തിരുവനന്തപുരം: ‘എറണാകുളം-അങ്കമാലി രൂപതയെ മഹറോന്‍ ചൊല്ലി മാര്‍പ്പാപ്പ കത്തോലിക്ക സഭയില്‍ നിന്ന് പുറത്താക്കി.ഇനി മുതല്‍ ഈ സഭ സീറോ-മലബാര്‍ സഭയില്‍ അംഗമായരിക്കില്ല . അതിരൂപതയിലെ സഹായ മെത്രാന്മാരുടെ മെത്രാന് പട്ടവും, 456 വൈദികരില്‍ 446 പേരുടെ പൗരോഹിത്യ പട്ടവും, 5 ലക്ഷം അല്മായരുടെ മാമോദീസയും മാര്‍പ്പാപ്പ തിരിച്ചെടുത്തു.എന്നാല്‍ ഫാ.ആന്റണി പൂതവേലി,ഫാ.ജേക്കബ് പാലയ്ക്കാപ്പള്ളി, ഫാ.ജോസ് പുതിയേടം, ഫാ.ജോസ് തോട്ടക്കര എന്നിവര്‍ക്ക് വൈദിക പട്ടം നല്‍കാനും തീരുമാനിച്ചു.
അങ്കമാലി ഫൊറോന പള്ളി വികാരിയും വൈദിക സമിതി സെക്രട്ടറിയുമായ ഫാ. കുര്യാക്കോസ് മുണ്ടാടന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന്റെ പ്രസക്തഭാഗങ്ങളാണിത്. സമാനമായ പോസ്റ്റുകളിലൂടെ സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ താറടിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ അലയടിക്കുകയാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ സ്ഥലമിടപാട് അന്വേഷിക്കാന്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചതോടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ഇരുനൂറോളം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എറണാകുളം ബസ്ലിക്കയില്‍ യോഗം ചേര്‍ന്ന ഇവര്‍ ഈ ആവശ്യമുന്നയിച്ച് സഹായ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് നിവേദനം നല്കി. ബസ്ലിക്കയില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാനത്തേക്ക് വൈദികര്‍ ഒരുമിച്ചെത്തുകയായിരുന്നു.
കര്‍ദിനാള്‍ സ്ഥാനമൊഴിയണമെന്ന് വൈദിക സമിതി യോഗങ്ങളില്‍ വൈദികര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരസ്യപ്രതിഷേധത്തിന് മുതിര്‍ന്നത് ആദ്യമാണ്. വിവരം സിനഡിനെയും മാര്പാപ്പയെയും അറിയിക്കണമെന്ന് ആവശ്യപ്പെട്ട വൈദികരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കിയവരില് ഒരാള്‍ ഫാ.കുര്യാക്കോസ് മുണ്ടാടനായിരുന്നു.
ഷംസബാദ് രൂപതയിലെ മെത്രാനായി ഫാ.കുര്യാക്കോസ് മുണ്ടാടനെ വാഴിക്കാന്‍ തെക്കന്‍ മെത്രാന്മാര് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സിനഡില്‍ അതുപാസാകാതെ പോയത് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയാണെന്ന വിശ്വാസത്തിലാണ് ഫാ.മുണ്ടാടന്‍ അദ്ദേഹത്തിനെതിരെ വിദ്വേഷത്തോടെ ആഞ്ഞടിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.
നിലവിലുള്ള സാഹചര്യത്തെ ഫാ.മുണ്ടാടനും കൂട്ടരും ചൂഷണം ചെയ്ത് രാഷ്ട്രീയക്കാരെ പോലെ പെരുമാറുകയാകയാണെന്നാണ് ചില വിശ്വാസികളുടെ ആരോപണം
Post Your Comments