Latest NewsNewsIndia

തേനിയിലെ കാട്ടുതീയില്‍ കുടുങ്ങിയവരില്‍ മലയാളിയും: അഞ്ചു മരണമെന്ന് സംശയം

ചെന്നൈ: കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും. കോട്ടയം സ്വദേശി ബീനയാണ് സംഭവസ്ഥലത്ത് കുടുങ്ങിയിരിക്കുന്നത്. ബീനയടക്കമുള്ളവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. കാട്ടുതീയില്‍ പെട്ട 36 അംഗ ട്രെക്കിങ് സംഘത്തിലെ അഞ്ചുപേര്‍ മരിച്ചതായി സംശയം. പലരുടേയും നില ഗുരുതരമാണ്. 15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പത്തുപേര്‍ക്ക് സാരമായ പരിക്കുണ്ട്. പലരും വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം. ഞായറാഴ്ച രാത്രിവൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

എന്നാല്‍ ഇരുട്ടും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.25 സ്ത്രീകളും എട്ട് പുരുഷന്‍മാരും മൂന്നു കുട്ടുകളുമുള്‍പ്പെടെ 36 പേരാണ് കാട്ടില്‍ കുടുങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതില്‍ 19 പേ​രെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തില്‍നിന്ന് കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും തേനിയിലെത്തിയിട്ടുണ്ട്. ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍നിന്നെത്തിയ 24 പേരും തിരുപ്പൂര്‍, ഈറോഡ് ഭാഗങ്ങളില്‍നിന്നെത്തിയ 12 അംഗ സംഘവുമാണ് അപകടത്തില്‍പ്പെട്ടത്.

25 യുവതികളും മൂന്നു കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികള്‍, ഐ.ടി. പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് സംഘം.വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ കുറങ്ങണി മലയുടെ താഴ്വാരത്തിലേക്ക് പോയത്. അഞ്ചുമണിയോടെ ആദ്യ സംഘം കുറങ്ങണിയിലെത്തി. അടുത്ത സംഘം എത്തിയപ്പോഴേക്കും കാട്ടുതീ പടര്‍ന്നു. നിമിഷനേരംകൊണ്ട് തീ വ്യാപിച്ചു. ഇതോടെ രക്ഷപ്പെടാന്‍ എല്ലാവരും ചിതറിയോടി. കടുത്ത ഉണക്കില്‍ കരിഞ്ഞുനിന്ന പുല്ലും മരങ്ങളും വേഗത്തില്‍ കത്തിയതോടെ മിക്കവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഈ സമയത്തുണ്ടായിരുന്ന കാറ്റ് തീ വേഗം പടരാന്‍ കാരണമായി.

ഇതിനിടെ സംഘത്തിലെ ഒരാള്‍ വീട്ടില്‍ വിളിച്ച്‌ അപകടവിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. സമീപത്തെ തേയിലത്തോട്ടത്തില്‍നിന്നും മറ്റുമെത്തിയ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏഴുമണിയോടെ 15 പേരെ ബോഡിനായ്ക്കന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആദ്യ സംഘത്തില്‍പ്പെട്ട അംഗങ്ങളാണിവരെന്നാണ് വിവരം. കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ നിര്‍ദേശപ്രകാരം കോയമ്പത്തൂര്‍ സുലൂരില്‍നിന്ന് വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ രാത്രിയോടെ സ്ഥലത്തെത്തി.

തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, തേനി കളക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. തേനിയില്‍നിന്ന് 20 ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് വാഹനങ്ങളും സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button