KeralaLatest NewsNews

കേരളത്തിന്റെ വികസനത്തിനായി യത്നിക്കും : വി. മുരളീധരന്‍- തിരുവനന്തപുരത്ത് ഉജ്ജ്വല വരവേല്‍പ്പ്

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി.മുരളീധരന് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം നൽകി. രാജ്യസഭാംഗമായാല്‍ കേരളത്തിന്റെ പൊതുവായ വികസനത്തിന് വേണ്ടി യത്നിക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നടന്ന സ്വീകരണത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സി.പി.എം സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെ തുറന്നുകാണിക്കാന്‍ ശ്രമിക്കും. സംസ്ഥാനത്ത് ജനാധിപത്യപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അവകാശത്തിനായുള്ള പോരാട്ടത്തിന് രാജ്യസഭാംഗത്വത്തെ പ്രയോജനപ്പെടുത്തും. അംഗീകാരം വൈകിവന്നതാണെന്ന ധാരണയില്ല. ഓരോ കാര്യവും ചെയ്യേണ്ട സമയത്ത് ചെയ്യുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായും.

ചെങ്ങന്നൂരില്‍ ബി. ഡി.ജെ. എസ് ശ്രീധരന്‍ പിള്ളയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ബി.ഡി.ജെ.എസിന്റെ പരാതികള്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ മുമ്പാകെ കൊണ്ടുവരാനും പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തും. രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സംബന്ധിച്ച വിവാദത്തില്‍ പ്രതികരിക്കാനില്ല. തിരഞ്ഞെടുപ്പ് കമ്മിഷനാണ് എല്ലാം തീരുമാനിക്കേണ്ടത്. സി.പി.എം അക്രമങ്ങളെ ചെറുക്കാനുള്ള പോരാട്ടത്തിന് വി.മുരളീധരന്റെ രാജ്യസഭാ പ്രവേശനം കരുത്ത് നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കേരളത്തിലെ കാര്യങ്ങളില്‍ ബി.ജെ.പി ദേശീയ നേതൃത്വം വേണ്ടത്ര പരിഗണന കാട്ടുന്നു എന്നുള്ളതിന്റെ തെളിവാണിത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ബൈക്ക്‌ റാലിയുടെ അകമ്പടിയോടെ ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തിയ വി.മുരളീധരനെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ രാജഗോപാൽ എംഎല്‍എയും ചേർന്ന് സ്വീകരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ദേശീയ കൗൺസിൽ അംഗം കരമന ജയന്‍, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിമാനത്താവളത്തിലെ സ്വീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button