അച്ഛനെ അപഹരിച്ച കാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച് മലയാളി യുവാവ്. സാമ്പത്തികമായി തകര്‍ന്ന കുടുംബത്തെ കരകയറ്റാനായിരുന്നു തൃശൂര്‍ കുന്നംകുളം പഴുന്നാന സ്വദേശിയായ സിജിത്ത് ഊട്ടുമഠത്തില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറിലേക്ക് കടന്നത്. കടങ്ങള്‍ വീട്ടി രക്ഷപ്പെടുമ്പോഴേക്കും 2018 ആദ്യം ജോലിക്കിടെ കാല്‍ തളര്‍ന്ന് സിജിത് വീണു. ഹമദ് മെഡിക്കല്‍ സിറ്റിയിലെ വിദഗ്ധ പരിശോധനയില്‍ അര്‍ബുദം സ്ഥിരീകരിച്ചു. മെഡിക്കല്‍ സിറ്റിയിലെ അര്‍ബുദ പരിചരണ ഗവേഷണ ദേശീയ കേന്ദ്ര(എന്‍സിസിസിആര്‍)ത്തിലെ 205-ാം നമ്പര്‍ കെട്ടിടത്തില്‍ ഒരു വര്‍ഷത്തോളമാണ് സിജിത് ചികില്‍സയില്‍ കഴിഞ്ഞത്.
ആദ്യ രണ്ട് കീമോകള്‍ കഴിഞ്ഞപ്പോഴേക്കും ശരീരം ഉടഞ്ഞ് മുടിയും താടിയുംപോയി. തന്റെ പുതുരൂപത്തില്‍ ട്രോളുകളുണ്ടാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി മാറി ഈ ചെറുപ്പക്കാരന്‍. 5,000ല്‍ അധികം പേരാണ് ഈ ട്രോള്‍പോസ്റ്റുകള്‍ ഷെയര്‍ചെയ്തത്. പാട്ടുപാടിയും തമാശ പറഞ്ഞും പ്രത്യാശ പകര്‍ന്ന് സഹരോഗികളുടെയെല്ലാം പ്രിയങ്കരനായി മാറി സിജിത്. ഒടുവില്‍ കാര്‍ന്നുതിന്നാന്‍ വന്ന കാന്‍സറിനെ പൊരുതിത്തോല്‍പിച്ച് സിജിത് നാട്ടിലെത്തി. അമ്മ ശ്രീലതയും അനിയന്‍ സുജിത്തും ഒന്നരമാസത്തിലേറെയായി സിജിത്തിന്റെ വരവു കാത്തിരിക്കുകയായിരുന്നു. പൂര്‍ണാരോഗ്യവാനായി മകനെ മുന്നില്‍ കണ്ടപ്പോള്‍ സന്തോഷംകൊണ്ട് ആ അമ്മയുടെ കണ്ണു നിറഞ്ഞു. ജൂണ്‍ 8വരെ സിജിത്ത് നാട്ടിലുണ്ടാവും. രക്താര്‍ബുദം മൂലമായിരുന്നു സിജിത്തിന്റെ അച്ഛന്‍ സിദ്ധാര്‍ത്ഥന്റെ മരണം.
Post Your Comments