ജിദ്ദ : അൽഹസ്സ നഗരത്തിനു സമീപം അൽ ഉയൂൻ മണൽക്കാട്ടിൽ കാണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ രണ്ടാഴ്ചയ്ക്കു ശേഷം അൽഹസ്സയിലെ ഖബറിടത്തിൽ സംസ്കരിച്ചു. റാഷിദിയ്യ പള്ളിയിൽ നടന്ന ജനാസ നിസ്കാരത്തിനു ശേഷമായിരുന്നു ഖബറടക്കൽ. രണ്ടു പേരെയും അടുത്തടുത്താണ് ഖബറടക്കിയത്. റിസ്‌വാനയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കുഞ്ഞബ്ദുള്ള സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ക്രൂര കൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തി സമീപത്തു നിന്ന് കണ്ടെടുത്തിരുന്നു. ഇതിൽ മറ്റാരുടെയും വിരലടയാളം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
രണ്ടാഴ്ചയോളം നീണ്ട നിയമ നടപടികൾ പൂർത്തിയായതിന് ശേഷമാണ് മൃതദേഹങ്ങൾ പൊലീസ് വിട്ടുനൽകിയത്. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുല്ല (38 ), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ റിസ്വാന (30) എന്നിവരുടെ മൃതദേഹങ്ങൾ ഫെബ്രുവരി പത്തൊമ്പതിന് ദമാം–അൽഹസ്സ പാതയിലെ അൽഉയൂൻ എന്ന വിജനമായ പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു. നാട്ടിൽ നിന്ന് എത്തിയ റിസ്വാനയുടെ സഹോദരൻ ആഷിഖ്, ദുബായിൽ നിന്നെത്തിയ അമ്മാവൻ മഹ്മൂദ്, റിയാദിൽ നിന്നെത്തിയ കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരൻ കരീം അബ്ദുല്ല എന്നിവർ ഉൾപ്പെടെ വൻ ജനാവലി സംബന്ധിച്ചു.
കുഞ്ഞബ്ദുള്ള ജോലി ചെയ്തിരുന്ന ഹൈപ്പർ മാർക്കറ്റിലെ ഡയറക്ടർ നാസർ അടക്കം ജീവനക്കാരും നിരവധി സ്വദേശികളും ഖബറടക്കത്തിൽ പങ്കെടുത്തു. ജനാസയ്ക്കു ശേഷം റിസ്‌വാനയുടെ ബന്ധുക്കൾ ഉംറ നിർവഹിക്കാൻ മക്കയിലേക്ക് പോയി. കുഞ്ഞബ്ദുള്ളയുടെ ബന്ധു റിയാദിലേക്കു മടങ്ങുകയും ചെയ്തു. കുഞ്ഞബ്ദുല്ലയുടെ മൃതദേഹം അൽഹസ്സയിൽ തന്നെ സംസ്കരിക്കുമെന്നും റിസ്‌വാനയുടെ മൃതദേഹം മാതാവിന്റെ ആഗ്രഹപ്രകാരം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്നുമായിരുന്നു ആദ്യ വിവരം. ഇക്കാര്യം തീരുമാനിക്കാൻ ഹൈപ്പർമാർക്കറ്റ് അധികൃതർ റിസ്‌വാനയുടെ സഹോദരനെ നാട്ടിൽ നിന്ന് അൽഹസ്സയിൽ എത്തിക്കുകയുണ്ടായി. തുടർന്ന് തീരുമാനത്തിൽ മാറ്റമുണ്ടാവുകയായിരുന്നു.
ഇതനുസരിച്ച്, നേരത്തെ എംബസിയിൽ നൽകിയ അപേക്ഷകൾ മടക്കി വാങ്ങി തിരുത്തുകയും വീണ്ടും സമർപ്പിക്കുകയും ചെയ്തുവെന്ന് നടപടികൾക്കായി രംഗത്തുണ്ടായിരുന്നവർ വിവരിച്ചു. റിസ്‌വാനയും കുഞ്ഞബ്ദുള്ളയും നാലു വർഷം മുമ്പാണ് വിവാഹിതരാവുന്നത്. ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. രണ്ട് മാസം മുമ്പ് വിസിറ്റിങഅ വിസയിൽ എത്തിയ റിസ് വാന ഇതിനായി ദമാമിലെ ഒരാശുപത്രിയിൽചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി ആശുപത്രിയിൽ പോയി വരുമ്പോഴാണ് സംഭവം നടക്കുന്നത്. കുഞ്ഞബ്ദുള്ള സംശയ രോഗിയായിരുന്നെന്നും റിപ്പോർട്ടുണ്ട്. ഭാര്യയിലുള്ള ഈ സംശയ രോഗമാകാം കൊലപാതകത്തിലേക്കും പിന്നീട് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
Post Your Comments