പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. വ്യത്യസ്തമായ പല സമരമുറകളെയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവയെല്ലാം അധികാരി വര്‍ഗ്ഗം അടിച്ചമര്‍ത്തുന്ന വാര്‍ത്തകളാണ് പിന്നീടു എത്തിയത്. കോളേജ് അധ്യപകരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മകന്‍ ജിഷ്ണുവിനു വേണ്ടി അമ്മ മഹിജ നടത്തിയ സമരത്തെ അടിച്ചമര്‍ത്തിയത് നമ്മള്‍ കണ്ടു കഴിഞ്ഞു. മകന്‍ മരിച്ച ദുഖത്തില്‍ കഴിയുന്ന ഒരമ്മ നീതിയ്ക്കായി പോരാടുമ്പോള്‍ അനുഭാവ പൂര്‍വ്വം അവരെ പരിഗണിക്കാതെ, പോലീസ് വലിച്ചിഴച്ചത് നമ്മുടെ മുന്നിലാണ്. ഇത് ഒരു മഹിജയ്ക്ക് മാത്രം സംഭവിച്ചതല്ല. ഇന്ന് വരെ നടന്നിട്ടുള്ള പല സമരങ്ങളെയും അധികാരി വര്‍ഗ്ഗം അടിച്ചമര്‍ത്തിയ കാഴ്ചകള്‍ക്ക് സാക്ഷ്യം നിന്നവരാണ് മലയാളികള്‍. അവര്‍ക്ക് മുന്നില്‍ മികച്ച വിജയത്തോടെ ഒരു ജനകീയ സമരത്തെ സഹിഷ്ണുതയോടും മനുഷ്യത്വപരമായും എങ്ങനെ നേരിടണമെന്ന് കാണിച്ചു കൊടുത്തിരിക്കുകയാണ് മുംബൈയില്‍ പതിനായിരത്തില്‍ അധികം വരുന്ന കര്‍ഷകര്‍ നടത്തിയ സമരത്തെ നേരിട്ട മഹാരാഷ്ട്രാ സര്‍ക്കാര്‍.
കാല്‍ നടയായി തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ പതിനായിരത്തോളം കര്‍ഷകര്‍ നാസിക്കില്‍ നിന്നും മുംബൈയിലേയ്ക്ക് നടത്തിയ സമരം ഒത്തുതീര്‍പ്പായി. ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന് പ്രഖ്യാപിച്ച് 180 കിലോമീറ്റര്‍ ലോങ്മാര്‍ച്ചായി അഖിലേന്ത്യ കിസാന്‍സഭയുടെ നേതൃത്വത്തില്‍ എത്തിയ കര്‍ഷകര്‍ ആറു ദിവസം കൊണ്ടാണ് കാല്‍നടജാഥയായി മുംബൈയിലെത്തിയത്. രാവും പകലും ഒരുപോലെ സമരം ചെയ്ത ഇവരെ കണ്ടില്ലെന്നു നടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വിമര്‍ശിച്ച മാധ്യമങ്ങള്‍ ഈ സമരം ഒത്തു തീര്‍പ്പില്‍ ആയപ്പോള്‍ എഴുതിയത് സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ട് മടക്കി എന്നാണു. ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഒരു ജനകീയ സമരത്തെ അധികാരം കൊണ്ട് അടിച്ചമര്‍ത്തുകയാണോ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്? അതാണോ സര്‍ക്കാരിന്റെ വിജയം? എന്നാല്‍ കര്‍ഷക സമരം ഒത്തു തീര്‍പ്പിലാക്കിയപ്പോള്‍ ജന മനസ്സില്‍ വിജയിച്ചത് മഹാരാഷ്ട്ര സര്‍ക്കാര്‍ ആണ്. ഈ സര്‍ക്കാരിന്റെ വിജയത്തിന് കാലങ്ങള്‍ സാക്ഷിയാണ്. കാരണം മുത്തങ്ങ നമ്മുടെ മുന്നിലെ നീറുന്ന പ്രശ്നമാണ്. പ്രതിഷേധക്കാര്‍ക്ക് എതിരെ ആക്രമണം നടത്തി കൊന്നു തള്ളിയല്ല ഒരു സര്‍ക്കാര്‍ വിജയിക്കേണ്ടത്. ന്യായമായ ആവശ്യങ്ങളെ പഠിച്ചും പരിഗണിച്ചും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു തീരുമാനം സമചിത്തതയോടെ കൈക്കൊള്ളാന്‍ സാധിക്കുന്ന സര്‍ക്കാര്‍ ഉണ്ടാവണം. അതിനു ഉത്തമ ഉദാഹരണമായി ഈ കര്‍ഷകസമരവും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ സര്‍ക്കാരും മാറി.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ചു അവര്‍ക്ക് വേണ്ട നടപടികള്‍ എടുക്കാം എന്ന് രേഖാ മൂലം ഉറപ്പ് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. കർഷകരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന സർക്കാരിന്റെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. രണ്ട് മാസത്തിനുള്ള കർഷകരുടെ ആവശ്യങ്ങളായ വനാവകാശ നിയമം ഉൾപ്പടെ നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കി. 12 അംഗ കർഷക പ്രതിനിധികളും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. സാങ്കേതികമായി പരിഹരിക്കാനാകാത്ത അവശ്യങ്ങൾ ചർച്ച ചെയ്യാമെന്നും സർക്കാർ വ്യക്തമാക്കി. സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും വനവാസികളാണ്, അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധരാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. ഇത് കൂടാതെ സമരത്തിനെത്തിയവർക്ക് തിരികെ പോകാൻ സർക്കാർ പ്രത്യേക ട്രെയിൻ അനുവദിച്ചിട്ടുണ്ട്. ഇത്രയും ജനകീയമായി ഒരു സമരത്തെ നിയന്ത്രിച്ച സര്‍ക്കാര്‍ ഇവിടെയുണ്ട്? ഒരു വര്‍ഗീയ സമരം ഉണ്ടാക്കി ന്യൂനപക്ഷ പ്രീണനം നടപ്പിലാക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് അവരുടെ ആഗ്രഹം നടപ്പിലായില്ല. അവരല്ലേ മനുഷത്വപരമായ സര്‍ക്കാര്‍ സമീപനത്തിനു മുന്നില്‍ തോറ്റത്!
നിലവില്‍ ഇരിക്കുന്ന അധികാര വ്യവസ്ഥിതികളോടു പ്രതിഷേധം ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ വ്യവസ്ഥിതിയ്ക്ക് എതിരെ പോരാടുന്നവരെ അടിച്ചമര്‍ത്തുന്ന രാഷ്ട്രീയ അധികാര ഭരണാധികാരികള്‍ എപ്പോഴും നോക്കുന്നത് തങ്ങളുടെ ശത്രുവിനെതിരെയുള്ള ആയുധമാണ്. അതുകൊണ്ട് തന്നെ പതിനായിരക്കണക്കിനു കര്‍ഷകര്‍ പങ്കെടുത്ത ഈ പ്രതിഷേധ മാര്‍ച്ചില്‍ സര്‍ക്കാര്‍ അതിക്രമം നടത്തുമെന്ന് പലരും ചിന്തിച്ചു. എന്നാല്‍ അവരുടെ ഗൂഡതന്ത്രങ്ങള്‍ക്ക് നേരെ ലഭിച്ച തിരിച്ചടിയാണ് സര്‍ക്കാര്‍ തീരുമാനം. കേരളം സമര തീവ്രത നേരിട്ടറിഞ്ഞ ഒരു സംസ്ഥാനമാണ്. എന്തിനുമേതിനും പ്രതിഷേധവും സമരവും പല ഭരണകാലത്തും ഉണ്ടായിട്ടുണ്ട്. ആദിവാസി സമരങ്ങളെ പോലും ഭയന്ന് അവരെ വെടിവച്ചു കൊല്ലാന്‍ തീരുമാനിച്ച ഭരണ രാഷ്ട്രീയ കക്ഷികളാണ് ഇവിടെയുള്ളത്. എന്നിട്ട് അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളുടെ വോട്ടിനായി ഈ വിഷയങ്ങളെ ഉയര്‍ത്തി പിടിക്കുകയും ചെയ്യും. ഇങ്ങനെ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കൊല്ലും കൊലയും നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സര്‍ക്കാരിനെ കണ്ടു പഠിക്കട്ടെ… ജനകീയ സമരങ്ങള്‍ ജനങ്ങളുടെ അവകാശപ്രശ്നങ്ങളുടെ നീതിയ്ക്കായി ഉള്ളതായി മാറട്ടെ..
Post Your Comments