മോസ്‌കോ : 2010 ലോകകപ്പിലെ സെന്‍സേഷനായിരുന്നു പോള്‍ നീരാളി. ലോകകപ്പ് മത്സരഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് പോള്‍ വാര്‍ത്തകളില്‍ ഇടം നേടി. 14 ലോകകപ്പ് മത്സര പ്രവചനങ്ങളില്‍ തെറ്റിപ്പോയത് വെറും രണ്ടെണ്ണം മാത്രമാണ്. ലോകകപ്പ് ഫൈനലില്‍ സ്‌പെയിന്റെ കിരീടധാരണം ഉള്‍പ്പെടെ കൃത്യമായി പ്രവചിച്ച പോള്‍ അക്കൊല്ലം ഒക്ടോബര്‍ 26 ന് മരണപ്പെട്ടു.
പോള്‍ നീരാളിയുടെ പിന്‍ഗാമിയായി ഇപ്പോഴുള്ളത് ഒരാടാണ്. അതെ, ഒരു സുന്ദരിയാട്. റഷ്യയിലെ സമാര സൂവിലാണ് സാബിയാക്ക എന്ന ഈ സുന്ദരിയുടെ താമസം. ഒപ്പം മത്സരിച്ച റിച്ചാര്‍ഡ് എന്ന കുറുക്കന്‍, സൈമണ്‍ എന്ന കുരങ്ങ് എന്നിവരെയൊക്കെ തോല്‍പിച്ചാണ് സാബിയാക്ക റഷ്യന്‍ ലോകകപ്പ് മത്സര പ്രവചനത്തിനൊരുങ്ങുന്നത്. മത്സരാര്‍ത്ഥികളെല്ലാം സമാര സൂവിലെ അന്തേവാസികളാണ്.
കഴിഞ്ഞ ഡിസംബര്‍ മുതലാണ് സമാര സൂവില്‍ വോട്ടിങ് നടന്നത്. മേല്പറഞ്ഞ നാല് പേരെ കൂടാതെ ഇസഡോറ എന്ന പിടക്കോഴി, ലെക്‌സസ് എന്ന ഒട്ടകം, കൊക്കോ എന്ന കീരി, മുര്‍സിക്ക് എന്ന പെരുമ്പാമ്പ് എന്നിവരാണ് വോട്ടിങ്ങില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി 13 ന് അവസാനിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ ഫൈനലിസ്റ്റുകളായി കാഴ്ച്ക്കാര്‍ തെരഞ്ഞെടുത്തത് മൂന്നു പേരെയാണ്- ആട്, കുറുക്കന്‍, കുരങ്ങ്. ഇതിനു ശേഷമാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പില്‍ സാബിയാക്ക വിജയിച്ചു.
മൂന്നു വയസ്സുകാരിയാണ് സാബിയാക്ക. ലോകകപ്പിന് മുന്‍പ് കൃത്യമായ ആരോഗ്യ പരിരക്ഷയും ഭക്ഷണക്രമവും സാബിയാക്കയ്ക്ക് ഒരുക്കാനുള്ള ശ്രമത്തിലാണ് മൃഗശാലാ അധികൃതര്‍.
Post Your Comments