Latest NewsNewsPrathikarana Vedhi

ദുരന്തഭൂമിയിൽ ചിരിച്ചുകൊണ്ട് രാഹുൽ ; മാവോയിസ്റ്റ് ആക്രമണത്തിൽ സന്തോഷമോ?

മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

ഒരു ദുരന്തമുണ്ടാവുമ്പോൾ അവിടെ സന്ദർശനം നടത്താൻ രാഷ്ട്രീയ നേതാക്കൾ തയ്യാറാവുന്നത് പതിവാണ്; അത് നല്ലതുമാണ്. എന്നാൽ സാധാരണ നിലക്ക് ഒരാളുടെ അപ്പോഴത്തെ മുഖഭാവമെന്താവും. മരണവീട്ടിൽ നിൽക്കുമ്പോൾ ചിരിച്ചുകൊണ്ട് ആരും നിൽക്കാറില്ലല്ലോ…… കുറേയേറെപ്പേർ ഒന്നിച്ചു കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് മടങ്ങുന്ന ഒരാളുടെ മുഖത്ത് കാണേണ്ടത് സ്വാഭാവികമായും ദുഃഖം തന്നെയാണ്. എന്നാൽ ഇന്ന് കുറച്ചുമുമ്പ് ഛത്തീസ്‌ഗഢിലെ സുക്‌മയിൽ മാവോയിസ്റ്റുകൾ സിആർപിഎഫ് ജവാന്മാരെ വധിച്ച സ്ഥലത്ത് നിന്ന് മടങ്ങുന്ന രാഹുൽ ഗാന്ധിയെ നിങ്ങൾ ടിവി ചാനലുകളിൽ കണ്ടോ………….. ജനങ്ങൾക്കിടയിലൂടെ മൊബൈൽ ഫോൺ നോക്കിക്കൊണ്ട്, അതേസമയം ജനങ്ങൾക്ക് കൈവീശികൊണ്ട്, ആഹ്ലാദഭരിതനായി നീങ്ങുന്നു. എന്താണ് ഒരാൾ കരുതേണ്ടത്. ആ മഹാ ദുരന്തത്തിൽ എന്തൊരാഹ്ലാദം എന്ന് അല്ലെ. ഛത്തീസ്‌ഗഢിലെ വനമേഖലയിൽ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്ന നമ്മുടെ സിആർപിഎഫ് ജവാന്മാരാണ് ഒളിയാക്രമണത്തിൽ വധിക്കപ്പെട്ടത്. അവിടെച്ചെന്നിട്ട് അദ്ദേഹം പത്രലേഖകരോട് പറഞ്ഞതാവട്ടെ സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടും. ഇന്ത്യ സർക്കാർ ഗൗരവമായി ചിന്തിക്കേണ്ടുന്ന കുറെപ്രശ്നങ്ങളുണ്ട് ഇന്നിപ്പോൾ ഇതിലെല്ലാം എന്ന് കരുതിപ്പോവുകയാണ്…… നരേന്ദ്ര മോഡി സർക്കാർ, അതിനോപ്പം ബിജെപിയും, ജനങ്ങൾക്കൊപ്പം മുന്നേറുമ്പോൾ മറുഭാഗത്ത് പ്രതിപക്ഷ കക്ഷികൾ ദൈനം ദിനം പരാജയപ്പെടുകയാണല്ലോ. തിരഞ്ഞെടുപ്പായ തിരഞ്ഞെടുപ്പിലൊക്കെ അവർ തോറ്റു. ചുവപ്പ് കോട്ട എന്നൊക്കെ പറഞ്ഞിരുന്ന തൃപുരയിൽ പോലും തകർന്നു. പ്രതിസന്ധികൾ അവരെ വിട്ടുപോകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ പ്രതിപക്ഷ നേതാക്കൾ, ചില രാഷ്ട്രീയ കക്ഷികൾ മാവോയിസ്റ്റുകൾ, വിഘടനവാദികൾ രാജ്യവിരുദ്ധ ശക്തികൾ ഇന്ത്യ വിരുദ്ധ ശക്തികൾ എന്നിവരുമായി രഹസ്യമായോ പരസ്യമായോ കൈകോർക്കുന്നുനോ എന്നത് പരിശോധിക്കപ്പെടണം.

ഇന്നിപ്പോൾ കണ്ടതായ, രാഹുലിന്റെ മുഖത്തെ ആഹ്ലാദം കൊണ്ടല്ല ഇത് സൂചിപ്പിക്കുന്നത് . അത് ഒരു പക്ഷെ അദ്ദേഹത്തിന്റെ സ്വാഭാവികമായ വിവരക്കേടിന്റെ ഭാഗമാവാം. ‘അമ്മ മരിച്ചപ്പോൾ പഞ്ചാബ് മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയ രാഹുൽ കെട്ടിപ്പിടിച്ചു ചിരിക്കുന്ന ചിത്രം പുറത്തുവന്നതാണല്ലോ. അതൊക്കെ തിരിച്ചറിയാനാവാത്ത, വിവരക്കേടുകൾ സ്വഭാവമാക്കിയവർ ഇവിടെ പലരുമുണ്ട്. എന്നാൽ മറ്റ്‌ പലതിനും പിറകിൽ ഇത്തരം ശക്തിയുണ്ടോ എന്നത് പരിശോധിക്കപ്പെടുന്നത് നല്ലതാണ്. രാജ്യസുരക്ഷയ്ക്ക് മാത്രമല്ല രാജ്യത്തിനും അത് ഗുണകരമാവും. മുൻപ് തമിഴ്‌നാട്ടിൽ നടന്ന ജെല്ലിക്കെട്ട് സമരത്തിന് പിന്നിലുണ്ടായിരുന്നവരിൽ പാക്കിസ്ഥാൻ സിന്ദാബാദ് വിളിക്കണം എന്ന് കരുതുന്ന ഒരു ഇസ്ലാമിക പ്രസ്ഥാനവും ഉൾപ്പെട്ടിരുന്നു എന്നത് കേട്ടിരുന്നുവല്ലോ. അതുപോലെ മുൻപ് ചില കാമ്പസുകളിൽ നടന്ന സമരങ്ങളിൽ ‘ഇന്ത്യയെ വെട്ടിമുറിക്കണം’ എന്നും മറ്റും വിളിച്ചുകൂവിയവരെയും ദേശവിരുദ്ധ പ്രവർത്തനത്തിന് കോടതി ശിക്ഷിച്ചതിനെ തുടർന്ന് തൂക്കിലേറ്റപ്പെട്ടവർക്ക് ജയ് വിളിക്കുന്നവരെയും നാം കണ്ടതാണ്. അതൊക്കെ ഒരു തരം പാക് അനുകൂല നിലപാടുകളാണ് എന്നതിലാർക്കാണ് സംശയം. ചൈനയും പാക്കിസ്ഥാനും ചേരുമ്പോൾ ഇവിടെ മാവോയിസ്റ്റുകൾക്കും ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങൾക്കും ഇടത് സംഘടനകൾക്കും അതിന്റെയൊക്കെ ഒപ്പം മറ്റ്‌ ചിലർക്കും ഒന്നിക്കാൻ കഴിയുന്നുണ്ടാവണം. ഭൂട്ടാനിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ വേളയിലും മറ്റും ഡൽഹിയിലെ ചൈനീസ് എമ്പസിയുമായി രഹസ്യ ബന്ധം വെച്ചവർ ഇവിടെയുണ്ടല്ലോ.

ഒരു രാഷ്ട്രീയ പാർട്ടി തിരഞ്ഞെടുപ്പായ തിരഞ്ഞെടുപ്പിലൊക്കെ തോൽക്കുമ്പോൾ നിരാശയുണ്ടാവുന്നത് സഭാവികമാണ്. പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുമ്പോൾ മനസ്സിൽ തോന്നുന്നതൊക്കെ ചെയ്യാൻ ചിലർ നിര്ബന്ധിതരാവാറില്ലേ ……….. അതുപോലെ. അതാണിപ്പോൾ കോൺഗ്രസ്, സിപിഎം എന്നിവരുടെയൊക്കെ അവസ്ഥ എന്ന് പറഞ്ഞാൽ കുറ്റപ്പെടുത്താനാവുമോ. ഒന്നും വിചാരിച്ചതു പോലെ നീക്കാനാവാതെ വരുമ്പോൾ വിഷമമാകും. അത്തരം വേളകളിൽ സഹായഹസ്തവുമായി എത്തുന്നത് പലതരക്കാരാവും. ജമ്മുകശ്മീരിലെ വിഘടനവാദികളിൽ പ്രതീക്ഷയർപ്പിക്കാൻ പോലും ചില കമ്മ്യൂണിസ്റ്റ് നേതാക്കൾ പോയതും ഓർമ്മിക്കുക. ഇങ്ങനെയുള്ളവർ ഇന്നിപ്പോൾ എവിടെനിന്ന് സഹായം തേടുന്നു….. ആരൊക്കെ എന്തൊക്കെ നൽകുന്നു….. ഇതൊക്കെ സർക്കാർ തിരിച്ചറിയേണ്ടതുണ്ട് എന്നാണ് തോന്നുന്നത്. ഏറ്റവുമൊടുവിൽ മഹാരാഷ്ട്രയിൽ നടന്ന കർഷക സമരത്തിന് പിന്നിൽ പോലും ഈ ഇസ്ലാമിക തീവ്രവാദ വിദേശ കരങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. അതിനൊപ്പം ചില രാഷ്ട്രീയ കക്ഷികൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്……. ആ സമരം പക്ഷെ, സമരക്കാർ വിചാരിച്ചതു പോലെ മുംബൈയെ തകർക്കുന്ന മട്ടിലേക്ക് തിരിച്ചുവിടാൻ അവിടത്തെ സർക്കാർ സമ്മതിച്ചില്ല. തീർച്ചയായും ആ നിരാശ പലരിലും , പ്രത്യേകിച്ചും നേതാക്കളിൽ, പ്രകടമായിരുന്നുവല്ലോ.

കർഷക പ്രശ്നങ്ങളിൽ ബിജെപിക്ക് എന്നും അനുഭവ പൂർണ്ണമായ നിലപാടായിരുന്നു. അതുകൊണ്ടാണല്ലോ 340 കോടി രൂപ കര്ഷകകടം എഴുതിത്തള്ളാനായി നീക്കിവെച്ചത്. കൂടുതൽ പണം വേണമെങ്കിൽകൊടുക്കാം എന്നതായിരുന്നു സർക്കാർ നിലപാടും. എന്നാൽ അത് നീതിപൂർവകമാവണം എന്ന് സർക്കാർ കരുതി. അതിനാവശ്യമായ നടപടികൾ സ്വീകരിച്ചു. ഏതെങ്കിലും സഹകരണ ബാങ്കിൽ നിന്ന് എടുത്ത വായ്പയോക്കെ അതിലുൾപ്പെടുത്താൻ സമ്മതിച്ചില്ല. രേഖകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുത്തു. അതാണ് മഹാരാഷ്ട്രയിലെ പലരെയും വിഷമിപ്പിച്ചത്. സർക്കാർ പദ്ധതിയുടെ മറവിൽ കുറെ കണക്കുകൾ എഴുതിത്തള്ളാൻ തയ്യാറായിരുന്നവർക്ക് ഒന്നും നടന്നില്ല. അതും അവിടെനടന്ന സമരത്തിന് കാരണമാണ്. സമരത്തിന് വന്നവർക്ക് തിരിച്ചുപോകാൻ തീവണ്ടി ഏർപ്പെടുത്തിയ ഒരു സർക്കാർ വേറെ ഉണ്ടാവുമോ?. ആ സമരം അക്രമാസക്തമാവുമെന്ന് കരുതിയവരുണ്ട് . നമ്മുടെ സ്റ്റോക്ക് മാർക്കെറ്റ് തകരുമെന്ന് പറഞ്ഞവരുമുണ്ടത്രെ. മുംബൈ കത്തിയെരിയുമെന്നു പ്രതീക്ഷിച്ചവരുമുണ്ട്. അവരൊക്കെ നിരാശയിലായി. അതിനൊക്കെപിന്നാലെ നടത്താനിരുന്നതാവാം ഒരു പക്ഷെ ഇന്നിപ്പോൾ ഛത്തീസ്‌ ഗഢിൽ കണ്ട മാവോയിസ്റ്റുകൾ സംഘടിപ്പിച്ച കൂട്ടക്കൊല.

സർക്കാർ ഛത്തിസ്‌ഗഢിൽ വനമേഖലയിൽ നല്ല റോഡുകൾ നിർമ്മിക്കുകയാണിപ്പോൾ. അവിടെയൊക്കെ സ്ട്രീറ്റ് ലൈറ്റും വരുന്നു. വനവാസികൾ താമസിക്കുന്ന ഗ്രാമങ്ങളിൽ വികസനമെത്തുന്നു…………പട്ടിണിക്കാലം അവർ മറന്നപോലെയായി. ചെറുകിട സംരംഭങ്ങൾ പോലും. അതൊക്കെ ബിജെപി സർക്കാർ ചെയ്തതാണ്. വനവാസി ഊരുകളിൽ നിന്നുള്ള കുട്ടികളെ ബോര്ഡിങ്ങിൽ നിർത്തി പഠിപ്പിക്കുന്ന രീതിയും വ്യാപകമായി. അതൊക്കെ ആ മേഖലയിൽ മാവോയിസ്റ്റുകൾക്കുണ്ടായിരുന്ന ആധിപത്യം ഇല്ലാതാക്കാൻ കാരണമാക്കിയിട്ടുണ്ട്. നല്ല റോഡുകൾ വരുന്നതോടെ സുരക്ഷാ സൈനികർക്ക് വേഗത്തിൽ എവിടെയുമെത്താവുന്ന അവസ്ഥയും വന്നു. റോഡ് നിർമാണം നടത്തിയിരുന്ന കരാറുകാരനെ ഭീഷണിപ്പെടുത്തിയത്, റോഡ് നിർമ്മാണം തടസപ്പെടുത്തിയത്, അതിലേർപ്പെട്ട തൊഴിലാളികളെ കൊല്ലാൻ ശ്രമിച്ചത് ഒക്കെ ഇതിനിടയിൽ കണ്ടു. അതൊക്കെ മാവോയിസ്റ്റുകളുടെ ദീനരോദനമായിരുന്നു. അപ്പോഴൊക്കെ സുരക്ഷ പ്രദാനം ഇതേ ചെയ്തത് സിആർപിഎഫ് ജവാന്മാരാണ്. അത്തരമൊരു സിആർപിഎഫ് പോസ്റ്റ് ആണ് ഇപ്പോൾ മാവോയിസ്റ്റുകൾ ആക്രമിച്ചത്. അത് ആർക്കും വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ് എന്നതിലാർക്കാണ് സംശയം. ജവാന്മാർ ദുരിതങ്ങൾ സഹിച്ചുകൊണ്ട് അവിടെ നിൽക്കുന്നത് വനവാസികൾക്ക് സംരക്ഷണമേകാനാണ്. അവർ കൊല്ലപ്പെടുമ്പോൾ അതുകണ്ടുകൊണ്ട് ചിരിച്ചുകൊണ്ടുവരുന്ന രാഷ്ട്രീയനേതാവുണ്ടായാൽ എന്താണ് പറയുക.

രാഹുൽ പറയുന്നത് കേട്ടാൽ മോഡി സർക്കാർ വന്നതിന് ശേഷമാണ്‌ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെടുന്നത് എന്ന് തോന്നും. യുപിഎ സർക്കാർ മാവോയിസ്റ്റ് പ്രശ്നത്തിൽ ആദ്യമൊക്കെ തികഞ്ഞ അലംഭാവമാണ് കാണിച്ചിരുന്നത്. അതുകൊണ്ടാണല്ലോ അക്കാലത്ത് ഒരിക്കൽ 80- ഓളം ജവാന്മാർ കൊല്ലപ്പെടുന്ന സംഭവമുണ്ടായത്. 2010 ലെ കഥയാണിത്. അതിനുശേഷം സർക്കാർ സർക്കാർ പ്രതികരിച്ചു….. ഏതാണ്ട് അര ലക്ഷം പാരാ മിലിറ്ററി സൈനികർ ഒന്നിച്ചാണ് അന്നൊരു ‘കൊമ്പിങ് ഓപ്പറേഷൻ’ നടത്തിയത്. അതൊക്കെ രാഹുൽ മറക്കുന്നു. എന്നിട്ടും മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ എത്താൻ അന്ന് കഴിഞ്ഞിരുന്നില്ല എന്നതുകൂടി പറഞ്ഞാലേ യുപിഎയുടെ നേട്ടം വ്യക്തമാവു. ഇപ്പോൾ മോഡി സർക്കാർ പ്രൊ- ആക്റ്റീവ് റോൾ ആണ് സ്വീകരിച്ചത്. അവിടെ വികസന പദ്ധതികൾ കൊണ്ടുവന്നു. വനവാസികളെ ദേശീയധാരയിലേക്ക് , സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി….. അതിനൊക്കെയൊപ്പം സുരക്ഷാ കര്ക്കശമാക്കി. കുറെ നാളുകൾക്ക് ശേഷമാണു ഇത്തരമൊരു ആക്രമണം ഉണ്ടായത് എന്നതും ഓർമ്മിക്കുക. ദു:ഖകരമാണ് അതെന്നതിൽ സംശയമില്ല. ഓർമ്മിക്കുക, അതുകഴിഞ്ഞു സിആർപിഎഫ് ജവാന്മാർ മിണ്ടാതിരിക്കുകയല്ല ചെയ്തത്, മറിച്ച് മാവോയിസ്റ്റ് താവളം വളഞ്ഞിരിക്കുകയാണ്. ബാക്കി കാത്തിരുന്നുകാണുക. ഇത്തരത്തിൽ രാജ്യത്തോട് ഏറ്റുമുട്ടുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിൽ മോഡി സർക്കാരിന് ഒരു നയമുണ്ട്. അതും അടുത്തദിവസങ്ങളിൽ രാഹുൽ ഗാന്ധിക്ക് അടക്കം കാണാനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button