കണ്ണൂർ: പരമദരിദ്രരായ മാതാപിതാക്കള്‍ക്ക് 12,000 മുതല്‍ 15,000 വരെ രൂപ നല്‍കി വിലയ്ക്ക് വാങ്ങുന്ന കുട്ടികളെ ബാലവേലയ്ക്ക് എത്തിച്ച് ലക്ഷങ്ങള്‍ കൊയ്യുകയാണ് കേരളത്തിലും അടിമക്കച്ചവട മാഫിയ. വിശേഷിച്ച് മലബാര്‍ മേഖലയില്‍. പട്ടിണിപ്പാവങ്ങള്‍ ഏറെയുള്ള അന്യസംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളില്‍ നിന്നാണ് കുട്ടികളെ അന്തര്‍സംസ്ഥാന മാഫിയ വിലയ്ക്ക് വാങ്ങുന്നത്. ബാലവേല കുറ്റകരമാണെന്ന് അറിയാവുന്നതിനാല്‍ പൊതുജനശ്രദ്ധ പതിയാത്ത ഇടങ്ങളിലാണ് പണിയെടുപ്പിക്കുക.
ബാറുകളില്‍ വരെ കുട്ടിത്തൊഴിലാളികളുണ്ട്. അടുക്കളയിലായിരിക്കും പണി. മലബാര്‍ മേഖലയില്‍ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ മദ്യം വരെ നല്‍കി കുട്ടികളെ പണിയെടുപ്പിക്കുന്നുണ്ടെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബീഹാര്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിക്കുന്നുണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പോലുമുണ്ട്, അടിമക്കുട്ടികള്‍. പത്ത് വയസ് തികയാത്തവരും ഉള്‍പ്പെടുന്നു. അന്യസംസ്ഥാനക്കാരായതിനാല്‍ പരാതിപ്പെടാന്‍ ആരുമില്ല. അടിമക്കുട്ടികള്‍ക്കാവട്ടെ, തങ്ങളെ നിയമവിരുദ്ധമായി പണിയെടുപ്പിക്കുകയാണെന്ന് അറിയുകയുമില്ല. അടുത്തിടെ മാഹിയില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സംയുക്തമായി നടത്തിയ പരിശോധനയില്‍ കൊട്ടിയൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ സ്ഥലത്ത് നിന്ന് പതിനഞ്ചുകാരായ രണ്ട് കുട്ടികളെ കണ്ടെത്തുകയും മോചിപ്പിക്കുകയും ചെയ്തിരുന്നു.
ഒരാള്‍ ഛത്തീസ്ഗഡ് സ്വദേശിയും രണ്ടാമന്‍ ഒഡിഷ സ്വദേശിയുമാണ്. ഛത്തീസ്ഗഡുകാരനായ കുട്ടിയെ ഇനിയും തിരിച്ചയയ്ക്കാന്‍ സാധിച്ചിട്ടില്ല. നാട് എവിടെയാണെന്ന് പോലും തിരിച്ചറിയാനാവാത്ത പ്രായത്തില്‍ മാതാപിതാക്കളെ പിരിയേണ്ടി വന്നതാണ് കാരണം. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യവും സംഘര്‍ഷവും ഭയന്ന് കുട്ടികളെ ഏജന്റുമാരെ ഏല്പിക്കുന്ന മാതാപിതാക്കളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടെന്ന വിവരം അടുത്തിടെയാണ് ചൈല്‍ഡ് ലൈനിന് ലഭിച്ചത്.
മാഹിയില്‍ കണ്ടെത്തിയ കുട്ടിയെ, മാവോയിസ്റ്റ് – പൊലീസ് സംഘര്‍ഷം പതിവായ മേഖലയില്‍ നിന്ന് രക്ഷപ്പെടട്ടേ എന്നു കരുതി രക്ഷിതാക്കള്‍ ഏജന്റുമാര്‍ക്കൊപ്പം വിട്ടുവെന്നാണ് ചൈല്‍ഡ് ലൈനിന് ലഭിച്ച വിവരം. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കേരളത്തില്‍ തൊഴില്‍ തേടി എത്തുന്നുണ്ട്. അഞ്ചു വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള 45,400 കുട്ടികള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ടെന്ന് 2011-ലെ സെന്‍സസില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തെക്കന്‍ ജില്ലകളില്‍ ബാലവേല കുറയുകയും വടക്കന്‍ ജില്ലകളില്‍ കൂടുകയും ചെയ്തുവെന്നാണ് നിഗമനം. ‘ഓപറേഷന്‍ ശരണബാല്യം ‘ എന്ന പദ്ധതി ആരംഭിച്ചതാണ് തെക്കന്‍ ജില്ലകളില്‍ ബാലവേല കുറയാന്‍ കാരണമെന്ന് കരുതപ്പെടുന്നു.
Post Your Comments