കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ട കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കോടതി നിര്‍ദേശത്തിന്റെ ഭാഗമായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്ന എട്ടാം പ്രതി നടന്‍ ദിലീപും കോടതിയില്‍ ഹാജരായി.
വിചാരണ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ദിലീപ് ഉള്‍പ്പെടെ 12 പ്രതികളോടും നേരിട്ട് ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ഏത് കോടതിയില്‍ എന്ന് വിചാരണ തുടങ്ങണമെന്ന് സെഷന്‍സ് കോടതിയാണ് തീരുമാനമെടുക്കുക. മുഴുവന്‍ പ്രതികളുടെയും അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷമാകും സെഷന്‍സ് കോടതിയുടെ തീരുമാനം.
അതേസമയം നടിയുടെ അഭിഭാഷകന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിചാരണയ്ക്ക് വേണ്ടി പ്രത്യേക കോടതി വേണം. കേസില്‍ രഹസ്യ വിചാരണ അനുവദിക്കുക. വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തുക തുടങ്ങിയവയാണ് നടിയുടെ അഭിഭാഷകന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.
Post Your Comments