NewsAutomobile

രാജ്യത്ത് ഇത്തരം ഹെൽമെറ്റുകൾ നിരോധിക്കും

ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ നിരോധിക്കുന്നു. രാജ്യത്തെ ഇരുചക്ര യാത്രികരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഇത്തരം ഹെല്‍മറ്റുകളുടെ വില്‍പന കേന്ദ്ര സർക്കാർ നിരോധിക്കുക. ടോള്‍ ഫ്രീ ഹൈവേ ഹെല്‍പ്‌ലൈന്‍ നമ്പറും സുഖദ് യാത്ര ആപ്പും ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് റോഡ് ഗതാഗത മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഐഎസ്‌ഐ ഹെല്‍മറ്റ് നിര്‍മ്മാതാക്കളുടെ കൂട്ടായ്മ സർക്കാരിന്റെ നടപടി സ്വാഗതം ചെയ്തു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സുപ്രീം കോടതിയില്‍ ആറു മാസത്തിനുള്ളില്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പന നിരോധനം പൂര്‍ണമായും നടപ്പിലാക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

ALSO READ ;ഇ- വിഷന്‍ ഇലക്ട്രിക് സെഡാന്‍ കണ്‍സെപ്റ്റുമായി ടാറ്റ

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളാണ് രാജ്യത്തെ 75-80 ശതമാനം ഇരുചക്ര വാഹന യാത്രികരും ഉപയോഗിക്കുന്നത്. വിലക്കുറവാണ് ഹെല്‍മറ്റുകള്‍ക്ക് വിപണിയില്‍ പ്രചാരം വര്‍ധിപ്പിക്കാൻ കാരണം. എന്നാല്‍ അപകടങ്ങളില്‍ മതിയായ സുരക്ഷ ഉറപ്പു വരുത്താന്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് സാധിക്കില്ല. പ്രതിദിനം വര്‍ധിച്ചു വരുന്ന റോഡപകടങ്ങളും ഇരുചക്ര വാഹനങ്ങളുടെ പങ്കും കണക്കിലെടുത്താണ് കർശന നിലപാടുമായി കേന്ദ്രം രംഗത്തെത്തിയത്. കൂടാതെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ നിന്നും എല്ലാ ഹെല്‍മറ്റ് നിര്‍മ്മാതാക്കളും അതത് ഉത്പന്നങ്ങള്‍ക്ക് ഐഎസ്‌ഐ മുദ്രണം കരസ്ഥമാക്കണമെന്നും അറിയിച്ചിട്ടുണ്ട്. അടുത്തിടെ കര്‍ണാടക ഹൈക്കോടതി ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കുന്ന ഇരുചക്ര യാത്രികര്‍ക്ക് മാത്രം അപകടത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിയാല്‍ മതിയെന്ന വിധി പ്രസ്താവിച്ചിരുന്നു. കേരളം ഉള്‍പ്പെടുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഹെല്‍മറ്റുകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button