീക്കിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ ഇടതു കണങ്കാലിലെ എല്ലിനുണ്ടായ പൊട്ടല്‍ ചികിത്സിക്കാന്‍ പിരിയാണി (സ്‌ക്രൂ) ഘടിപ്പിച്ചതായി കണ്ടെത്തിയതാണു കൊല്ലപ്പെട്ടതു ശകുന്തളയാണെന്നു തിരിച്ചറിയാന്‍ നിര്‍ണായകമായത്.
എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച പൊലീസ് സംഘം ഇത്തരം ശസ്ത്രക്രിയ നടത്തിയ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചു. വാഹനാപകടത്തെ തുടര്‍ന്നു തൃപ്പൂണിത്തുറ വികെഎം ആശുപത്രിയില്‍ ചികിത്സ തേടിയ ശകുന്തളയെന്ന സ്ത്രീയെ പിന്നീടു കാണാതായതായി പൊലീസ് കണ്ടെത്തി. 2016 സെപ്റ്റംബര്‍ അവസാനമാണ് ഇവരെ കാണാതായത്. തുടര്‍ന്നു നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ഇവരുടെ മകളുടേതുമായി അസ്ഥികൂടത്തിന്റെ ഡിഎന്‍എ പൊരുത്തപ്പെട്ടതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments