ചെന്നൈ : ചെന്നൈയിൽ ട്രാഫിക് പൊലീസിന്റെ ക്രൂരതയിൽ ജീവൻ നഷ്ട്ടപ്പെട്ട ഉഷയുടെ മരണത്തില്‍ നടുക്കം മാറാതെ കുടുംബാംഗങ്ങൾ. ബുധനാഴ്ച വൈകിട്ടാണ് തമിഴകത്തെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തെത്തുടർന്നു ശക്തമായ പ്രതിഷേധമാണു തിരുച്ചിറപ്പള്ളിയിൽ നടന്നത്.ട്രാഫിക് പൊലീസ് എസ്ഐ ഏഴുകിലോമീറ്റർ പിന്തുടർന്നാണ് ദമ്പതികളുടെ ബൈക്കിൽ ചവിട്ടി ഗർഭിണിയായ ഉഷയെ വീഴ്ത്തുന്നത്. സംഭവത്തെ തുടര്‍ന്ന് തമിഴകത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ‘ബൈക്കിനു പിന്നിലിരുന്നതു ഭാര്യയല്ല, എന്റെ ജീവനായിരുന്നു’.
വാവിട്ടുകരഞ്ഞ് ഉഷയുടെ ഭർത്താവ് രാജ പറയുന്ന വാക്കുകളായിരുന്നു വനിതാദിനത്തിൽ തമിഴ്നാട് കേട്ടത്. അപകടം നടന്ന സ്ഥലത്ത് ചോരയിൽ കുളിച്ചുകിടന്ന ഉഷയെ മടിയിൽ ചേർത്തുപിടിക്കുന്ന രാജയുടെ ചിത്രവും ആശുപത്രിയിൽ മരണം സ്ഥിരീകരിച്ച വാർത്തയുമായി എത്തിയ ഡോക്ടറുടെ കൈയിൽനിന്നു ഭാര്യയുടെ താലിമാലയും ആഭരണങ്ങളും നിലവിളിച്ചു കൈപ്പറ്റുന്ന ദൃശ്യങ്ങളും കണ്ടുനിന്നവരെയും ദുഃഖത്തിലാഴ്ത്തി. എന്തൊരു അന്യായമാണ് ഇവിടെ നടക്കുന്നതെന്നും വികാരഭരിതനായി രാജ പ്രതികരിച്ചു.
പാപനാശം സ്വദേശിയായ രാജയും ഭാര്യ ഉഷയും സുഹൃത്തിന്റെ കല്യാണനിശ്ചയത്തിനായി തിരുച്ചിറപ്പള്ളിയിലേക്കു വന്നപ്പോഴാണു പൊലീസ് ബൈക്ക് തടഞ്ഞു പരിശോധന നടത്തിയത്. തുവാക്കുടി ടോൾ പ്ലാസയ്ക്കു സമീപം പൊലീസ് കൈകാട്ടിയെന്നും പിന്നിൽ വാഹനം വരുന്നതിനാൽ മുന്നോട്ടുനീക്കിയാണു ബൈക്ക് നിർത്തിയതെന്നും രാജ പറഞ്ഞു. പൊലീസെത്തി ആദ്യം ഷർട്ടിന്റെ കോളറിനു പിടികൂടിയശേഷം ബൈക്കിന്റെ താക്കോൽ ഊരിമാറ്റി. കൈകാണിച്ച സ്ഥലത്ത് എന്താണു വാഹനം നിർത്താതിരുന്നതെന്നു ചോദിച്ചു.
രേഖകളെല്ലാം കാട്ടിയപ്പോൾ 100 രൂപ നൽകാൻ ആവശ്യപ്പെട്ടു. രേഖകളുള്ളതിനാൽ പിഴയടയ്ക്കണോയെന്നു ചോദിച്ചപ്പോൾ ബൈക്കിന്റെ താക്കോൽ തിരികെ നൽകിയശേഷം ഉദ്യോഗസ്ഥർ മടങ്ങി. ഇതിനുശേഷം ഏഴു കിലോമീറ്റർ സഞ്ചരിച്ച തങ്ങളെ പിന്തുടർന്ന് ഇൻസ്പെക്ടർ കാമരാജൻ ബൈക്കിൽ ചവിട്ടിവീഴ്ത്തുകയായിരുന്നുവെന്നും രാജ പറഞ്ഞു.സംഭവത്തിൽ കുറ്റാരോപിതനായ എസ്ഐ കാമരാജിനെ സർവീസിൽനിന്നു പുറത്താക്കി മധ്യമേഖലാ ഐജി ഉത്തരവിറക്കി. പൊലീസ് അറസ്റ്റ് ചെയ്ത കാമരാജിനെ കോടതി റിമാൻഡ് ചെയ്തു ജയിലിലടച്ചു.
ഞാൻ പ്രണയിച്ചാണു വിവാഹം കഴിച്ചത്. ഉഷയ്ക്ക് ആദ്യമുണ്ടായ ഗർഭം അലസിപ്പോയിരുന്നു. അപകടം നടക്കുമ്പോൾ അവൾ മൂന്നുമാസം ഗർഭിണിയായിരുന്നു. പൊലീസുകാരൻ പണം ചോദിച്ചപ്പോൾ രേഖകളെല്ലാം ഉണ്ടെന്നു പറഞ്ഞു. ഒരിക്കൽക്കൂടി പണം നൽകണമെന്നു പറഞ്ഞാൽ നൽകുമായിരുന്നു. പക്ഷേ അതു ചെയ്യാതെ ഞങ്ങളെ പോകാൻ അനുവദിച്ച ശേഷം ഏഴു കിലോമീറ്റർ പിന്തുടർന്നാണ് എസ്ഐ വാഹനത്തിൽ ചവിട്ടിവീഴ്ത്തിയത്. ഈ അന്യായത്തെ ചോദ്യംചെയ്തവരെ എല്ലാം പൊലീസ് അടിച്ചോടിച്ചു. പ്രതിഷേധിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments