Latest NewsNewsIndia

മതവികാരം വൃണപ്പെടുത്തി: ശ്രീ ശ്രീ രവിശങ്കര്‍ക്കെതിരെ കേസെടുത്തു

ഹൈദരാബാദ്•അയോധ്യ വിഷയത്തില്‍ പ്രകോപനം പ്രകോപനപരമായ പ്രസ്താവനയിലൂടെ മുസ്‌ലിം സമുദായത്തിന്റെ മതവികാരം വൃണപ്പെടുത്തിയെന്ന പരാതിയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ക്കെതിരെ കേസെടുത്തു.

മധ്യസ്ഥതയിലൂടെ അയോധ്യ തര്‍ക്കപരിഹാരത്തിന് ശ്രമിക്കുന്ന ആത്മീയ നേതാവിനെതിരെ ഹൈദരാബാദ് ആസ്ഥാനമായ ദര്‍സ്ഗഹ് ജിഹാദ് ഒ-ശഹാദത്ത് എന്ന സംഘടനയുടെ സെക്രട്ടറി സലാഹുദ്ദീന്‍ അഫാന്‍ ആണ് പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

മുസ്‌ലിം സമുദായത്തിന്റെ മതപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും മുറിവേല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ രവിശങ്കര്‍ അയോധ്യവിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയതായി പരാതിയില്‍ അഫാന്‍ അവകാശപ്പെടുന്നു.

കോടതി വിധി അയോധ്യയിലെ ക്ഷേത്രത്തിന് എതിരാണെങ്കില്‍ രാജ്യത്ത് രക്ത ചൊരിച്ചില്‍ ഉണ്ടാകുമെന്നും ഇന്ത്യയില്‍ സിറിയയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാകുമെന്നും രവിശങ്കര്‍ പറഞ്ഞതായി പരാതിയില്‍ ആരോപിക്കുന്നു.

രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രസ്താവനയെന്നും അഫാന്‍ പറഞ്ഞു.

ഐ.പി.സി 295 എ വകുപ്പ് പ്രകാരമാണ് രവിശങ്കര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സൈദാബാദ് പോലീസ് സ്റ്റേഷനിലും രവിശങ്കര്‍ക്കെതിരെ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മറ്റൊരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

നേരത്തെ, പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി രവിശങ്കര്‍ രംഗത്തെത്തിയിരുന്നു.

“അതൊരു ഭീഷണിയല്ല, കാഴ്ചപ്പാടാണ്. ഭീഷണിപ്പെടുത്തുന്നത്തില്‍ യാതൊരു കാര്യവുമില്ല. എന്റെ സ്വപ്നങ്ങളിൽ പോലും അതെനിക്ക് സങ്കൽപ്പിക്കാനാവില്ല. നമുക്ക് സമാധാനവും ഐക്യത്തിന്റെ ഒരു അന്തരീക്ഷവുമാണ് ആവശ്യം … മറ്റു രാജ്യങ്ങളിൽ നിലനിൽക്കുന്ന സാഹചര്യം ഒരിക്കലും നമ്മുടെ രാജ്യത്ത് ഉണ്ടാകാന്‍ പാടില്ല”- ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വച്ച് ശ്രീ ശ്രീ മാധ്യമങ്ങളോട് പറഞ്ഞു.

അയോധ്യ തര്‍ക്കം കോടതിയ്ക്ക് പുറത്ത് വച്ച് പരിഹരിക്കുക എന്ന ലക്ഷ്യവുമായി രവിശങ്കര്‍ നിരവധി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button