Latest NewsNewsGulf

സൗദിയിലേക്ക് യുദ്ധവിമാനങ്ങള്‍ : സൈന്യത്തില്‍ അഴിച്ചു പണി : ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ സൗദിയിലേയ്ക്ക്

റിയാദ്: സൗദി അറേബ്യയിലേക്ക് യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങും. സൗദി സൈന്യത്തെ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ യുദ്ധവിമാനങ്ങള്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട കരാര്‍ ബ്രിട്ടീഷ് കമ്പനിയുമായി ഒപ്പുവച്ചു. സൗദി സൈന്യം യമനില്‍ ആക്രമണം നടത്തുന്നു എന്ന് കാണിച്ച് നിരവധി ബ്രിട്ടീഷ് സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ ആയുധ കാരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

ബ്രിട്ടന്‍ സൗദി അറേബ്യയ്ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യമാണ് ഇതിലൂടെ തെളിയുന്നത്. സൗദി സൈന്യത്തില്‍ ഭരണകൂടം വന്‍ അഴിച്ചുപണി നടത്തിയതിന് പിന്നാലെയാണ് സേനയെ ശക്തിപ്പെടുത്തുന്ന കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. പുതിയ യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത് സൗദി സൈന്യത്തിന് കരുത്തേകുമെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ…

ബ്രിട്ടനിലെ പ്രമുഖ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ബിഎഇ സിസ്റ്റവുമായിട്ടാണ് സൗദി അറേബ്യ കരാറുണ്ടാക്കിയിരിക്കുന്നത്. ടൈഫൂണ്‍ യുദ്ധ വിമാനങ്ങളാണ് പ്രധാനമായും സൗദിക്ക് കൈമാറുക. ഈ വിഭാഗത്തില്‍പ്പെട്ട 48 യുദ്ധവിമാനങ്ങള്‍ കൈമാറാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക കരാര്‍ സൗദിയും ബ്രിട്ടനും ഒപ്പുവച്ചു. സൗദി അറേബ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്. ഇതെല്ലാം അവഗണിച്ചാണ് പുതിയ കരാര്‍ ഒരുങ്ങിയിരിക്കുന്നത്. ബ്രിട്ടനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുതിയ യുദ്ധവിമാന കരാര്‍.

സൗദിയും ബ്രിട്ടനും കോടികളുടെ ആയുധ കരാര്‍ നടത്തുന്നതിന് ഏറെ കാലമായി ചര്‍ച്ച നടക്കുന്നുണ്ട്. അതിനിടെയാണ് പുതിയ യുദ്ധവിമാന കൈമാറ്റ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ബിഎഇ കരാര്‍ സംബന്ധിച്ച് പ്രസ്താവന ഇറക്കി. തങ്ങള്‍ക്ക് ഏറ്റവും മൂല്യമുള്ള പങ്കാളിയാണ് സൗദി അറേബ്യയെന്നും അവരുമായുള്ള ഇടപാടുകള്‍ക്ക് തങ്ങള്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യ സൈന്യത്തെ ആധുനിക വല്‍ക്കരിക്കുമ്പോള്‍ എല്ലാവിധ സഹായവും തങ്ങള്‍ നല്‍കും. വിഷന്‍ 2030ന്റെ ഭാഗമായി ഇനിയും ആയുധ കരാര്‍ നിലവില്‍ വരുമെന്നും കമ്പനി സൂചിപ്പിച്ചു.

സൗദിയുമായി കരാര്‍ ഒപ്പുവച്ചു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ബിഎഇയുടെ ഓഹരിയില്‍ വന്‍ മുന്നേറ്റമുണ്ടായി. കമ്പനി ഓഹരികള്‍ 2.7 ശതമാനം കുതിച്ചുയര്‍ന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബ്രിട്ടന്‍ സന്ദര്‍ശനത്തിലാണ്. അദ്ദേഹത്തിന്റെ പര്യടനം അവസാനിക്കാനിരിക്കെയാണ് കരാറില്‍ ഒപ്പുവച്ചത്. സൗദി കിരീടവകാശി ബ്രിട്ടനില്‍ എത്തിയ വേളയില്‍ ചിലര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സൗദി യമനില്‍ നടത്തുന്ന യുദ്ധം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാല്‍ ഈ പ്രതിഷേധം ബ്രിട്ടീഷ് ഭരണകൂടം ചെവികൊണ്ടില്ല എന്ന് വേണം കരുതാന്‍. യമന്‍ വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായുള്ള ചര്‍ച്ചയില്‍ വിഷയമായിരുന്നു.

ഇന്നുവരെ സൈനികര്‍ക്ക് ലഭ്യമായതില്‍ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനമാണ് ടൈഫൂണ്‍. യൂറോപ്പിലെ സൈനികര്‍ ഏറ്റവും കൂടുതല്‍ ഈ വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനമാണ് ഉപയോഗിക്കുന്നത്. യൂറോപ്പില്‍ മാത്രം 500 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വളരെ പെട്ടെന്ന് ഉയര്‍ന്നുപറക്കാനും ആക്രമണം നടത്താനും സാധിക്കുമെന്നാണ് ടൈഫൂണ്‍ യുദ്ധവിമാനങ്ങളുടെ പ്രത്യേകത. ബിഎഇ സിസ്റ്റത്തില്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ മാത്രം 5000ത്തോളം എന്‍ഞ്ചിനിയര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ, കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ്, ബ്രിട്ടീഷ് രാജകുമാരി എന്നിവരുമായും ബിന്‍ സല്‍മാന്‍ ചര്‍ച്ച നടത്തി. 6500 കോടി പൗണ്ടിന്റെ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കാന്‍ സൗദിയും ബ്രിട്ടനും ധാരണയായിട്ടുണ്ട്. വിഷന്‍ 2030ന്റെ ഭാഗമായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കരാര്‍ ഒപ്പുവയ്ക്കുക. യുദ്ധവിമാനം കൈമാറുന്നതിന് പ്രാഥമിക കരാറാണ് ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്നത്. അന്തിമ കരാര്‍ ഒപ്പുവച്ചാല്‍ മാത്രമേ വിമാനങ്ങളുടെ കൈമാറ്റം നടക്കൂ. എന്നാല്‍ ഇനി അന്തിമ കരാര്‍ ഒപ്പുവയ്ക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ നല്‍കുന്ന വിവരം. അന്തിമ കരാര്‍ ഏത് സമയവും ഒപ്പുവയ്ക്കാന്‍ സാധ്യതയുണ്ട്.

ഈ കരാര്‍ ഇനി മുടങ്ങാന്‍ സാധ്യതയില്ല എന്നു പറയാന്‍ ഒരു കാരണമുണ്ട്. സമാനമായ കരാര്‍ ഖത്തറുമായി ബ്രിട്ടന്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു. ഖത്തറുമായി പ്രാഥമിക കരാര്‍ ഒപ്പുവച്ചത് കഴിഞ്ഞ വര്‍ഷം സപ്തംബറിലായിരുന്നു. അന്തിമ കരാര്‍ ഡിസംബറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. പ്രാഥമിക കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ തന്നെ വിശദമായ ചര്‍ച്ച നടത്തും. പിന്നെ കടലാസ് പണികള്‍ക്ക് മാത്രമേ തടസങ്ങളുണ്ടാകൂ. അത് കഴിഞ്ഞാല്‍ അന്തിമ കരാര്‍ പ്രാബല്യത്തില്‍ വരും. അതുകൊണ്ടുതന്നെ വരും മാസങ്ങളില്‍ തന്നെ സൗദിയുമായി അന്തിമ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ബ്രിട്ടന്‍ സന്ദര്‍ശനം പ്രഖ്യാപിച്ച ശേഷം തന്നെ യുദ്ധവിമാനകരാര്‍ സംബന്ധിച്ച ബ്രിട്ടീഷ് നേതാക്കള്‍ വിശദമായ ചര്‍ച്ച തുടങ്ങിയിരുന്നു. കരാര്‍ ഒപ്പിടുന്നതിന് തടസമുണ്ടോ എന്നായിരുന്നു പ്രധാന ചര്‍ച്ച. എന്നാല്‍ സൗദിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നത് ഗുണം ചെയ്യുമെന്ന നിഗമനത്തിലാണ് ബ്രിട്ടീഷ് ഭരണകൂടം എത്തിയത്. സൗദിയുമായി സുരക്ഷാ കരാറുകള്‍ ഒപ്പുവയ്ക്കുന്നത് വഴി ഗള്‍ഫ് മേഖലയില്‍ സാന്നിധ്യം ഉറപ്പിക്കാം എന്നതാണ് ബ്രിട്ടന്റെ ആലോചന. അതുകൊണ്ടാണ് പ്രതിഷേധം അവഗണിച്ച് കരാര്‍ ഒപ്പുവയ്ക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. സൗദിക്ക് മാത്രമല്ല, ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും ആയുധ കാരര്‍ ഒപ്പുവയ്ക്കാന്‍ ബ്രിട്ടന് പദ്ധതിയുണ്ട്. ഇതേ കണ്ണില്‍ തന്നെയാണ് അമേരിക്കയും കാര്യങ്ങള്‍ നോക്കിക്കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button