ArticleLatest NewsEditorial

‘ജനാധിപത്യ വിരുദ്ധമായ’ കൊടികുത്തല്‍ സമരത്തിന്റെ രാഷ്ടീയം

കേരള സമൂഹത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് പാര്ട്ടിക്കാര്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്ന പരാതിയില്‍  പുനലൂര്‍  സ്വദേശി  സുഗതന്‍ ആത്മഹത്യ ചെയ്തത്. നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വസ്ഥമായി ജീവിതം നയിക്കാമെന്ന ആഗ്രഹവുമായി നാട്ടിലെത്തിയ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ സുഗതനാണ് ആത്മഹത്യ ചെയ്തത്. രാഷ്ട്രീയ പണപ്പിരിവിന്റെ ഹുങ്കില്‍ താനൊക്കെ നേതാക്കന്മാരാണെന്ന അഹംഭാവം പുലര്‍ത്തുന്ന നരാധമന്മാരുടെ ശല്യം സഹിക്കാന്‍ കഴിയാതെ പാര്‍ട്ടിക്കാര്‍ കൊടികുത്തിയ വര്‍ക്ക്ഷോപ്പ് മുറ്റത്ത് അയാള്‍ ആത്മഹത്യ ചെയ്തു. ഈ വിഷയം ഭരണ പക്ഷത്തെ ഒന്ന് കുലുക്കി. കാരണം ഭരണം പക്ഷത്തെ ഘടക കഷികളായ എ ഐ വൈ എഫിന്റെ നടപടികളാണ് സുഗതന്റെ ആത്മഹത്യക്ക് പിന്നില്‍.

erects-flagസംസ്ഥാനത്തിനും യുവജന സംഘടനകള്‍ക്കും ദുഷ്‌പേര് വരുത്തി വെച്ച സംഭവമാണ് സുഗതന്റെ ആത്മഹത്യയുടെ പശ്ചാത്തലമെന്നിരിക്കെ ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള എ ഐ വൈ എഫ് സമരത്തെ ന്യായീകരിക്കുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന അവിവേകമായിപ്പോയെന്നു ആര്‍ക്കും തോന്നും. അനധികൃതമായി വയല്‍ നികത്തിയ സ്ഥലത്ത് കൊടി നാട്ടാന്‍ സംഘടനക്ക് അവകാശമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എങ്കിലെന്തേ ഇത്രയും കാലം അവര്‍ കൊടിയുടെ കാര്യം മറന്നു പോയത്? നേരത്തെയും അവിടെ കെട്ടിടങ്ങള്‍ ഉയര്‍ന്നല്ലോ അതൊന്നും പാര്‍ട്ടി കാണാത്തതെന്തേ? ഒരുചോദ്യം മാത്രം സ്ഥലം നികത്തിയത് സുഗതനല്ല, അദ്ദേഹം നികത്തിയ സ്ഥലം പാട്ടത്തിനെടുക്കുകമാത്രമാണ്‌ ചെയ്തത്. എന്നിട്ടും ശിക്ഷിക്കപ്പെട്ടത് സുഗതന്‍.

എന്തിന്റെ പേരിലായിരുന്നു ഈ അതിക്രമം? ആരെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചോ!. 13 വര്‍ഷം മുമ്പ് 2005 ലാണ് സ്ഥലം മണ്ണിട്ടു നികത്തിയത്. അക്കാലത്ത് അതിനെതിരെ ആരും രംഗത്ത് വന്നിട്ടില്ല. മാത്രമല്ല ഇതിന് സമീപം മണ്ണിട്ടു നികത്തിയ ഭൂമിയില്‍ തന്നെ ഓഡിറ്റോറിയം ഉള്‍പ്പെടെ പല കെട്ടിടങ്ങളും ഉയര്‍ന്നിട്ടുണ്ട്. അന്നും ഒരു യുവജന പ്രസ്ഥാനവും പ്രതികരിച്ചില്ല. സ്ഥലം നികത്തലിനോടുള്ള എതിര്‍പ്പായിരുന്നില്ല, സുഗതനില്‍ നിന്ന് പണം പറ്റാനുള്ള സി പി ഐ നേതാക്കളുടെ സമ്മര്‍ദ തന്ത്രമായിരുന്നു സമരമെന്നും സ്വര്‍ണം പണയം വെച്ചു സുഗതന്‍ നേതാക്കള്‍ക്ക് പണം നല്‍കിയെന്നുമാണ് കുടുംബം പറയുന്നത്. എന്നിട്ടും നേതാക്കളുടെ സമ്മര്‍ദ തന്ത്രങ്ങള്‍ തുടര്‍ന്നപ്പോഴാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്നാണ് മകന്‍ സുനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വമ്പന്മാരെ തൊടാന്‍ ഭയക്കുന്ന രാഷ്ട്രീയ ശിങ്കിടികള്‍ തങ്ങളുടെ വട്ട ചിലവിനുള്ളത് ആരെയും ഊറ്റി നേടുക എന്ന് മാത്രമാണ് ചിന്തിക്കുന്നത്. അതിന്റെ പരിണിത ഫലമാണ്‌ സുഗതന്റെ ആത്മഹത്യ. വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട വിചാരണയെയും സദാചാര പോലീസിംഗിനെയുമെല്ലാം രൂക്ഷമായി വിമര്‍ശിക്കുന്നവരാണ് സി പി ഐക്കാര്‍. അവര്‍ക്കെങ്ങനെയാണ് എ ഐ വൈ എഫിന്റെ ഗുണ്ടായിസത്തെ ന്യായീകരിക്കാനാകുക?

സംസ്ഥാനത്ത് പുതിയ സംരംഭവുമായി രംഗത്തുവരുന്നവരെ അനാവശ്യ സമരങ്ങള്‍ നടത്തി തടസ്സപ്പെടുത്തുന്ന പ്രവണതയും നോക്കുകൂലി സമ്പ്രദായവും ശക്തമായി നേരിടുമെന്നു നിയമ സഭയില്‍ ചര്‍ച്ചാ വേളയില്‍ മുഖ്യമന്ത്രി പ്രതികരിച്ചത് ആശ്വസ്യമായകാര്യമാണ്. ”കൊടി ഓരോ പ്രസ്ഥാനത്തിന്റെയും വിലപ്പെട്ട സ്വത്താണ്. അതെവിടെയെങ്കിലും പോയി നാട്ടാനുള്ളതല്ല. യന്ത്രങ്ങള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ജോലിക്ക് അത് നോക്കി നില്‍ക്കുന്നവരും ഇറക്കുകൂലി വാങ്ങുന്ന പ്രവണത സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ഒരു തൊഴില്‍ സംഘടനയും ഇതിനെ അനുകൂലിക്കുന്നില്ല. ശക്തമായ നടപടികള്‍ ഇല്ലാത്തതാണ് സംസ്ഥാനത്തിന് ദുഷ്‌പേര് വരുത്തിവെക്കുന്ന ഇത്തരം മോശം പ്രവണതകള്‍ തുടരാന്‍ ഇടയാക്കുന്നതെന്നും” മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാക്കുകളില്‍ പറഞ്ഞു കൈയ്യടി വാങ്ങിയാല്‍ മാത്രം പോര, മുഖ്യമന്ത്രി നിയമ സഭയില്‍ നല്‍കിയ ഉറപ്പ് പ്രവൃത്തിപഥത്തില്‍ വരുത്തണം. പുതിയ വ്യവസായ സംരംഭങ്ങള്‍ക്കായി രംഗത്ത് വരുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് പകരം മനംമടുപ്പിക്കുന്ന വിധം സമരാഭാസങ്ങള്‍ നടത്തുന്നവരെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കേണ്ടതുണ്ട്.

അനില്‍കുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button